അഭിഭാഷക കമ്മീഷന്‍റെ നിർദേശങ്ങൾ പൊലീസ് പാലിച്ചില്ലെന്ന് കോടതിയിൽ റിപ്പോർട്ടുണ്ട്
എറണാകുളം തടിയിട്ടപറമ്പ് നടക്കാവ് പാരിയത്തുകാവിലെ ഭൂമി ഒഴിപ്പിക്കലിൽ പൊലീസിനെതിരെ പെരുമ്പാവൂർ മുൻസിഫ് കോടതി. അഭിഭാഷക കമ്മീഷന്‍റെ നിർദേശങ്ങൾ പൊലീസ് പാലിച്ചില്ലെന്ന് കോടതിയിൽ റിപ്പോർട്ടുണ്ട്. ഏപ്രിൽ 5ന് കോടതി കേസ് വീണ്ടും പരിഗണിക്കും.
ഒഴിപ്പിക്കലിനുള്ള കോടതി നിർദേശം പലതവണ ലംഘിക്കപ്പെട്ടതോടെയാണ് കോടതിയുടെ കർശന ഇടപെടലുണ്ടായത്. അടുത്ത നാലാം തീയതി വീണ്ടും ഭൂമി ഒഴിപ്പിക്കാൻ അഭിഭാഷക കമ്മീഷൻ എത്തും. സ്ഥലത്തെ വൈദ്യൂതി കണക്ഷനും കുടിവെള്ള കണക്ഷനും വിച്ഛേദിക്കണമെന്നും എസ്പിയോട് നേരിട്ട് ഹാജരാകണമെന്നും കോടതി പറഞ്ഞു.
പാരിയത്തുകാവ് കുടിയൊഴിപ്പിക്കലിലെ ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു. പാരിയത്തുകാവിലെ താമസക്കാരായ കാളിക്കുട്ടിയമ്മ, തങ്കമ്മ, രാജു എന്നിവർ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. നോട്ടീസ് നൽകാതെയാണ് കോളനിയിലെ കുടിയൊഴിപ്പിക്കൽ നടപടിയെന്നായിരുന്നു ഹർജിയിലെ വാദം.
19 ഏക്കറോളം വരുന്ന സർക്കാർ പുറംപോക്ക് ഭൂമിയിലെ രണ്ടര ഏക്കറോളം വരുന്ന സ്ഥലത്തെ സംബന്ധിച്ചാണ് നിലവിൽ തർക്കം. രണ്ടര ഏക്കറോളം വരുന്ന ഈ ഭൂമിയിലാണ് പാരിയത്തുകാവ് കോളനി സ്ഥിതി ചെയ്യുന്നത്.