ബോബി ചെമ്മണ്ണൂരിന്റെ മാനസിക നിലയുള്ള അദ്ദേഹത്തിന്റെ കൂട്ടാളികള്‍ക്കെതിരെയും പരാതികള്‍ പുറകെ ഉണ്ടാകുമെന്നും ഹണി റോസ് പോസ്റ്റില്‍ പറയുന്നു.
വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കി നടി ഹണി റോസ്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നതെന്ന് ഹണി റോസ് പങ്കുവെച്ച സോഷ്യല്‍മീഡിയ കുറിപ്പിൽ പറയുന്നു. പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്.
'ബോബി ചെമ്മണ്ണൂര്‍, താങ്കള്‍ എനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കതെിരെ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്,' പോസ്റ്റില്‍ പറയുന്നു.
ബോബി ചെമ്മണ്ണൂരിന്റെ മാനസിക നിലയുള്ള അദ്ദേഹത്തിന്റെ കൂട്ടാളികള്‍ക്കെതിരെയും പരാതികള്‍ പുറകെ ഉണ്ടാകുമെന്നും ഹണി റോസ് പോസ്റ്റില്‍ പറയുന്നു. താങ്കള്‍ താങ്കളുടെ പണത്തിന്റെ ഹുങ്കില്‍ വിശ്വസിക്കൂ, ഞാന്‍ ഭാരതത്തിലെ നിയമവ്യവസ്ഥയുടെ ശക്തിയില്‍ വിശ്വസിക്കുന്നു എന്നും പോസ്റ്റില്‍ പറയുന്നു.
ഒരു വ്യവസായി തനിക്കെതിരെ നിരന്തരമായി അശ്ലീല പരാമര്‍ശങ്ങള്‍ നടത്തുന്നതായി ഹണി റോസ് കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ചിരുന്നു. നിയമവിദഗ്ധന്റെ നിര്‍ദേശം അനുസരിച്ചാണ് പേര് പറയാത്തതെന്നും നടി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബോബി ചെമ്മണ്ണൂരിന്റെ പേര് പറഞ്ഞുകൊണ്ട് നടി രംഗത്തെത്തിയത്.
തനിക്കെതിരെ ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തി ഒരാള്‍ നിരന്തരമായി അപമാനിക്കുന്നെന്നായിരുന്നു ആദ്യം ഹണി റോസ് പരസ്യമായി പങ്കുവെച്ച പോസ്റ്റ്. തന്റെ പിറകെ നടന്ന് ഉപദ്രവിക്കുകയായിരുന്ന വ്യക്തിക്കെതിരെയാണ് പോസ്റ്റിട്ടത് എന്ന് ഹണി റോസ് ന്യൂസ് മലയാളത്തോട് പറഞ്ഞിരുന്നു.
ഇനിയും ഉപദ്രവം തുടര്‍ന്നാല്‍ തീര്‍ച്ചയായും പരാതി നല്‍കും. അയാള്‍ പങ്കെടുക്കുന്ന പരിപാടികളില്‍ പങ്കിടുക്കില്ലെന്ന് അറിയിച്ചതോടെയാണ് ഉപ്രദവം ആരംഭിച്ചതെന്നും ഹണി റോസ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
കുറച്ചുനാളുകയായി തനിക്കും കുടുംബത്തിനുമുണ്ടായ മോശം അനുഭവം മൂലമാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. നിരവധി തവണ ഇക്കാര്യം വ്യക്തിയോട് സൂചിപ്പിച്ചിരുന്നു. ആദ്യ പരിപാടി കഴിഞ്ഞ ഉടന്‍ തന്നെ ഇയാളോട് കാര്യം പറഞ്ഞിരുന്നു. ഇന്ത്യയില്‍ ഒരാള്‍ക്കും ഇത്തരം അവസ്ഥയിലൂടെ കടന്നു പോകേണ്ട ആവശ്യമില്ലെന്നും എന്ത് തോന്നിവാസവും വിളിച്ചുപറയാമെന്ന ചിന്ത ആര്‍ക്കുമുണ്ടാവരുതെന്നും ഹണി റോസ് ന്യൂസ് മലയാളത്തോട് പറഞ്ഞു.
അതേസമയം സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചെന്ന ഹണി റോസിന്റെ പരാതിയില്‍ ഒരാള്‍ അറസ്റ്റിലായി. കുമ്പളം സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. നടി എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 30 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൂടുതല്‍ അറസ്റ്റുണ്ടാവുമെന്ന് പൊലീസ് അറിയിച്ചു.