ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മെത്രാപ്പോലീത്തയുടെ വിമർശനം
കോട്ടയം ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ക്രൈസ്തവ സഭയെ കുറ്റപ്പെടുത്തി യുഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത. ഷൈനിയുടെയും മക്കളുടെയും ആത്മഹത്യയിൽ പ്രധാന പ്രതി ക്രൈസ്തവ സഭ തന്നെയാണന്ന് ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻ പറഞ്ഞു. സഭയുടെ വീഴ്ച കഴിഞ്ഞേ കുടുംബങ്ങളുടെയും ഭർത്താവിന്റെയും വീഴ്ച വരുന്നുള്ളൂവെന്നുമാണ് വിമർശനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മെത്രാപ്പോലീത്തയുടെ വിമർശനം.
Also Read: ഏറ്റുമാനൂരിൽ മക്കളോടൊപ്പം ജീവനൊടുക്കിയ ഷൈനിയുടെ ഫോൺ കണ്ടെത്തി; സൈബർ വിദഗ്ധർ പരിശോധിക്കും
ഫെബ്രുവരി 28നാണ് പാറോലിക്കൽ സ്വദേശി ഷൈനിയും മക്കളായ അലീനയും(11), ഇവാനയും(10) മരിച്ചത്. തൊടുപുഴ സ്വദേശിയായ ഭർത്താവ് നോബി ലൂക്കോസുമായി വേർപിരിഞ്ഞ ഷൈനി കഴിഞ്ഞ ഒന്‍പത് മാസമായി സ്വന്തം വീട്ടിലാണ് താമസം. വിവാഹ മോചന കേസ് നടന്നുകൊണ്ടിരിക്കെയാണ് അമ്മയും മക്കളും മരണത്തിന് കീഴടങ്ങിയത്. വിവാഹമോചനത്തിനായി പല തവണ നോട്ടീസ് അയച്ചിട്ടും നോബി അത് കൈപ്പറ്റിയില്ല. ഫെബ്രുവരി 17 ന് കോടതിയിൽ വിളിച്ചിട്ടും നോബി എത്തിയില്ല. കേസ് നീണ്ടുപോകുകയാണെന്നും എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ഷൈനി സുഹൃത്തിനയച്ച ഒരു സന്ദേശത്തിൽ പറയുന്നുണ്ട്. വിവാഹമോചനത്തിന് സമ്മതമല്ലെന്നും കുട്ടികൾക്ക് ചെലവിനുള്ള പണം നൽകില്ലെന്നും നോബി ഷൈനിയെ ഫോൺ ചെയ്ത് പറഞ്ഞതായി പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. നോബിയുടെ പെരുമാറ്റത്തിൽ ഷൈനി കടുത്ത സമ്മർദത്തിലായിരുന്നു.
പള്ളിയിലേക്കെന്ന് പറഞ്ഞായിരുന്നു ഷൈനി രണ്ട് മക്കളോടൊപ്പം വീട്ടിൽ നിന്നിറങ്ങിയത്. പിന്നാലെ ട്രെയിനിന് മുന്നിൽ നിന്ന് ജീവനൊടുക്കുകയായിരുന്നു. നിർത്താതെ ഹോൺ മുഴക്കി വന്ന ട്രെയിനിന് മുന്നിൽ നിന്നും മൂവരും മാറാൻ തയ്യാറായില്ലെന്ന് ലോക്കോ പൈലറ്റ് പറയുന്നു. നഴ്സായിരുന്ന ഷൈനിക്ക് ജോലി നഷ്ടമായിരുന്നു. ജോലിക്ക് ശ്രമിച്ചിട്ടും കിട്ടാത്തതിലുള്ള മനോവിഷമവും ഷൈനിയെ അലട്ടിയിരുന്നതായി ബന്ധുക്കൾ പറയുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)