കൊളംബിയയിൽ നിന്ന് യുഎസിലേക്കും കാനഡയിലേക്കും കൊക്കെയ്ൻ കടത്തിയ ആഗോള മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയാണ് ഷോൺ ഭിന്ദർ എന്നും പേരുള്ള ഷെഹനാസ് സിങ്.
എഫ്ബിഐ അന്വേഷിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ തലവൻ ഷെഹനാസ് സിങ് പിടിയിൽ. പഞ്ചാബ് പൊലീസാണ് ഇയാളെ പിടികൂടിയത്. കൊളംബിയയിൽ നിന്ന് യുഎസിലേക്കും കാനഡയിലേക്കും കൊക്കെയ്ൻ കടത്തിയ ആഗോള മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണിയാണ് ഷോൺ ഭിന്ദർ എന്നും പേരുള്ള ഷെഹനാസ് സിങ്.
2025 ഫെബ്രുവരി 26 ന് യുഎസിൽ നടത്തിയ ഓപ്പറേഷൻ്റെ പശ്ചാത്തലത്തിലാണ് ഷഹനാസിൻ്റെ അറസ്റ്റ്. ഓപ്പറേഷനിൽ ഷഹനാസ് സിങ്ങിൻ്റെ നാല് കൂട്ടാളികൾ അമേരിക്കയിൽ പിടിയിലായിരുന്നു. ബാൽ എന്ന അമൃത്പാൽ സിംഗ്, ചീമ എന്ന അമൃത്പാൽ സിംഗ്, റോമി എന്ന തക്ദീർ സിംഗ്, സാബി എന്ന സരബ്ജിത്ത് സിംഗ്, ഫ്രാങ്കോ എന്ന ഫെർണാണ്ടോ വല്ലദാരെസ് എന്നിവരാണ് അറസ്റ്റിലായത്.
ഈ ഓപ്പറേഷനിൽ, ലഹരി മാഫിയയുമായി ബന്ധപ്പെട്ട ഒന്നിലധികം വസതികളിൽ നിന്നും 391 കിലോഗ്രാം എംഡിഎംഎ, 109 കിലോഗ്രാം കൊക്കെയ്ൻ, നാല് തോക്കുകൾ എന്നിവയുൾപ്പെടെ മയക്കുമരുന്നുകളുടെയും ആയുധങ്ങളുടെയും ഒരു വലിയ ശേഖരം തന്നെ യുഎസ് അധികൃതർ പിടിച്ചെടുത്തു.
യുഎസ് നടപടിയെത്തുടർന്നാണ് ഷഹനാസ് സിങ് ഇന്ത്യയിലെത്തുന്നത്. ഈ വിവരം ലഭിച്ചതിന് പിന്നാലെ പഞ്ചാബ് പൊലീസ് അന്വേഷണം ആരംഭിക്കുകയും പിന്നാലെ ഇയാൾ പിടിയിലാവുകയുമായിരുന്നു. പഞ്ചാബ് പോലീസ് ഡിജിപിയുടെ എക്‌സ് ഹാൻഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.