സംഭവത്തിൽ ഭർത്താവ് സോണിക്കെതിരെ പൊലീസ് മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. സജിയെ മർദിച്ചത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ആയിരുന്നില്ലെന്നാണ് സോണി പൊലീസിന് നൽകിയ മൊഴി
ആലപ്പുഴ ചേർത്തലയിൽ മരിച്ച സജിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. തലയ്ക്ക് ക്ഷതമേറ്റതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തൽ. തലയ്ക്ക് പിന്നിൽ പൊട്ടലുണ്ട്. അമ്മയുടേത് അപകടമരണമല്ലെന്നും അച്ഛന്റെ ആക്രമണത്തിൽ സംഭവിച്ചതാണെന്നുമുള്ള മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കല്ലറ തുറന്ന് പോസ്റ്റുമോർട്ടം നടത്തിയത്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലായിരുന്നു പോസ്റ്റ്‌മോർട്ടം നടന്നത്.
അമ്മയുടേത് അപകടമരണമല്ലെന്നും അച്ഛന്റെ ആക്രമണത്തിൽ സംഭവിച്ചതാണെന്നുമുള്ള മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിജിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്തത്. തലയ്ക്ക് പിന്നിലെ മുറിവാണ് മരണത്തിന് കാരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. മകളുടെ മൊഴിയെ സാധൂകരിക്കുന്ന തരത്തിലാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തലയ്ക്കേറ്റ ക്ഷതവും ആന്തരിക രക്തസ്രാവവും മരണത്തിന് കാരണമായി എന്നാണ് പോസ്റ്റ്മോർട്ടത്തിലെ നിഗമനം. മര്‍ദനമേറ്റ് ഒരു മാസമായി ചികിത്സയിലിരിക്കെയായിരുന്നു ചേര്‍ത്തല സ്വദേശി വി.സി. സജിയുടെ മരണം. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായതോടെയാണ് പരാതിയുമായി മകള്‍ പൊലീസിനെ സമീപിച്ചത്.
സംഭവത്തിൽ ഭർത്താവ് സോണിക്കെതിരെ പൊലീസ് മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ 304ാം വകുപ്പ് പ്രകാരമാണ് കേസ്. ഭർത്താവ് സോണിയുടെ അറസ്റ്റ് ചേർത്തല പൊലീസ് രേഖപ്പെടുത്തും. സജിയെ മർദിച്ചത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ആയിരുന്നില്ലെന്നാണ് സോണി പൊലീസിന് നൽകിയ മൊഴി.
ജനുവരി മാസം എട്ടാം തീയതി രാത്രിയാണ് മദ്യപിച്ചെത്തിയ ഭര്‍ത്താവ് സോണിയും സജിയുമായി വഴക്കുണ്ടാകുന്നത്. സോണിയുടെ മര്‍ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സജിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വീടിനകത്ത് കാല്‍ വഴുതിവീണ് പരിക്കേറ്റന്നായിരുന്നു ഒപ്പം ഉണ്ടായിരുന്ന മകള്‍ ഡോക്ടര്‍മാരോട് പറഞ്ഞത്. ഒരു മാസത്തോളം ചികിത്സയിലിരിക്കേ ഫെബ്രുവരി ഒമ്പതാം തീയതി സജി മരണത്തിന് കീഴടങ്ങി. സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷമാണ് മകള്‍ ബന്ധുക്കളോട് സജിയെ സോണി മര്‍ദിച്ചിരുന്ന കാര്യം പറയുന്നത്. തുടര്‍ന്ന് ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കി.
പ്രേമിച്ച് വിവാഹിതരായ സജിയും സോണിയും തമ്മില്‍ കുറച്ചു നാളുകളായി കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. എട്ടാം തീയതി ഉണ്ടായ വഴക്കില്‍ സോണി ഭാര്യയെ ക്രൂരമായി മര്‍ദിക്കുകയും തല ഭിത്തിയില്‍ പല തവണ ഇടിപ്പിക്കുകയും ചെയ്തുവെന്നാണ് മകളുടെ മൊഴി. സോണിയുടെ സ്ത്രീസൗഹൃദങ്ങൾ ചോദ്യം ചെയ്തതിനായിരുന്നു ക്രൂരമർദനം. പരാതിയുടെ അടിസ്ഥാനത്തില്‍ അസ്വഭാവിക മരണത്തിന് കേസെടുത്ത പൊലീസ്, റവന്യു വകുപ്പിന്റെ അനുമതി വാങ്ങിയാണ് മൃതദേഹം കല്ലറയില്‍ നിന്നു പുറത്തെടുത്തത്.