"ദൈവത്തിന് പോലും സാധിക്കില്ല. ശരിയായ ആസൂത്രണത്തിലൂടെയും അത് നടപ്പിലാക്കുന്നതിലൂടെയും മാത്രമേ അത് സാധിക്കുകയുള്ളൂ"
ദൈവത്തിന് പോലും ഒറ്റ രാത്രി കൊണ്ട് ബെംഗളൂരുവിലെ വർധിച്ചു വരുന്ന ട്രാഫിക് പ്രശ്‌നങ്ങളും അടിസ്ഥാനസൗകര്യ പ്രശ്‌നങ്ങളും പരിഹരിക്കാനാവില്ലെന്ന കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിൻ്റെ പ്രസ്താവന വിവാദത്തിൽ. സമൂഹമാധ്യമ പ്ലാറ്റ്‌ഫോേമുകളിൽ വൻ വിമർശനമാണ് പ്രസ്താവനയെ തുടർന്ന് ശിവകുമാറിനെതിരെ ഉയരുന്നത്. നഗരത്തിൽ വർധിച്ചു വരുന്ന ട്രാഫിക് പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും, പ്രൊജക്ടുകൾ വൈകുന്നതിലും സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിനെതിരെ വലിയ തോതിൽ വിമർശനമുയരുന്നുണ്ട്.
"രണ്ടോ മൂന്നോ വർഷം കൊണ്ട് ബെംഗളൂരുവിനെ മാറ്റിയെടുക്കാൻ സാധിക്കില്ല. ദൈവത്തിന് പോലും അതിന് സാധിക്കില്ല. ശരിയായ ആസൂത്രണത്തിലൂടെയും അത് നടപ്പിലാക്കുന്നതിലൂടെയും മാത്രമേ അത് സാധിക്കുകയുള്ളൂ," ഇങ്ങനെയായിരുന്നു ഡി.കെ. ശിവകുമാറിൻ്റെ പ്രസ്താവന. റോഡ് നിർമ്മാണത്തെക്കുറിച്ചുള്ള ഒരു ശിൽപശാല ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുന്നതിനിടെ, ബെംഗളൂരു നിവാസികളും നഗര ആസൂത്രകരും മോശം ട്രാഫിക്ക്, മെട്രോ വിപുലീകരണത്തിൻ്റെ വൈകൽ, പൊതുഗതാഗതത്തിൻ്റെ അപര്യാപ്ത എന്നിവയെ കുറിച്ച് ആശങ്ക പ്രകടിപ്പിച്ചപ്പോഴായിരുന്നു ശിവകുമാറിൻ്റെ പരാമർശം.
ALSO READ: ലഹരി, പാർട്ടി, കൊലപാതകങ്ങൾ; ഒടുവിൽ ഒരു കോടിയുടെ ഹെറോയിനുമായി 'ഡൽഹി ലേഡി ഡോൺ' പിടിയിൽ
എക്കണോമിസ്റ്റും ആറിൻ ക്യാപിറ്റൽ ചെയർമാനുമായ മോഹൻദാസ് പൈ, ബെംഗളൂരുവിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലെ സർക്കാരിൻ്റെ പുരോഗതിയെ ചോദ്യം ചെയ്തുകൊണ്ട് ശിവകുമാറിൻ്റെ പ്രസ്താവനയെ വെല്ലുവിളിച്ചു. "മന്ത്രി ഡി.കെ.ശിവകുമാർ, നിങ്ങൾ ഞങ്ങളുടെ മന്ത്രിയായിട്ട് രണ്ട് വർഷമാകുന്നു! ശക്തനായ മന്ത്രിയെന്ന നിലയിൽ ഞങ്ങൾ നിങ്ങളെ അഭിനന്ദിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തു. എന്നാൽ ഞങ്ങളുടെ ജീവിതം വളരെ മോശമായിരിക്കുന്നു!" പൈ എക്സിൽ കുറിച്ചു.
പ്രധാന ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകൾ അപൂർണ്ണമായി തുടരുന്നു, നടപ്പാതകൾ മോശമായ അവസ്ഥയിലാണെന്നും പൊതുഗതാഗതം അപര്യാപ്തമാണെന്നും പൈ ആരോപിച്ചു. 5,000 പുതിയ ഇലക്ട്രിക് ബസുകൾ ഉടൻ വാങ്ങുക, വൃത്തിയുള്ളതും കൂടുതൽ നടക്കാൻ കഴിയുന്നതുമായ നഗരം, മെട്രോ വിപുലീകരണത്തിൽ മുഴുവൻ സമയവും പ്രവർത്തിക്കുക എന്നിവ ഉൾപ്പെടെയുള്ള അടിയന്തര നടപടികളും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിപക്ഷമായ ബിജെപിയും ശിവകുമാറിൻ്റെ പ്രസ്താവനയെ വിമർശിക്കുകയും സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കർണാടകയിലെ കോൺഗ്രസ് സർക്കാരിൻ്റേത് കടുത്ത കഴിവുകേടാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.