മരണപ്പെട്ട കാളിയുടെ കുടുംബത്തിന് ഉടൻ നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിനിടെ വയോധികൻ മരിച്ച സംഭവത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം ഉടൻ ചേരുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ. പ്രദേശത്ത് കൂടുതൽ ജാഗ്രത പാലിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മരണപ്പെട്ട കാളിയുടെ കുടുംബത്തിന് ഉടൻ നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അട്ടപ്പാടി റെയിഞ്ച് പുതൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വനത്തിലേക്ക് വിറക് ശേഖരിക്കാൻ പോയ ചെമ്പുവട്ടക്കാട് - സ്വർണ്ണ ഗദ്ദ ഉന്നതിയിലെ കാളി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പേരക്കുട്ടിയോടൊപ്പമായിരുന്നു കാളി വിറക് ശേഖരിക്കാൻ ഉൾക്കാടിൽ പോയത്. ഉള്‍ക്കാട്ടില്‍ പരിക്കേറ്റ് കിടന്ന കാളിയെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കോട്ടത്തറ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിദഗ്ദ ചികിത്സക്കായി കാളിയെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോയി എങ്കിലും രക്ഷിക്കാനായില്ല.
ALSO READ: വീണ്ടും ജീവനെടുത്ത് കാട്ടാന; അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ 60കാരൻ മരിച്ചു
വനം വകുപ്പിൽ ഫയർ വാച്ചറായി ജോലി ചെയ്യാറുള്ള ആളാണ് കാളി. കാടിനെ കുറിച്ച് നല്ല അറിവുള്ളയാളെന്ന നിലയിൽ അടുത്തിട നടന്ന വരയാട് കണക്കെടുപ്പിലും ജീവനക്കാരെ സഹായിച്ചിരുന്നു.മരണപ്പെട്ട കാളിയുടെ കുടുംബത്തിന് ഉടന്‍ നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രി എ.കെ. ശശീന്ദ്രൻ നിര്‍ദേശിച്ചിട്ടുണ്ട്.