സ്റ്റാൻഡ് ന്യൂസ് മുൻ ചീഫ് എഡിറ്റർ ചുങ് പുയി-കുന്നിനും മുൻ ആക്ടിങ് ചീഫ് എഡിറ്റർ- പാട്രിക് ലാമിനും എതിരെയാണ് നടപടി.
ജനാധിപത്യ പ്രക്ഷോഭത്തെ അനുകൂലിച്ച് പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ പേരില്‍ മാധ്യമപ്രവർത്തകർക്ക് തടവുശിക്ഷ വിധിച്ച് ഹോങ്കോങ്. സ്റ്റാൻഡ് ന്യൂസ് മുൻ ചീഫ് എഡിറ്റർക്കും മുൻ ആക്ടിങ് ചീഫ് എഡിറ്റർക്കുമെതിരെയാണ് നടപടി. ചൈനയുടെ അധികാര കയ്യേറ്റ നടപടികളെയും പൗരാവകാശ ലംഘനങ്ങളെയും കുറിച്ചുള്ള റിപ്പോർട്ടുകളുടെ പേരിലാണ് ഇരുവർക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. സ്റ്റാൻഡ് ന്യൂസ് മുൻ ചീഫ് എഡിറ്റർ ചുങ് പുയി-കുന്നിനും മുൻ ആക്ടിങ് ചീഫ് എഡിറ്റർ- പാട്രിക് ലാമിനും എതിരെയാണ് നടപടി.
2014 മുതല്‍ സ്വതന്ത്ര മാധ്യമപ്രവർത്തന രംഗത്തുണ്ടെങ്കിലും 2019 ലെ മഴവില്‍ മുന്നേറ്റം എന്നറിയപ്പെടുന്ന ജനാധിപത്യ പ്രക്ഷോഭകാലത്താണ് ഓണ്‍ലൈന്‍ വാർത്താ മാധ്യമമായ സ്റ്റാന്‍ഡ് ന്യൂസ് വ്യാപക പ്രചാരം നേടുന്നത്. അന്വേഷണ റിപ്പോർട്ടിങ്ങിലൂടെയും ഗവേഷക ലേഖനങ്ങളിലൂടെയും പ്രക്ഷോഭങ്ങളില്‍ ഇടപെട്ട സ്റ്റാന്‍ഡ് ന്യൂസ് ഫേസ്ബുക്ക് ലൈവ് സ്ട്രീമിംഗിലൂടെ ദൃശ്യമാധ്യമമെന്ന നിലയിലും സ്വാധീനമുറപ്പിച്ചു.
2019 ലെ യൂന്‍ ലോങ് റെയില്‍വേ സ്റ്റേഷന്‍ ആക്രമണത്തിനിടെ സ്റ്റാന്‍ഡ് ന്യൂസ് റിപ്പോർട്ടർ ഗ്വനത്ത് ഹോ ക്രൂരമർദ്ദനത്തിനിരയായി. ജനകീയ സമരക്കാരെ അടിച്ചമർത്താനെത്തിയ അജ്ഞാത സംഘത്തിന്‍റെ ആക്രമണത്തില്‍ കൈയില്‍ നിന്ന് ചോരയൊഴുകിയിട്ടും റിപ്പോർട്ടിങ് നിർത്താതെ അവർ ഫേസ്ബുക്കിലൂടെ ലൈവ് സ്ട്രീമിങ് തുടർന്നു. ഹോങ്കോങ് സമരചരിത്രത്തിലെ നിർണായക ഏടായി മാറിയ സംഭവം പുറത്തെത്തിച്ച മാധ്യമപ്രവർത്തകയെ മാസങ്ങള്‍ക്കകം അറസ്റ്റുചെയ്ത് വിചാരണ ചെയ്താണ് ചൈനീസ് ഭരണകൂടം പ്രതികാരം വീട്ടിയത്.
പിന്നീട് തായ് പോയിലെ ജാഡ പ്ലാസയില്‍ അരങ്ങേറിയ വെടിവെയ്പ്പ്, മോങ് കോക്കിലെ പൊലീസ് -ജനകീയ ഏറ്റുമുട്ടല്‍ എന്നീ സുപ്രധാന സംഭവങ്ങളുടെ റിപ്പോർട്ടിങ്ങിനിടെ സ്റ്റാന്‍ഡ് ന്യൂസ് മാധ്യമപ്രവർത്തകരെ പൊലീസ് സായുധമായി ആക്രമിച്ചു. ചിത്രീകരണത്തിനുപയോഗിച്ച മൊബൈല്‍ ഫോണുകള്‍ തകർത്തു.
