എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചയോടെ ആയിരുന്നു അന്ത്യം
മുൻ എംഎൽഎയും സിപിഐ നേതാവുമായ പി. രാജു (73) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചയോടെ ആയിരുന്നു അന്ത്യം. കാൻസർ രോഗത്തെ തുടർന്ന് ഒരു വർഷത്തോളമായി ചികിത്സയിലായിരുന്നു. രോഗാവസ്ഥ കൂടിയതോടേ ഒരാഴ്ച മുമ്പാണ് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയാണ്. പാർട്ടി സംസ്ഥാന കൗൺസിൽ അംഗവുമായിരുന്നു. 1991 ലും 1996 ലും വടക്കൻ പറവൂരിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അവസാന കാലത്ത് പാർട്ടിയുമായി ഇടഞ്ഞ പി. രാജു പൊതുമണ്ഡലത്തിൽ സജീവമായിരുന്നു. സംസ്കാരം നാളെ പറവൂരിലെ വീട്ട് വളപ്പിൽ നടക്കും.
പി. രാജുവിന്റെ നിര്യാണത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അനുശോചനം രേഖപ്പെടുത്തി. രണ്ടുതവണ വടക്കൻ പറവൂരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മികച്ച സാമാജികനായിരുന്നു. സിപിഐ ജില്ലാ സെക്രട്ടറിയെന്ന നിലയിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്കായി അഹോരാത്രം പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.