പ്രതികളെ പരീക്ഷ എഴുതാൻ അനുവദിച്ച് കോഴിക്കോട് ബാലനീതി ബോർഡ് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഇഖ്ബാൽ നൽകിയ ഹർജിയാണ് ജസ്റ്റിസ് സി. ജയചന്ദ്രൻ മാറ്റിയത്
താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ പിതാവ് നൽകിയ ഹർജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കാൻ മാറ്റി. കേസിലെ പ്രതികളായ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയതിനെതിരെ നൽകിയ ഹർജിയാണ് മാറ്റിയത്. കുറ്റകൃത്യത്തിന്റെ തീവ്രത മനസിലാക്കാതെ കേസിലെ ഒന്ന് മുതൽ അഞ്ചു വരെയുള്ള പ്രതികളെ പരീക്ഷ എഴുതാൻ അനുവദിച്ച് കോഴിക്കോട് ബാലനീതി ബോർഡ് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഇഖ്ബാൽ നൽകിയ ഹർജിയാണ് ജസ്റ്റിസ് സി. ജയചന്ദ്രൻ മാറ്റിയത്.
ബോർഡ് പുറപ്പെടുവിച്ച ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി. പ്രതികളായ കുട്ടികളുടെ മാനസികാവസ്ഥയും ശാരീരിക ശേഷിയും മറ്റും പരിശോധിച്ചിട്ട് വേണമായിരുന്നു ഇത്തരമൊരു തീരുമാനം എടുക്കേണ്ടിയിരുന്നത്. എന്നാൽ, അതിന് പോലും കാത്ത് നിൽക്കാതെയാണ് ബോർഡിന്‍റെ ഉത്തരവുണ്ടായത്. പരീക്ഷയിൽ ചെറിയ ക്രമക്കേട് കാണിക്കുന്നവരെ പോലും മൂന്ന് വർഷത്തേക്ക് ഡീബാർ ചെയ്യാൻ നിയമമുണ്ടെന്നിരിക്കെയാണ് ഒരു വിദ്യാർഥിയെ മർദിച്ചു കൊന്ന വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ അവസരമൊരുക്കുന്നതെന്നും ഹർജിയിൽ പറയുന്നു.
ALSO READ: നാളെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ; ഇടിമിന്നലിനും സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്
ഫെബ്രുവരി 28നാണ് വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് പത്താം ക്ലാസുകാരനായ ഷഹബാസിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മാർച്ച് ഒന്നിന് പുലർച്ചയോടെയാണ് ഷഹബാസിൻ്റെ മരണം സ്ഥിരീകരിച്ചത്. സംഘർഷത്തിൽ ഷഹബാസിൻ്റെ തലയോട്ടി തകർന്നുവെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. അടിയുടെ ആഘാതത്തിൽ തലച്ചോർ ഇളകിപോയ നിലയിലായിരുന്നെന്നാണ് ഡോക്ടർമാർ പറഞ്ഞത്. കോമ സ്റ്റേജിലായിരുന്ന ഷഹബാസ് വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു.