ക്രിക്കറ്റ് താരത്തിൽ നിന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രിയായ ഇമ്രാൻ ഖാന്‍റെ ഉയർച്ചയും വീഴ്ചയും
ഇമ്രാൻ ഖാൻ
പാകിസ്താന്‍ പ്രധാനമന്ത്രി പദം ഒരു മുള്‍ക്കിരീടമാണ്. വേദനിക്കേണ്ടി വരും, രക്തമൊഴുക്കേണ്ടി വരും, കല്ലേറ് കൊള്ളേണ്ടി വരും. പക്ഷെ പ്രതിഫലമായി ലഭിക്കുന്നത് ഒരു ജനതയെ 'അടക്കി' ഭരിക്കുവാനുള്ള അവകാശമായിരിക്കും. അത് ശരിക്കും ആസ്വദിച്ചവരാണ് മിക്ക പാകിസ്ഥാൻ ഭരണാധികാരികളും. അതിനുള്ള ശേഷിയില്ല എന്ന് സൈന്യത്തിന് തോന്നിയാൽ അട്ടിമറിയിലൂടെ ഇത്തരക്കാരെ പുറത്താക്കാനും ശിക്ഷിക്കാനും അവർ മടിക്കാറില്ല. ഈ കൺകെട്ടുകൾക്കിടയിൽ സ്തബ്ധരായി ജനങ്ങളും. എന്നാൽ ഇമ്രാൻ ഖാനു വേണ്ടി തെരുവിലിറങ്ങാൻ അവർ മടിച്ചില്ല. എതിർ പക്ഷത്ത് സൈന്യമാണ് എന്ന തിരിച്ചറിവുണ്ടായിട്ടു കൂടി അവർ അതിനു മുതിർന്നത് ഇമ്രാൻ എന്ന മനുഷ്യൻ നൽകിയ പ്രതീക്ഷകൾ കാരണമാണ്.
ഇമ്രാൻ ഖാൻ , മുന്നൂറ് വിക്കറ്റുകൾ നേടിയ ആദ്യ പാക് ബൗളർ. 1992 ൽ പാകിസ്താന്‍ വിജയിച്ച ക്രിക്കറ്റ് ലോകകപ്പ് ടീമംഗം. ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം സാമൂഹിക സേവനത്തിൽ ശ്രദ്ധ കൊടുത്ത ഇമ്രാൻ 2018 ൽ പാക് പ്രധാനമന്ത്രി പദത്തിൽ വരെ എത്തി. ഇമ്രാനെ ആ പദവിയിലേക്ക് എത്തിച്ചു എന്ന് വേണം പറയാൻ. അതിൽ മൂന്നു കൂട്ടർക്കാണ് പങ്കുള്ളത് - പട്ടാളം, ജനങ്ങൾ പിന്നെ ജനറൽ പർവേസ് മുഷ്റഫും.
