യൂറോപ്പിലെ ടിക് ടോക് ഉള്ളടക്കങ്ങളെ നിയന്ത്രിക്കുന്ന ഡിജിറ്റല്‍ സർവീസസ് ആക്ട് പ്രകാരമാണ് നടപടി
റൊമേനിയയിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ പങ്കുവയ്ക്കുന്നതില്‍ നിന്ന് ടിക്ടോക്കിനെ വിലക്കി യൂറോപ്യൻ യൂണിയൻ. തെരഞ്ഞെടുപ്പില്‍ വിദേശ ശക്തികളുടെ സ്വാധീനമുണ്ടെന്ന് രാജ്യത്തെ ഉന്നത പ്രതിരോധ വിഭാഗം രേഖകള്‍ സഹിതം തെളിവുകള്‍ പുറത്തുവിട്ടതിനു പിന്നാലെയാണ് ഈ നീക്കം. യൂറോപ്പിലെ ടിക് ടോക് ഉള്ളടക്കങ്ങളെ നിയന്ത്രിക്കുന്ന ഡിജിറ്റല്‍ സർവീസസ് ആക്ട് പ്രകാരമാണ് നടപടി. തെരഞ്ഞെടുപ്പ് കേന്ദ്രീകരിച്ച് ടിക് ടോക്കില്‍ പ്രവർത്തിച്ച ആയിരത്തോളം വ്യാജ പ്രൊഫൈലുകളുടെ കാര്യത്തിൽ ടിക് ടോക് സിഇഒയില്‍ നിന്ന് യൂറോപ്യന്‍ യൂണിയന്‍ വിശദീകരണവും തേടി. നവംബർ 24നായിരുന്നു റൊമേനിയയിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ട വോട്ടിങ്.
അപ്രതീക്ഷിതമായി മുൻനിരയിലേക്ക് എത്തിയ ഒരു സ്ഥാനാർഥിയെ വിജയിപ്പിക്കാനായി റഷ്യ ഓൺലൈൻ പ്രചരണം സംഘടിപ്പിച്ചുവെന്നാണ് റൊമേനിയന്‍ ഇൻ്റലിജൻസ് വിഭാഗത്തിന്‍റെ ആരോപണം. തീർത്തും അപ്രസക്തനായിരുന്ന തീവ്ര വലതുപക്ഷ പോപ്പുലിസ്റ്റ് നേതാവ് കാലിൻ ജോർജ്ജ്സ്കു തെരഞ്ഞെടുപ്പിൻ്റെ ആദ്യ റൗണ്ടിൽ മുന്നിലേക്ക് വന്നതാണ് യൂറോപ്യൻ യൂണിയനെയും നാറ്റോ രാജ്യത്തെയും ആശങ്കയിലാക്കിയത്. ഇതിനെ തുടർന്നാണ്, കാലിന്‍ ജോർജ്ജ്സ്കുവിനെ പിന്തുണച്ച ടിക് ടോക്, ടെലിഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള ആയിരക്കണക്കിന് സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിപുലമായ വിവരങ്ങള്‍ അടങ്ങുന്ന ഇൻ്റലിജൻസ് ഫയലുകൾ പുറത്തുവിടാന്‍ പ്രസിഡൻ്റ് ക്ലോസ് ഇയോഹാനിസ് ഉത്തരവിട്ടത്. ഈ റിപ്പോർട്ടുകള്‍ പുറത്തു വന്നതിനു പിന്നാലെയാണ് വിവരങ്ങള്‍ പങ്കുവെയ്ക്കുന്നതില്‍ നിന്നും ടിക് ടോക്കിനെ വിലക്കിക്കൊണ്ട് യൂറോപ്യന്‍ യൂണിയന്‍ നടപടി സ്വീകരിച്ചത്.
Also Read: അലെപ്പോയ്ക്ക് പിന്നാലെ സിറിയയിലെ ഹമാ നഗരവും പിടിച്ചെടുത്ത് വിമതർ
അതേസമയം, യൂറോപ്യന്‍ യൂണിയന്‍റെ എക്സിക്യൂട്ടീവ് ബോഡിയായ യൂറോപ്യന്‍ കമ്മീഷനുമായി സഹകരിക്കുന്നുണ്ടെന്നും അത് തുടരുമെന്നും ടിക് ടോക് പ്രസ്താവനയിലൂടെ പറഞ്ഞു. ഉപയോക്താക്കൾക്ക് ഉള്ളടക്കം ശുപാർശ ചെയ്യുന്ന ഇൻ്റേണൽ ഡോക്യുമെൻ്റുകളും അതിൻ്റെ സിസ്റ്റങ്ങളുടെ രൂപകല്പനയും പ്രവർത്തനവും സംബന്ധിച്ച വിവരങ്ങളും ടിക് ടോക്ക് നിർബന്ധമായും സൂക്ഷിക്കണമെന്നാണ് യൂറോപ്യന്‍ കമ്മീഷൻ നല്‍കിയിരിക്കുന്ന നിർദേശം. ഡിസംബർ എട്ടിനാണ് റൊമേനിയയിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നത്.