സിപിഎം-കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് വിവാദ മദ്യക്കമ്പനിക്കു വേണ്ടി ഒന്നിച്ചാണ് നീങ്ങുന്നത് എന്നതിന് തെളിവാണെന്നും കൃഷ്ണകുമാർ പറഞ്ഞു
എലപ്പുള്ളിയിലെ മദ്യക്കമ്പനിയിൽ നിന്ന് സിപിഎമ്മും കോൺഗ്രസും കോടികൾ വാങ്ങിയെന്ന ആരോപണവുമായി ബിജെപി. വിവാദമായ ഒയാസിസ് കമ്പനിയിൽ നിന്ന് ഇരുപാർട്ടികളും കോടികൾ വാങ്ങിയെന്നാണ് ബിജെപി നേതാവ് സി. കൃഷ്ണകുമാർ ഫേസ് ബുക്കിൽ കുറിച്ചത്. സിപിഎമ്മിന് രണ്ട് കോടി രൂപ സംഭാവന നൽകിയെന്നും, മദ്യക്കമ്പനി സിപിഎം മുൻ പുതുശ്ശേരി ഏരിയ സെക്രട്ടറിക്ക് ഇന്നോവ ക്രിസ്റ്റ കാർ സംഭാവനയായി നൽകിയെന്നും കൃഷ്ണകുമാർ ആരോപിക്കുന്നു.
കോൺഗ്രസിന് ഒരു കോടി രൂപയാണ് സംഭാവന നൽകിയത്. ജില്ലയിലെ കോൺഗ്രസിൻ്റെ നേതാവിന് 25 ലക്ഷം രൂപ വ്യക്തിപരമായും കൈക്കൂലി നൽകിയിട്ടുണ്ടെന്നും കൃഷ്ണകുമാർ ആരോപിച്ചു. "ജില്ലാ കോൺഗ്രസ് നേതൃതവും അക്കൗണ്ട് വിവരങ്ങൾ പുറത്തു വിടണമെന്ന് വെല്ലുവിളിക്കുന്നു", കൃഷ്‌ണകുമാർ പറഞ്ഞു. സിപിഎമ്മിൻ്റെയും കോൺഗ്രസിൻ്റെയും പാലക്കാട് ജില്ലാ കമ്മറ്റിയുടെ അക്കൗണ്ട് വിവരങ്ങൾ പുറത്തു വിടണമെന്നും ബിജെപി വെല്ലുവിളിച്ചു.
ALSO READ: കോഴിക്കോട് പയ്യോളിയില്‍ നവവധു ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍; അസ്വാഭാവികതയെന്ന് കുടുംബം
അക്കൗണ്ടിൽ ഈ അടുത്ത ദിവസങ്ങളിൽ വന്നിരിക്കുന്ന കോടികൾ സംഭാവന,കൈക്കൂലി പണം അല്ലെ? ആരിൽ നിന്ന്, എന്തിനു സ്വീകരിച്ചു എന്നു വ്യക്തമാക്കണമെന്ന് പാർട്ടികൾ വ്യക്തമാക്കണമെന്നും കൃഷ്ണകുമാർ പറഞ്ഞു. സിപിഎം-കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് വിവാദ മദ്യക്കമ്പനിക്കു വേണ്ടി ഒന്നിച്ചാണ് നീങ്ങുന്നത് എന്നതിന് തെളിവാണ്. "രാജ്യത്തു തന്നെ ഏറ്റവും വരൾച്ചയുള്ള പ്രദേശത്ത് ജലചൂഷണം നടത്താനാണ് സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷം മദ്യക്കമ്പനിയിൽ നിന്ന് കൈക്കൂലി കൈപ്പറ്റിയിരിക്കുന്നത്. ഇരു പാർട്ടികളെയും ഞങ്ങൾ വെല്ലുവിളിക്കുന്നു. പാർട്ടിയുടെ അക്കൗണ്ട് വിവരങ്ങൾ പുറത്തു വിടണം", സി. കൃഷ്ണ കുമാർ കൂട്ടിച്ചേർത്തു.