മുഷറഫിന്‍റെ ജനങ്ങള്‍
പാകിസ്താനിലെ ഭൂരിപക്ഷം ജനങ്ങളും ജനറൽ പർവേസ് മുഷ്റഫിനെ എതിർക്കുകയും വെറുക്കുകയും ചെയ്തിട്ടും ഒരു നിയോജക മണ്ഡലം മാത്രം തങ്ങളുടെ ജനറലിനെ ചേർത്തു പിടിച്ചു. അവർ മുഷ്റഫിൽ കണ്ടത് കാക്കി യൂണിഫോമണിഞ്ഞ ബോധോദയം നേടിയ ഒരു സര്‍വാധികാരിയെയാണ് . അരാഷ്ട്രീയ ചിന്താഗതി വെച്ചു പുലർത്തുന്ന ഒരു ജനവിഭാഗമാണ് ഇവിടെയുള്ളത്. അവർ ജനറലിന്‍റെ നവ ലിബറൽ നയങ്ങളുടെ ഉപഭോക്താക്കളായിരുന്നു. ഒരു നേതാവിൽ നിന്നും അവർ ആഗ്രഹിച്ച കരുതൽ മുഷ്റഫിൽ നിന്നും ലഭിച്ചു. അല്ലെങ്കിൽ അത്തരത്തിലൊരു തോന്നൽ നിലനിർത്തുന്നതിൽ അദ്ദേഹം വിജയിച്ചു. 2006നു ശേഷമുണ്ടായ സാമ്പത്തിക തകർച്ച കാലത്തു മാത്രമാണ് ഇവർക്ക് തങ്ങളുടെ നേതാവിൽ അല്പം ആത്മവിശ്വാസക്കുറവ് അനുഭവപ്പെട്ടത്. ഈ കാലത്ത് തന്നെയാണ് മുഷ്റഫ് അനധികൃതമായി പുറത്താക്കിയെന്ന് ആരോപിക്കുന്ന ജനകീയനായ ചീഫ് ജസ്റ്റിസിനെ തിരികെ എടുക്കണമെന്ന് ആവശ്യപ്പെട്ട് വക്കീലന്മാർ രംഗത്തേക്ക് വരുന്നത്. ഈ സാഹചര്യം നിയന്ത്രിക്കാൻ സൈന്യം സ്വീകരിച്ച തന്ത്രം തന്നെയാണ് ഇന്ത്യൻ രാഷ്ട്രീയത്തിലും ഇന്ന് പ്രയോഗിച്ചു കാണുന്നത്.
സൈന്യത്തിന്‍റെ മാധ്യമ വിഭാഗം മുൻനിര ചാനലുകളിലെ ചില അവതാരകരെ വിലയ്ക്കു വാങ്ങി അവരെ തങ്ങളുടെ പ്രചാരകരായി ഉപയോഗിച്ച് തുടങ്ങി. മുഷ്റഫിനെ എതിർത്ത് നിൽക്കുന്നവരെ പാകിസ്ഥാന്‍റെ ശത്രുക്കളെന്നാണ് ഈ മാധ്യമങ്ങൾ വിളിച്ചത്. പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയെയും (പി.പി.പി ) പാകിസ്ഥാൻ മുസ്ലിം ലീഗ് - നാവാസ് വിഭാഗത്തെയും (പി.എം.എൽ.എൻ ) താറടിച്ചു കാണിക്കുവാനായി വാർത്തകളുടെ ഒഴുക്ക് തന്നെയുണ്ടായി. ഈ ചാനലുകൾക്ക് വലിയ റേറ്റിങ് ഉയർച്ചയും ലഭിച്ചു. ജനങ്ങളിലേക്ക് വലിയ തോതിൽ ഗൂഢാലോചന സിദ്ധാന്തങ്ങളാണ് ഈ കൂട്ടർ എത്തിച്ചത്. ജിയോ ന്യൂസ്, ലൂസ് ചേഞ്ച് എന്നൊരു ഡോക്യുമെന്‍ററി തന്നെ നിർമിച്ചു. ഡോക്യുമെന്‍ററി പറഞ്ഞു വെയ്ക്കുന്നത് 9/11 സംഭവം അമേരിക്കയ്ക്കുള്ളിൽ നിന്നുള്ളവരുടെ ജോലിയാണെന്നാണ്. മുഷ്റഫിനെ പുറത്താക്കുന്നത് ലോകാവസാനത്തിനു കാരണമാകുമെന്നാണ് അവര്‍ കണ്ടെത്തിയത്. മുഷ്റഫ് എതിരാളികളെ നേരിടുന്നത് ധർമ്മാധർമ്മങ്ങൾ തമ്മിലുള്ള പോരാട്ടമാണെന്നു വരെ ഈ മാധ്യമങ്ങൾ പറഞ്ഞു വെച്ചു. എന്നാൽ, പ്രതിപക്ഷ പാർട്ടികളുടെ വളർച്ചയെ തടയാൻ ഈ വാർത്താധാരയ്ക്ക് സാധിച്ചില്ല. 2008ൽ മുഷ്റഫ് പുറത്താക്കപ്പെട്ടു.
