പന്ത്രണ്ടും പതിനാലും വയസ്സുള്ള മക്കളുടെ മുന്നില്‍വെച്ചായിരുന്നു മനോജ് റീനയെ കൊലപ്പെടുത്തിയത്.
പത്തനംതിട്ട റീന കൊലക്കേസില്‍ പ്രതിക്ക് ജീവപര്യന്തം. ഭര്‍ത്താവ് മനോജാണ് കേസിലെ പ്രതി. ജീവപര്യത്തിനു പുറമേ 2 ലക്ഷം രൂപ പിഴയും ഒടുക്കണം. ഈ തുക സാക്ഷികളായ മക്കള്‍ക്ക് നല്‍കാനും കോടതി ഉത്തരവിട്ടു. പിഴ അടച്ചില്ലങ്കില്‍ പ്രതിയുടെ സ്വത്തുക്കളില്‍ നിന്നും ഈടാക്കാനും ഉത്തരവുണ്ട്.
പത്തനംതിട്ട അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ജി. പി. ജയകൃഷ്ണന്‍ ആണ് ശിക്ഷ വിധിച്ചത്. വിധിയില്‍ തൃപ്തിയുണ്ടെന്ന് പബ്ലിക് പ്രോസിക്യുട്ടര്‍ ഹരിശങ്കര്‍ പ്രസാദ് പറഞ്ഞു. 2014ലായിരുന്നു കേസിനാസ്പദമായ സംഭവം. സംശയത്തെ തുടര്‍ന്ന് റീനയെ ഭര്‍ത്താവ് മനോജ് ഇഷ്ടികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Also Read: ചേര്‍ത്തലയിലെ വീട്ടമ്മയുടെ മരണം: തലയ്ക്കു പിന്നില്‍ ക്ഷതമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
2014 ഡിസംബര്‍ 28 ന് രാത്രിയാണ് പഴവങ്ങാടി ചക്കിട്ടാംപൊയ്ക തേറിട്ടമട മണ്ണൂരേത്ത് വീട്ടില്‍ റീനയെ ഭര്‍ത്താവ് ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് കൊന്നത്. റീനയോടുള്ള സംശയത്തെ തുടര്‍ന്നായിരുന്നു കൊലപാതകം. സംഭവ ദിവസം രാത്രി ആശാ പ്രവര്‍ത്തകയായിരുന്ന റീനയ്ക്ക് ഒരു ഫോണ്‍ കോള്‍ വന്നിരുന്നു. ഇതിനെ തുടര്‍ന്ന് ഭര്‍ത്താവ് മനോജുമായി വഴക്കുണ്ടായി. വഴക്കിനെ തുടര്‍ന്ന് റീനയും അമ്മയും പഞ്ചായത്തംഗത്തിന്റെ വീട്ടിലേക്ക് ഓടിയെത്തി. പഞ്ചായത്തംഗം മനോജിനെ വിളിച്ചു വരുത്തി പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ത്ത് മൂന്ന് പേരെയും തിരിച്ചയച്ചു.
എന്നാല്‍, രാത്രി ഒരു മണിയോടെ വീണ്ടും വഴക്കുണ്ടായി. വീട്ടില്‍ നിന്നും ഇറങ്ങി ഓടിയ റീനയെ മനോജ് ഇഷ്ടികയെടുത്ത് എറിയുകയും വീല്‍സ്പാനര്‍ കൊണ്ട് അടിക്കുകയും ചെയ്തു. തല ഓട്ടോറിക്ഷയുടെ കമ്പിയിലും തറയിലും ഇടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ റീന കോട്ടയം മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണപ്പെടുന്നത്. പന്ത്രണ്ടും പതിനാലും വയസ്സുള്ള മക്കളുടെ മുന്നില്‍വെച്ചായിരുന്നു മനോജ് റീനയെ മര്‍ദിച്ച് കൊലപ്പെടുത്തിയത്.
റാന്നി സിഐ ആയിരുന്ന ടി. രാജപ്പനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്. റീനയുടെ അമ്മയും രണ്ട് മക്കളുമായിരുന്നു കേസിലെ ദൃക്‌സാക്ഷികള്‍. കേസിന്റെ വിചാരണ ആരംഭിക്കുന്നതിന് മുമ്പ് 2020 ല്‍ റീനയുടെ അമ്മ മരിച്ചു. മക്കളുടെ മൊഴിയുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. 25 സാക്ഷികളെ വിസ്തരിച്ചു. 13 തൊണ്ടിമുതല്‍ ഹാജരാക്കി.