വലതു ചെവിയുടെ മുകളിലായാണ് തലയോട്ടി തകർന്നത്. പ്രഹര ശേഷിയുള്ള ആയുധം ഉപയോഗിച്ചതിനാലാണ് തലയോട്ടി തകർന്നത് എന്നും പ്രാഥമിക വിവരം
ഷഹബാസിന്റെ മരണം തലയോട്ടി തകർന്നെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വലതു ചെവിയുടെ മുകളിലായാണ് തലയോട്ടി തകർന്നത്. പ്രഹര ശേഷിയുള്ള ആയുധം ഉപയോഗിച്ചതിനാലാണ് തലയോട്ടി തകർന്നതെന്നാണ് പ്രാഥമിക വിവരം.
നഞ്ചക്ക് പോലുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് ഷഹബാസിന് മർദനമേറ്റതെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. ഇതുപയോഗിച്ച് ഷഹബാസിൻ്റെ തലയ്ക്ക് അടിയേറ്റെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ വ്യക്തമാകുന്നത്. അടിയുടെ ആഘാതത്തിൽ തലച്ചോർ ഇളകിപോയ നിലയിലായിരുന്നെന്നും ഡോക്ടർമാർ പറഞ്ഞു.
സംഘർഷത്തിന് ശേഷം ഷഹബാസിന് പുറമെ പരിക്കുകളൊന്നുമുണ്ടായിരുന്നില്ല. വീട്ടിലെത്തിയ ഷഹബാസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും, ശക്തമായ തലവേദനയാണെന്ന് പറഞ്ഞ് വിശ്രമിക്കുകയായിരുന്നു. പിന്നീട് ഛർദിയെത്തുടർന്ന് അവശനായ ഷഹബാസിനെ ആശുപത്രിയിലെത്തിക്കുന്നത്. ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും,പിന്നീട് മെഡിക്കൽ കോളേജിലേക്കും എത്തിച്ചു. കോമ സ്റ്റേജിലായിരുന്ന ഷഹബാസ് വെൻ്റിലേറ്ററിൻ്റെ സഹായത്തോടെയാണ് പിന്നീട് ജീവൻ നിലനിർത്തിയിരുന്നത്. ഇന്ന് പുലർച്ചെ 12.30ഓടെയാണ് ഷഹബാസിൻ്റെ മരണം സ്ഥിരീകരിച്ചത്.
കടയിൽ പോവുകയായിരുന്ന ഷഹബാസിനെ സുഹൃത്തുക്കൾ ചേർന്നാണ് താമരശേരിയിലെ ട്രൈസ് ട്യൂഷൻ സെൻ്ററിലേക്ക് വിളിച്ചു കൊണ്ടുപോയത്. അവിടെ വെച്ചുണ്ടായ വാക്കുതർക്കവും, സംഘർഷവുമാണ് മരണത്തിനിടയാക്കിയത്. സംഘർഷത്തിൽ ബാഹ്യമായ പരിക്കുകൾ ഒന്നും ഇല്ലാത്തതിനാൽ ആരോഗ്യപ്രശ്നങ്ങളൊന്നും കാര്യമാക്കിയില്ല. എന്നാൽ തലയ്ക്കേറ്റ പരിക്ക് തലച്ചോറിനെ ബാധിക്കുന്ന വിധത്തിലായിരുന്നു. ആശുപത്രിയിലെത്തിയപ്പോൾ 70 ശതമാനവും പ്രതീക്ഷയ്ക്ക് വകയില്ലെന്നായിരുന്നു ഡോക്ടർമാർ അറിയിച്ചിരുന്നത്.
മരണത്തിന് പിന്നാലെ അക്രമത്തിന് കാരണക്കാരായ വിദ്യാര്‍ഥികള്‍ നടത്തിയ ഇന്‍സ്റ്റഗ്രാം സംഭാഷണങ്ങള്‍ പുറത്തുവന്നിരുന്നു. കൊല്ലാന്‍ വേണ്ടി ആസൂത്രണം ചെയ്തുവെന്നാണ് ഇവരുട സംഭാഷണത്തില്‍ നിന്നും ലഭിച്ചത്. 'ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാല്‍ കൊന്നിരിക്കും, ഓന്റെ കണ്ണൊന്ന് പോയി നോക്ക്, കണ്ണൊന്നും ഇല്ല'യെന്നാണ് കൂട്ടത്തിലെ ഒരു വിദ്യാര്‍ഥി പറഞ്ഞത്. കൂട്ടത്തല്ലില്‍ മരിച്ചു കഴിഞ്ഞാല്‍ പ്രശ്‌നമില്ലെന്നും പൊലീസ് കേസ് എടുക്കില്ലെന്നും പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ ഓഡിയോ സന്ദേശത്തിലുണ്ട്. അവന്‍ ഇങ്ങോട്ടാണ് വന്നത് കേസൊന്നും എടുക്കില്ലെന്നും, രണ്ട് ദിവസം കഴിയട്ടെയെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ സെര്‍ച്ച് ചെയ്യുന്ന കാര്യങ്ങളും ഇത്തരത്തിലൊരു അപകടം ഉണ്ടായാല്‍ അതിന്റെ നിയമവശങ്ങള്‍ എന്തൊക്കെയാണെന്നും തിരിച്ചറിഞ്ഞു കൊണ്ടാണ് ഇത്തരത്തിലൊരു ആക്രമത്തിന് ആസൂത്രണം ചെയ്തത്.
ഷഹബാസിനെ മര്‍ദിച്ചത് നഞ്ചക്ക് ഉപയോഗിച്ചാണ് മര്‍ദിച്ചതെന്ന് കൂട്ടത്തിലൊരു വിദ്യാര്‍ഥിയുടെ സന്ദേശം പുറത്തുവന്നു. തനിക്ക് ഷഹബാസിനെ കാര്യമായി മര്‍ദിക്കാന്‍ പറ്റിയില്ലെന്നും അജ്നാസ് ബാബുവിന്റെ ശബ്ദ സന്ദേശത്തില്‍ പറയുന്നു. ഷഹബാസിന് തല്ലാന്‍ അറിയില്ല. താന്‍ തൊട്ടപ്പോഴേക്കും അവന്‍ തളര്‍ന്നു പോയെന്നും സന്ദേശത്തിലുണ്ട്. കണ്ണിന് നാല് കുത്ത് കൊടുത്തപ്പോഴേക്കും ഷഹബാസ് ഇല്ലാതായെന്നും അജ്‌നാസ് ബാബു സുഹൃത്തുക്കള്‍ക്ക് അയച്ച ശബ്ദ സന്ദേശത്തിലുണ്ട്. താമരശേരിയിലെ വാടക വീട്ടിലെത്തിച്ച ശേഷം ഷഹബാസിന്റെ മൃതദേഹം തറവാട് വീട്ടില്‍ എത്തിക്കും. കെടവൂര്‍ മദ്രസയിലെ പൊതുദര്‍ശനത്തിന് ശേഷം കെടവൂര്‍ ജുമാ മസ്ജിദില്‍ ഖബറടക്കം നടക്കും.