ബന്ദികളുടെ മോചനത്തിനും വെടിനിർത്തലിനുമായുള്ള ഈജിപ്ഷ്യൻ കരാറാണ് ഹമാസ് അംഗീകരിച്ചത്
ഗാസയിൽ പുതിയ വെടിനിർത്തൽ കരാറിന് അംഗീകാരം നൽകിയതായി ഹമാസ്. ബന്ദികളുടെ മോചനത്തിനും വെടിനിർത്തലിനുമായുള്ള ഈജിപ്ഷ്യൻ കരാറാണ് ഹമാസ് അംഗീകരിച്ചത്. ഈജിപ്ത് മുന്നോട്ട് വച്ച വെടിനിർത്തലിന് പകരമായി അഞ്ച് അമേരിക്കൻ-ഇസ്രയേലികളെ മോചിപ്പിക്കുമെന്ന് ഹമാസ് അറിയിച്ചു. ഇസ്രയേലും ഹമാസും സമ്മതിച്ചാൽ, ഈദുൽ ഫിത്തറിനോട് അനുബന്ധിച്ച് രണ്ടാമത്തെ വെടിനിർത്തൽ ആരംഭിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം.
"രണ്ട് ദിവസം മുമ്പ്, ഈജിപ്തിലെയും ഖത്തറിലെയും മധ്യസ്ഥരിൽ നിന്ന് ഞങ്ങൾക്ക് ഒരു നിർദേശം ലഭിച്ചു. ഞങ്ങൾ അത് പോസിറ്റീവായി കൈകാര്യം ചെയ്യുകയും അംഗീകരിക്കുകയും ചെയ്തു." ഹമാസ് നേതാവ് ഖലീൽ അൽ ഹയ്യാം ഒരു ടെലിവിഷൻ പ്രസംഗത്തിലൂടെ വെളിപ്പെടുത്തി.
ഹമാസ് അംഗീകരിച്ച നിർദേശം ലഭിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.
ALSO READ: ഗാസയെ കുരുതിക്കളമാക്കി ഇസ്രയേൽ; മരണസംഖ്യ അരലക്ഷം കടന്നു
ഇസ്രയേലും ഹമാസും തമ്മിൽ ഒപ്പുവച്ച ആദ്യ വെടിനിർത്തൽ കരാർ ജനുവരി 19 മുതൽ മാർച്ച് 18 വരെ മാത്രമാണ് നീണ്ടുനിന്നത്. ഇതിനുപിന്നാലെ ഗാസയിലേക്ക് വീണ്ടും ഇസ്രയേൽ ആക്രമണം ആരംഭിക്കുകയും ചെയ്തു. വെടിനിർത്തലിൻ്റെ ആദ്യ ഘട്ടത്തിൽ,ഹമാസ് 33 ബന്ദികളെ മോചിപ്പിച്ചിരുന്നു. 59 ഓളം ബന്ദികളെ ഇപ്പോഴും സംഘം കൈവശം വച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. എന്നാൽ എല്ലാവരും ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യത്തിൽ യാതൊരു വ്യക്തതയും ഇല്ല.
ഗാസയിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കിയതിന് പിന്നാലെ മരണസംഖ്യ അരലക്ഷം കടന്നുവെന്ന റിപ്പോർട്ട് ഗാസ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടിരുന്നു. വ്യോമാക്രമണത്തിന് പിന്നാലെ കരമാർഗമുള്ള ആക്രമണം കൂടിയായപ്പോൾ ആക്രമണത്തിൻ്റെ ശക്തി വർധിക്കുകയും മരണസംഖ്യ ഉയരുകയും ചെയ്തു.