കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിനെതിരെയാണ് പരാതി
കോട്ടയത്ത് ഹോട്ടലിൽ നിന്നും വാങ്ങിയ വട്ടയപ്പത്തിൽ നിന്നും ചത്ത ഒച്ചിനെ കിട്ടിയതായി പരാതി. കല്ലറ എഴുമാൻതുരുത്ത് സ്വദേശി ശ്യാമാണ് പരാതിയുമായി രംഗത്തെത്തിയത്. കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിക്ക് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിനെതിരെയാണ് പരാതി നൽകിയത്. ശ്യാമിന്റെ മകൻ ഐസിഎച്ചിൽ ചികിത്സയിലാണ്.
ആശുപത്രിക്ക് സമീപത്തായുള്ള ബാബൂസ് ഹോട്ടലിൽ നിന്നാണ് ചായയും വട്ടയപ്പവും വാങ്ങിയത്. പകുതിയോളം കഴിച്ചശേഷം ആണ് വട്ടയപ്പത്തിനുള്ളിൽ ചത്ത ഒച്ചിനെ കണ്ടെത്തിയത്. തെളിവ് സഹിതം തിരികെ ഹോട്ടലിൽ എത്തിയെങ്കിലും സംസാരിക്കാൻ പോലും ഹോട്ടൽ ഉടമ തയ്യാറായില്ല എന്നും ശ്യാം പറയുന്നു.
ആശുപത്രി സൂപ്രണ്ടിന് ശ്യാം പരാതി നൽകിയിട്ടുണ്ട്. അതേസമയം, വട്ടയപ്പം താൻ പാകം ചെയ്യുന്നതല്ലെന്നും പുറത്തുനിന്നും വാങ്ങി വിൽക്കുന്നതാണ് എന്നുമാണ് ഹോട്ടൽ ഉടമയുടെ വിശദീകരണം.