പെൺ സുഹൃത്തിനെയും അനുജനെയും കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനായി വെഞ്ഞാറമൂട് പൊലീസ് അടുത്ത ദിവസം തന്നെ അഫാനെ കസ്റ്റഡിയിൽ വാങ്ങും.
വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാനെ കിളിമാനൂർ പൊലീസ് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി പൂജപ്പുര ജയിലിലേക്ക് മാറ്റി. കസ്റ്റഡി കാലാവധി നാളെ അവസാനിക്കുന്നതിനാലാണ് പ്രതിയെ ജയിലിലേക്ക് മാറ്റിയത്. അതേസമയം, പെൺ സുഹൃത്തിനെയും അനുജനെയും കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനായി വെഞ്ഞാറമൂട് പൊലീസ് അടുത്ത ദിവസം തന്നെ അഫാനെ കസ്റ്റഡിയിൽ വാങ്ങും.
നാലഞ്ച് വര്‍ഷമായി ഉമ്മയുടെ സാമ്പത്തിക ഇടപാട് പ്രശ്നമായിരുന്നു. കൂട്ടുക്കൊല നടന്ന ദിവസം ഷെമിയുമായി വലിയ തര്‍ക്കമുണ്ടായിരുന്നു. ഉമ്മ ഷെമിയോട് കടുത്ത പകയുണ്ടായിരുന്നതായായും, വലിയ സാമ്പത്തിക ബാധ്യതയുണ്ടാകാന്‍ കാരണം ഉമ്മയാണെന്നും അഫാന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
ലത്തീഫിനെ കൊന്നത് കുത്തുവാക്കുകളിൽ മനംനൊന്താണെന്നും അഫാൻ പൊലീസിനോട് പറഞ്ഞു. കൊലപ്പെടുത്തുന്ന സമയം ലത്തീഫിന്റെ മൊബൈലിലേക്ക് ഒരു കോൾ വന്നിരുന്നു. സംഭവ ശേഷം പുറത്തേക്കിറങ്ങി ലത്തീഫിന്റെ ഫോൺ സമീപത്തെ കുഴിയിലേക്ക് വലിച്ചെറിഞ്ഞെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
കടം തിരികെ ചോദിച്ചു വീട്ടിലെത്തുന്നവരെ ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്നതായും പ്രതി പറഞ്ഞിരുന്നു. കൊലപാതകത്തിന് തടസമായി ആരെലും വരുമോയെന്ന് ഭയന്നിരുന്നു. ആക്രമിക്കാൻ മുളകുപൊടി ഉൾപ്പെടെ കയ്യിൽ സൂക്ഷിച്ചിരുന്നു. കടം ചോദിച്ച് വീട്ടിൽ എത്താതിരിക്കാനാണ് ചിലർക്ക് കാശ് നൽകിയതെന്നും പ്രതി അഫാൻ നേരത്തെ പറഞ്ഞിരുന്നു.