തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് സിദ്ദീഖ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്
ബലാത്സംഗ കേസിൽ നടൻ സിദ്ദീഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലാണ് സിദ്ദീഖ് മുൻകൂർ ജാമ്യപേക്ഷ നൽകിയത്. തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം. വർഷങ്ങൾക്ക് മുമ്പ് യുവതി ഉന്നയിച്ച ആരോപണങ്ങളിൽ ബലാത്സംഗ പരാതി ഉണ്ടായിരുന്നില്ലെന്നും നടന്‍ വാദിച്ചു. തന്നെ അപമാനിക്കുകയെന്ന ലക്ഷ്യമാണ് പരാതിക്ക് പിന്നിലുളളത്. അന്വേഷണവുമായി സഹകരിക്കാമെന്നും സിദ്ദീഖ് മുൻകൂർ ജാമ്യ ഹർജിയിൽ പറയുന്നു
സിദ്ദീഖിൻ്റെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ ജസ്റ്റിസ് സി.എസ്. ഡയസ് പരിഗണിച്ചിരുന്നു. പീഡനത്തെക്കുറിച്ച് 2019 മുതൽ സാമൂഹിക മാധ്യമങ്ങളിലൂടെ യുവതി വെളിപ്പെടുത്തുന്നുണ്ടെന്ന് സർക്കാറിന് വേണ്ടി ഹാജരായ സ്‌പെഷ്യൽ ഗവ. പ്ലീഡർ പി. നാരായണൻ കോടതിയിൽ ചൂണ്ടിക്കാട്ടി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും മുമ്പ് തന്നെ സംഭവം നടന്ന മുറിയെക്കുറിച്ച് യുവതി വിശദീകരിച്ചിരുന്നു.
മുറി അത് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. മസ്‌ക്കറ്റ് ഹോട്ടലിൽ തന്നെ മാനഭംഗപ്പെടുത്തി എന്നടക്കമുള്ള നടിയുടെ ആരോപണങ്ങളെക്കുറിച്ച് സിദ്ദീഖ് പ്രതികരിച്ചിട്ടില്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി. പ്രതികൾ ശക്തരായതിനാലാണ് പരാതി നൽകാൻ വൈകിയതെന്ന് പരാതിക്കാരിയായ നടിയും വ്യക്തമാക്കി.
അതേസമയം, സിദ്ദീഖിനെതിരായ ലൈംഗികാതിക്രമക്കേസില്‍ കൂടുതൽ തെളിവുകളും സാക്ഷിമൊഴികളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. യുവനടിയുടെ മൊഴികള്‍ ശരിവെയ്ക്കുന്ന തെളിവുകൾ കണ്ടെത്തിയതായി അന്വേഷണ സംഘം അറിയിച്ചു.
അച്ഛനും അമ്മയും കൂട്ടുകാരിയും ചേർന്നാണ് ഹോട്ടലിൽ എത്തിച്ചതെന്ന പരാതിക്കാരിയുടെ മൊഴിക്കും സ്ഥിരീകരണമുണ്ട്. 2016 ജനുവരി 27ന് രാത്രി 12ന് മുറിയെടുത്ത സിദ്ദീഖ് മടങ്ങിയത് പിറ്റേന്ന് വൈകിട്ട് 5നാണ്. ഹോട്ടലിൽ താമസിച്ചതിൻ്റേയും രേഖകൾ അന്വേഷണ സംഘം കണ്ടെത്തി. ഹോട്ടൽ മുറി സംബന്ധിച്ച നടിയുടെ മൊഴികൾ ശരിയാണെന്ന് ഇതോടെ തെളിഞ്ഞു. ചോറും മീൻകറിയും തൈരുമാണ് സിദ്ദീഖ് കഴിച്ചതെന്ന നടിയുടെ മൊഴി തെളിയിക്കുന്ന ഹോട്ടൽ ബില്ലും കണ്ടെത്തിയിട്ടുണ്ട്.