ഹിസ്ബുള്ളയുടെ എലൈറ്റ് റദ്‌വാൻ തലവനായ ഇബ്രാഹിം അഖീലിനെ വധിച്ചുവെന്ന് ഇസ്രായേൽ പ്രതിരോധസേനയാണ് അറിയിച്ചത്
ലെബനനിൽ കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ളയുടെ ഓപ്പറേഷൻസ് തലവൻ ഇബ്രാഹിം അഖീല്‍ കൊല്ലപ്പെട്ടു. ഹിസ്ബുള്ളയുടെ എലൈറ്റ് റദ്‌വാൻ തലവനായ ഇബ്രാഹിം അഖീലിനെ വധിച്ചുവെന്ന് ഇസ്രയേൽ പ്രതിരോധസേനയാണ് അറിയിച്ചത്. ഇബ്രാഹിം അഖീലിനോടൊപ്പം പത്ത് കമാൻഡർമാരെയും വധിച്ചതായി ഇസ്രയേൽ പ്രതിരോധസേന അവകാശപ്പെട്ടു. ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ നടന്ന വ്യോമാക്രമണത്തിൽ 12 പേർ കൊല്ലപ്പെടുകയും, 66 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയവും അറിയിച്ചു.
READ MORE: യുദ്ധങ്ങൾക്ക് നടുവിൽ മറ്റൊരു ലോക സമാധാന ദിനം കൂടി
വടക്കന്‍ ഇസ്രായേലില്‍ ഹിസ്ബുള്ള നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് ഇസ്രായേലിന്‍റെ തിരിച്ചടി. കഴിഞ്ഞ ദിവസം ഹിസ്ബുള്ള മേധാവി ഹസൻ നസറുള്ള ഇസ്രായേലിനെതിരെ ശക്തമായ ആക്രമണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് വടക്കന്‍ ഇസ്രയേലിൽ 140ഓളം റോക്കറ്റുകള്‍ ഉപയോഗിച്ച് ഹിസ്ബുള്ള ആക്രമണവും നടത്തി. പിന്നാലെയാണ് തെക്കൻ ബെയ്‌റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണം ശക്തമാക്കിയത്.
ആരാണ് ഇബ്രാഹിം അഖീൽ?
ലെബനനിലെ ബാൽബേക്കിൽ ജനിച്ച ഇബ്രാഹിം അഖീൽ 1980കളിലാണ് ഹിസ്ബുള്ളയിൽ ചേരുന്നത്. ബെയ്റൂട്ടിലെ ഹിസ്ബുള്ള സൈനിക തലവനെ ലക്ഷ്യമിട്ട് ഇത് രണ്ട് മാസത്തിനുള്ളിൽ രണ്ടാം തവണയാണ് ഇസ്രായേൽ ആക്രമണം. ഈ വർഷം ആദ്യം ഹിസ്ബുള്ളയുടെ ഉന്നത കമാൻഡറായ ഫുവാദ് ഷുക്കറും ഹമാസിൻ്റെ നേതാവ് സാലിഹ് അൽ-അരൂരിയും കൊല്ലപ്പെട്ടിരുന്നു. ഫുവാദ് ഷുക്കറിന് ശേഷമുള്ള സായുധ സേനയുടെ രണ്ടാമത്തെ കമാൻഡറാണ് ഇബ്രാഹിം അഖീൽ. 1983ൽ 63 പേരുടെ മരണത്തിനിടയാക്കിയ ബെയ്റൂട്ടിലെ യുഎസ് എംബസിക്ക് നേരെയുണ്ടായ ബോംബാക്രമണവുമായി ബന്ധപ്പെട്ട് യുഎസ് അന്വേഷിക്കുന്ന ഹിസ്ബുള്ളയിലെ ഉന്നത സൈനിക കൗൺസില്‍ അംഗമാണ് ഇബ്രാഹിം അഖീൽ. അഖീലിനെകുറിച്ച് വിവരം നൽകുന്നവർക്ക് അമേരിക്ക ഏഴ് മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഞങ്ങളുടെ ഏറ്റവും മികച്ച കമാൻഡർമാരിൽ ഒരാൾ എന്ന് വിശേഷിപ്പിച്ചാണ് ഹിസ്ബുള്ള ഇബ്രാഹിം അഖീലിൻ്റെ മരണ വാർത്ത സ്ഥിരീകരിച്ചത്. 2015ൽ യുഎസ് ട്രഷറി വിഭാഗം തീവ്രവാദിയെന്നും, സ്റ്റേറ്റ്സ് വിഭാഗം ആഗോള തീവ്രവാദിയെന്നും മുദ്രകുത്തിയിരുന്ന അഖീൽ, ലെബനനിലും സിറിയയിലുമുണ്ടായ എല്ലാ യുദ്ധങ്ങളിലും പങ്കെടുത്തിട്ടുണ്ട്.
