പത്മകുമാര്‍ ഉന്നയിച്ച വിഷയങ്ങള്‍ സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യത്തോടെ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് രാജു എബ്രഹാം പറഞ്ഞു.
സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് പ്രതിഷേധിച്ച മുന്‍ എംഎല്‍എ എ. പത്മകുമാറുമായി കൂടിക്കാഴ്ച നടത്തി പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. പത്മകുമാര്‍ ഉന്നയിച്ച വിഷയങ്ങള്‍ സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യത്തോടെ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് രാജു എബ്രഹാം പറഞ്ഞു.
ഇത് സംഘടനാപരമായ പ്രശ്നമാണ്, അത് സംഘടനപരമായി തന്നെ ചര്‍ച്ച ചെയ്‌തേ തീരുമാനമെടുക്കാനാകൂ. അദ്ദേഹം ഉന്നയിച്ച വിഷയങ്ങള്‍ പാര്‍ട്ടിക്കകത്ത് നിന്നാണ് പരിഹരിക്കേണ്ടത്. ജില്ലാ കമ്മിറ്റി യോഗത്തില്‍ അദ്ദേഹത്തിന് പങ്കെടുക്കാം. പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രാജു എബ്രഹാം പറഞ്ഞു.
സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ വരുന്നത് പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തിലാണ്. പ്രാദേശിക പരിഗണനയില്ല. മെമ്പര്‍ഷിപ്പ് കുറവുള്ള ജില്ലയില്‍ കൂടുതല്‍ സംസ്ഥാന സമിതി അംഗങ്ങളെ പ്രതീക്ഷിക്കാനാകില്ല. പത്മകുമാറിന്റെ അഭിപ്രായങ്ങള്‍ സംഘടനാപരമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പത്മകുമാറിനെ പോലെ കഴിവുള്ളയാള്‍ പാര്‍ട്ടിക്കൊപ്പം വേണം. എംഎല്‍എയായും ദേവസ്വം ബോര്‍ഡ് പ്രസിഡണ്ടായും മികച്ച പ്രകടനം നടത്തി. കഴിഞ്ഞതവണ വീണ ജോര്‍ജ് സ്ഥാനസമിതിയില്‍ വരാത്ത വിഷയത്തില്‍ അഭിപ്രായം തേടേണ്ടത് സംസ്ഥാന സെക്രട്ടറിയോടാണെന്നും രാജു എബ്രഹാം പറഞ്ഞു.
വീണ ജോര്‍ജിനെ സംസ്ഥാന സെക്രട്ടറിയേറ്റ് സ്ഥിരം ക്ഷണിതാവായി ഉള്‍പ്പെടുത്തുകയും തന്നെ അവഗണിക്കുകയും ചെയ്തിതിലാണ് പത്മകുമാറിന്റെ പ്രതിഷേധം. തീരുമാനമറിഞ്ഞതിന് പിന്നാലെ തന്നെ പത്മകുമാര്‍ ഉച്ചഭക്ഷണത്തിന് നില്‍ക്കാതെ സമ്മേളന നഗരിയില്‍ നിന്ന് മടങ്ങുകയും വൈകാതെ പ്രതിഷേധത്തിന്റെ പരോക്ഷ സൂചന അറിയിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇടുകയും പ്രൊഫൈല്‍ ചിത്രം മാറ്റുകയും ചെയ്തു. ചതിവ്, വഞ്ചന, അവഹേളനം, 52 വര്‍ഷത്തെ ബാക്കിപത്രം, ലാല്‍ സലാം എന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ നിമിഷങ്ങള്‍ക്കകം മുന്‍ എംഎല്‍എ ഈ പോസ്റ്റ് പിന്‍വലിച്ചു.
സിപിഐഎമ്മിന്റെ 89 അംഗ സംസ്ഥാന കമ്മിറ്റിയില്‍ 18 പേര്‍ കണ്ണൂരില്‍ നിന്നുള്ളവരാണ്. കമ്മിറ്റിയില്‍ 13 പേരെയാണ് വനിതകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 17 പുതുമുഖങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കരുനാഗപ്പള്ളിയിലെ വിഷയത്തെ തുടര്‍ന്ന് സൂസന്‍ കോടിയെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കി. പി. ഗഗാറിന്‍, പി. ശ്രീരാമകൃഷ്ണന്‍ എന്നിവരെയും കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രായപരിധി നോക്കാതെയാണ് മൂന്നുപേരെയും ഒഴിവാക്കിയത്.
ഒറ്റക്കെട്ടായി പാര്‍ട്ടിയെ മുന്നോട്ട് നയിക്കാനുള്ള ദൗത്യമാണ് മുന്നിലുള്ളതെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയായി സമ്മേളനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ശേഷം എം.വി. ?ഗോവിന്ദന്‍ പറഞ്ഞത്. എല്ലാ വര്‍ഗീയ ശക്തികളെയും അതിന്റെ സൂക്ഷ്മാംശത്തില്‍ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണം. നവകേരളം സൃഷ്ടിക്കാനുള്ള വലിയ പരിപാടികളുമായാണ് ഈ സമ്മേളനം അവസാനിക്കുമ്പോള്‍ പാര്‍ട്ടി മുന്നോട്ട് പോകുന്നതെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു.