വഖഫ് വിരുദ്ധ പ്രതിഷേധത്തിന്‍റെ ഭാഗമായി എസ്ഐഒ-സോളിഡാരിറ്റി സംഘടിപ്പിച്ച മാർച്ചിലെ പ്ലക്കാർഡുകള്‍ വിവാദമായിരുന്നു
വഖഫ് നിയമ ഭേദഗതിക്കെതിരായ റാലിയിൽ വിവാദ ചിത്രങ്ങൾ ഒഴിവാക്കി ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർഥിനി സംഘടന. സയ്യിദ് ഖുത്തുബിൻ്റെയും, ഹസനുൽ ബന്നയുടെയും ചിത്രങ്ങളാണ് ജിഐഒ റാലിയിൽ നിന്ന് ഒഴിവാക്കിയത്. വഖഫ് വിരുദ്ധ പ്രതിഷേധത്തിന്‍റെ ഭാഗമായി എസ്ഐഒ-സോളിഡാരിറ്റി സംഘടിപ്പിച്ച മാർച്ചിലെ പ്ലക്കാർഡുകള്‍ വിവാദമായിരുന്നു.
മാർച്ച് വിവാദമായതിനു പിന്നാലെ മറുപടിയുമായി സോളിഡാരിറ്റി രംഗത്തെത്തിയിരുന്നു. ഉപരോധസമരത്തിൽ ഉപയോഗിച്ച ചില പ്ലക്കാർഡുകളെ മുൻപിൽ വച്ച് പ്രധാന വിഷയമായ വഖഫിനെ അപ്രസക്തമാക്കാനുള്ള ശ്രമം നടക്കുന്നുവെന്നായിരുന്നു സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് തൗഫീഖ് മമ്പാടിന്‍റെ ആരോപണം. സയ്യിദ് ഖുത്തുബിനെയും ഹസനുൽ ബന്നയേയും പരാമർശിക്കാതെ ഫേസ്ബുക്ക് പോസ്റ്റ് വഴിയായിരുന്നു സോളിഡാരിറ്റിയുടെ മറുപടി.
പ്ലക്കാർഡുകളിൽ ഉണ്ടായിരുന്നത് സാമ്രാജ്യത്വ വിരുദ്ധ പോരാളികളും, വംശീയതക്കെതിരെ പോരാടിയവരുമാണെന്നായിരുന്നു സോളിഡാരിറ്റിയുടെ വിശദീകരണം. വഖഫ് ബില്ലിനെ കുറിച്ചുള്ള ചർച്ചയിൽനിന്ന് ശ്രദ്ധമാറ്റാൻ സംഘപരിവാർ കേന്ദ്രങ്ങൾ തുടങ്ങിവെച്ച ഈ ചർച്ചയ്ക്ക് തങ്ങൾ തലവെച്ചു കൊടുക്കില്ല. അതേസമയം വഖഫ് വിഷയത്തിൽ ഇതെല്ലാം ഉൾപ്പെടുത്തേണ്ടതുണ്ടായിരുന്നോ എന്ന് ഗുണകാംക്ഷയിൽ ചോദിക്കുന്ന മുസ്ലീം സമുദായത്തിൽനിന്നും മറ്റുമുള്ള ചോദ്യങ്ങളെ ഉൾക്കൊള്ളുന്നു എന്നും വിശദീകരണ കുറിപ്പില്‍ പരാമർശമുണ്ട്.
Also Read: അജിത് കുമാർ പക്കാ ക്രിമിനൽ, മുഖ്യമന്ത്രിയുടെ പോറ്റുമകൻ: പി. വി. അൻവർ
വഖഫ് നിയമത്തിനെതിരെ സോളിഡാരിറ്റിയും എസ്‌ഐഒയും സംഘടിപ്പിച്ച സമരം തങ്ങളുടെ ആശയപ്രചാരണത്തിനുള്ള വേദിയാക്കി മാറ്റിയെന്ന് വിമര്‍ശനവുമായി സമസ്ത എപി വിഭാഗം രംഗത്തെത്തിയിരുന്നു. അല്‍ ഖയ്ദ പോലുള്ള തീവ്രവാദ സംഘടനകള്‍ക്ക് പ്രചോദനം നല്‍കിയത് മുസ്ലിം ബ്രദര്‍ഹുഡ് ആണ്. കേരള ജമാഅത്തെ ഇസ്ലാമിയുടെ പ്രസാധകവിഭാഗം, മൗദൂദിയുടെ കൃതികള്‍ക്കൊപ്പം മുഹമ്മദ് ഖുത്വുബ് പോലുള്ള ബ്രദര്‍ഹുഡ് നേതാക്കളുടെ കൃതികള്‍ക്കും പ്രത്യേക പരിഗണന നല്‍കുന്നുവെന്നും സിറാജ് മുഖപ്രസംഗത്തില്‍ പറയുന്നു.
വഖഫ് ഭേദഗതി നിയമത്തിനെതിരെ വെള്ളിയാഴ്ചയാണ് കരിപ്പൂര്‍ വിമാനത്താവളം ഉപരോധിച്ചു കൊണ്ട് സോളിഡാരിറ്റിയും എസ്‌ഐഒയും പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാല്‍ പ്രതിഷേധത്തില്‍ മുസ്ലീം ബ്രദര്‍ഹുഡിന്റെയും ഹമാസിന്റെയും നേതാക്കളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയത് വിവാദമായി. ഈജിപ്തിലെ മുസ്ലീം ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഇമാം ഹസനുല്‍ ബന്ന, എഴുത്തുകാരനും മുസ്ലീം ബ്രദര്‍ഹുഡ് നേതാവുമായ സയ്യിദ് ഖുതുബ്, ഹമാസ് നേതാക്കളായ അഹമ്മദ് യാസിന്‍, യഹിയ സിന്‍വാര്‍ എന്നിവരുടെ ചിത്രങ്ങളാണ് പ്രതിഷേധത്തിനിടെ ഉയര്‍ത്തിയത്.