ബെയ്റൂട്ടിലെ ഇസ്രയേല്‍ ആക്രമണത്തില്‍ അഖീലിനെ കൂടാതെ 12 പേർ കൊല്ലപ്പെടുകയും 66 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു
ലെബനനിലെ ഹിസ്ബുള്ള പ്രധാന നേതാവ് കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം. ബെയ്റൂട്ടിലെ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ റദ്വാന്‍ ഫോഴ്സ് കമാന്‍ഡർ ഇബ്രാഹിം അഖീലിനെ വധിച്ചതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. വടക്കന്‍ ഇസ്രയേലില്‍ ഹിസ്ബുള്ള നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് ഇസ്രയേലിന്‍റെ തിരിച്ചടി. വടക്കന്‍ ലെബനനില്‍ 140 ഓളം റോക്കറ്റുകള്‍ ഉപയോഗിച്ച് ഹിസ്ബുള്ള ആക്രമണം നടത്തിയിരുന്നു.
ബെയ്റൂട്ടിലെ ഇസ്രയേല്‍ ആക്രമണത്തില്‍ അഖീലിനെ കൂടാതെ 12 പേർ കൊല്ലപ്പെടുകയും 66 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 1983-ൽ ബെയ്‌റൂട്ടിലെ യുഎസ് എംബസിക്ക് നേരെയുണ്ടായ ബോംബാക്രമണവുമായി ബന്ധപ്പെട്ട് യുഎസ് അന്വേഷിക്കുന്ന ഹിസ്ബുള്ളയിലെ ഉന്നത സൈനിക കൗൺസില്‍ അംഗമാണ് ഇബ്രാഹിം അഖിൽ.
Also Read: "ക്രൂരം, മനുഷ്യത്വരഹിതം"; മൃതദേഹങ്ങള്‍ മേല്‍ക്കൂരയില്‍ നിന്നും തള്ളിയിട്ട് ഇസ്രയേല്‍ സൈന്യം
ഹിസ്ബുള്ള തലവൻ ഹസ്സൻ നസ് റള്ളയുടെ കടുത്ത വിമർശനങ്ങൾക്ക് പിന്നാലെ ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ സൈന്യം ആക്രമണം കടുപ്പിച്ചിരുന്നു. നസ്റുള്ള മാധ്യമങ്ങളിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെ തെക്കൻ ലെബനനിലെ വിവിധയിടങ്ങളിൽ ഇസ്രയേൽ കഴിഞ്ഞ ദിവസം വ്യോമാക്രമണം നടത്തി. വ്യാഴാഴ്ച ബെയ്‌റൂട്ടിൽ വ്യോമസേന നടത്തിയത് മോക്ക് എയർ റെയ്ഡായിരുന്നു എന്നാണ് ഇസ്രയേൽ സൈന്യം പറഞ്ഞിരുന്നത്. ഹിസ്ബുള്ള തലവൻ ഹസ്സൻ നസ് റള്ളയുടെ പ്രസംഗം ദേശീയ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്നതിനിടെയാണ് ഇസ്രയേൽ യുദ്ധവിമാനങ്ങൾ താഴ്ന്നുപറന്നത്. സൂപ്പർ സോണിക് വിമാനങ്ങളുടെ ശബ്ദം നേതാവിൻ്റെ പ്രസംഗം കേൾക്കുന്നത് തടസപ്പെടുത്തുന്ന രീതിയിലായിരുന്നു. ഇതിനു പിന്നാലെയാണ് വെള്ളിയാഴ്ചത്തെ വ്യോമാക്രമണം.
കഴിഞ്ഞ ദിവസങ്ങളിൽ ലെബനനില്‍ തുടർച്ചയായ സ്ഫോടന പരമ്പര അരങ്ങേറിയിരുന്നു. ആദ്യം പേജറുകളും പിന്നീട് വോക്കി ടോക്കികളുമാണ് പൊട്ടിത്തെറിച്ചത്. നിലവിൽ വോക്കി-ടോക്കി അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 37ആണ്. 608 പേർക്ക് പരുക്കേറ്റതായും ആരോഗ്യമന്ത്രി ഫിറാസ് അബിയാദ് പറഞ്ഞു. ഇതിൽ 287 പേരുടെ നില ഗുരുതരമാണെന്നും ലെബനീസ് സർക്കാർ സ്ഥിരീകരിച്ചു. ആക്രമണത്തിൽ ഇസ്രയേലിന് പങ്കുണ്ടെന്നാണ് ഹിസ്ബുള്ള ആരോപിക്കുന്നത്.