READ MORE: ശ്രീലങ്കയിൽ ഇന്ന് വോട്ടെടുപ്പ്; 17 ദശലക്ഷത്തിലധികം പേർ പോളിങ്ങ് ബൂത്തിലേക്ക്
ലെബനനിലെ പേജർ, വാക്കി ടോക്കി സ്‌ഫോടന പരമ്പരയോടെ ഇസ്രയേലും ഹെസ്ബുള്ളയും തമ്മിലുള്ള നേർക്കുനേർ യുദ്ധത്തിന് വഴി തുറക്കുകയായിരുന്നു. 2006-ൽ നടന്ന യുദ്ധത്തിന് ശേഷമുള്ള ഏറ്റവും രൂക്ഷമായ സംഘർഷമാണിത്. ലൈബനനിലെ അൽഖാം പള്ളിക്ക് സമീപമുണ്ടായ ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ നിരവധി കെട്ടിടങ്ങൾ നിലംപൊത്തി. മെറോണിലേക്കും, നെതുവയിലേക്കും, ലെബനൻ അതിർത്തി പ്രദേശങ്ങളിലേക്കും മൂന്ന് വ്യത്യസ്ത ആക്രമണങ്ങളിൽ 120 റോക്കറ്റുകൾ ഇസ്രായേൽ സേന തൊടുത്തുവിട്ടു. ഇസ്രായേൽ ആക്രമണങ്ങളിൽ 12 പേർ കൊല്ലപ്പെടുകയും 66 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിർത്തിയുടെ ഇരുവശത്തുമുള്ള പതിനായിരക്കണക്കിന് ആളുകൾക്ക് പലായനം ചെയ്യേണ്ടി വന്നതായാണ് റിപ്പോർട്ടുകൾ.
ജനവാസ മേഖലകൾ ലക്ഷ്യമാക്കിയുള്ള ഇസ്രായേൽ ആക്രമണങ്ങളെ ലെബനനിലെ ഇറാനിയൻ എംബസി ശക്തമായി അപലപിച്ചു. നിലവിലെ പ്രതിസന്ധികൾക്കിടയിൽ യുഎസ് പൗരന്മാരോട് ലെബനനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് വൈറ്റ് ഹൗസ് അഭ്യർത്ഥിച്ചു. ലെബനനില്‍ നിന്ന് ഇന്ത്യക്കാര്‍ ഒഴിയണമെന്ന് കഴിഞ്ഞമാസം ഇന്ത്യൻ എംബസിയും മുന്നറിയിപ്പ് നൽകിയിരുന്നു. ഏറ്റുമുട്ടലിൽ നിന്ന് ബന്ധപ്പെട്ടവർ പിൻമാറണമെന്നും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണമെന്നും യുഎൻ ആവശ്യപ്പെട്ടു.
READ MORE: പ്രതിസന്ധികൾക്കിടെ മുഖ്യമന്ത്രിക്കസേരയിലേക്ക്; അതിഷി മർലേനയുടെ സത്യപ്രതിജ്ഞ ഇന്ന്