ALSO READ : രാജ്യദ്രോഹക്കുറ്റം: ഹോങ്കോങ്ങിൽ രണ്ട് മാധ്യമപ്രവർത്തകരെ ജയിലിലടച്ചു
2021 അവസാനത്തോടെ പ്രമുഖ മാധ്യമങ്ങള്‍ ഓരോന്നായി അടച്ചുപൂട്ടലിലേക്ക് നീങ്ങിയതോടെ- അഭിപ്രായ സ്വാതന്ത്ര്യം വിലങ്ങണിയുകയാണെന്ന പ്രഖ്യാപനത്തോടെ സ്റ്റാന്‍ഡ് ന്യൂസ് മുഖപ്രസംഗങ്ങളുടെ പ്രസിദ്ധീകരണം നിർത്തിവെച്ചു. വായനക്കാരുടെ പണം പാഴായിപ്പോകരുതെന്ന പ്രഖ്യാപനത്തോടെ പ്രതിമാസ സബ്സ്‌ക്രിപ്ഷന്‍ പിന്‍വലിച്ചു. പിന്നാലെ എട്ടംഗ എഡിറ്റോറിയലിലെ 6 പേര്‍ കൂട്ടത്തോടെ രാജിവെച്ചു.
2021 ഡിസംബർ 29ന് ഇരുനൂറോളം വരുന്ന പൊലീസ് സേന സ്റ്റാന്‍ഡ് ന്യൂസ് ഓഫീസില്‍ ഇരച്ചുകയറി, 7 മാധ്യമപ്രവർത്തകരെ ശാരീരികമായി കീഴ്‌പ്പെടുത്തി അറസ്റ്റു ചെയ്യുന്നതടക്കമുള്ള നാടകീയമായ സംഭവങ്ങളാണ് അന്ന് അരങ്ങേറിയത്. പൊലീസ് വലയത്തില്‍ വാർത്താപ്ലാറ്റ്ഫോമിലെ എല്ലാ ഉള്ളടക്കവും പൂർണ്ണമായി നീക്കേണ്ടിവന്നു ജീവനക്കാർക്ക്. സ്റ്റാന്‍ഡ്ന്യൂസിന്‍റെ എല്ലാ അക്കൗണ്ടുകളും മരവിക്കപ്പെട്ടു. അന്നുരാത്രി തന്നെ ഫേസ്ബുക്കിലൂടെ സ്റ്റാന്‍ഡ്ന്യൂസ് അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചു.
അതിനും മൂന്ന് വർഷങ്ങള്‍ക്ക് ശേഷമാണ് സ്റ്റാൻഡ് ന്യൂസ് മുൻ ചീഫ് എഡിറ്റർ ചുങ് പുയി-കുന്നിനും മുൻ ആക്ടിങ് ചീഫ് എഡിറ്റർ- പാട്രിക് ലാമിനുമെതിരായ നിർണായക രാജ്യദ്രോഹ കേസില്‍ വിധിവരുന്നത്. 55 കാരനായ ചുങ് പുയി-കുന്നിനെ 21 മാസത്തേക്കും, പാട്രിക് ലാമിനെ 11 മാസത്തേക്കുമാണ് ശിക്ഷിച്ചത്. ലാമിനെ ആരോഗ്യപ്രശ്നങ്ങള്‍ പരിഗണിച്ച് ശിക്ഷയില്‍ നിന്ന് മോചിപ്പിച്ചു. ചുങ് പുയി-കുന്‍ വിചാരണകാലാവധി കഴിച്ചുള്ള 10 മാസം ശിക്ഷയനുഭവിക്കണം.
രണ്ടു പതിറ്റാണ്ടു മുന്‍പ് 18-ാം റാങ്കില്‍ ആയിരുന്ന ഹോങ്കാങില്‍ മാധ്യമ സ്വാതന്ത്ര്യം ഇന്നിപ്പോള്‍ 135-ാം റാങ്കിലേക്ക് കൂപ്പുകുത്തി. തെരഞ്ഞെടുക്കപ്പട്ട ജനപ്രതിനിധികളെ നീക്കിയും, ജനാധിപത്യ പ്രക്ഷോഭകരെ രാജ്യവിരുദ്ധരായി മുദ്രകുത്തിയും മാധ്യമ സ്വാതന്ത്രത്തില്‍ സെന്‍സറിങ് ഏർപ്പെടുത്തിയുമുള്ള ചൈനീസ് ഇടപെടലുകള്‍ ജനാധിപത്യത്തിലേക്കുള്ള ഹോങ്കോങ്ങിന്‍റെ പരിവർത്തനമെന്ന പ്രതീക്ഷ അപകടത്തിലാക്കുന്നതാണ്.