'പ്രൊജക്റ്റ് ഇമ്രാൻ'
2008ൽ മുഷ്റഫ് പുറത്തായതിന് ശേഷമുണ്ടായ ശൂന്യതയിലേക്ക് ഒരു താര നേതാവിനെ അവതരിപ്പിക്കേണ്ടത് പട്ടാളത്തിന്‍റെ ആവശ്യമായിരുന്നു. അല്ലെങ്കിൽ ഉയർന്നു വന്നുകൊണ്ടിരിക്കുന്ന പ്രതിപക്ഷ പാർട്ടികൾ അധികാരത്തിലേക്ക് എത്തുകയും അവർ പട്ടാളത്തെ ഭരിക്കുവാൻ വേണ്ടിയുള്ള ഒരു ഉപകരണം മാത്രമായി മാറ്റുമായിരുന്നു. ഈ സാഹചര്യത്തിലാണ് പട്ടാള സംവിധാനം 'പ്രോജക്റ്റ് ഇമ്രാനുമായി' എത്തുന്നത്.
ഇമ്രാൻ ഖാൻ എന്ന വ്യക്തിക്ക് പാകിസ്ഥാനിൽ മുഖവുരയുടെ ആവശ്യമില്ല. പാകിസ്താനിലെ എല്ലാ പ്രദേശങ്ങളിലും ആ പേര് സുപരിചിതമാണ്. ഒരു ക്രിക്കറ്റ് താരമെന്നതിന് ഉപരിയായി സാമൂഹിക നന്മ ആഗ്രഹിക്കുന്ന വ്യക്തി എന്നൊരു ലേബൽ കൂടി ഇമ്രാനുണ്ടായിരുന്നു. പെട്ടെന്നൊരു സുപ്രഭാതത്തിൽ ഉണ്ടായതല്ല സൈന്യവുമായുള്ള ഇമ്രാന്‍റെ ബന്ധം. 1994 ൽ തന്നെ ഇമ്രാൻ ഐ.എസ്.ഐ തലവൻ ഹമീദ് ഗുല്ലുമായി ചർച്ചകൾ നടത്തിയിരുന്നു. 1996 ലാണ് ഇമ്രാൻ സ്വന്തമായി പാകിസ്ഥാൻ തഹ്‌രീകെ ഇൻസാഫ് (പി.ടി.ഐ) എന്ന പാർട്ടിയുമായി സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. വലിയ ചലനങ്ങൾ സൃഷ്ടിച്ചില്ലെങ്കിലും ഇമ്രാൻ അവിടെയുണ്ടായിരുന്നു. അങ്ങനെ നിലനിർത്താൻ സൈന്യം ശ്രമിച്ചിരുന്നു എന്ന് വേണം കരുതാൻ. മുഷ്റഫിന് ശേഷമാണ് ഇമ്രാനെ സൈന്യം കാര്യമായ രീതിയിൽ മുൻ നിരയിലേക്ക് എത്തിക്കുന്നത്.
2011 തിരഞ്ഞെടുപ്പിൽ മത്സരിച്ചെങ്കിലും ചുരുങ്ങിയ വോട്ട് ശതമാനം നേടാൻ മാത്രമേ ഇമ്രാന്‍റെ തഹ്‌രീകെ ഇൻസാഫിനു കഴിഞ്ഞുള്ളൂ. എങ്കിൽ കൂടി ചാനൽ ചർച്ചകളിലൂടെ ഇമ്രാന്‍ പൊതു മണ്ഡലത്തിൽ സജീവമായി നിലനിന്നു. മുഷറഫിന്‍റെ നിയോജകമണ്ഡലമടക്കം ഇമ്രാനിലേക്ക് തിരയുന്നു എന്ന പ്രതീതി ഉണ്ടായി വന്നതും അതിനെ പരീക്ഷിക്കാനെന്നവണ്ണം ഒരു വലിയ പൊതുറാലി അവിടെ സംഘടിക്കപ്പെട്ടു. ഈ റാലിയിൽ താൻ അധികാരത്തിൽ വരുന്നതോടു കൂടി പാകിസ്താന്‍ പട്ടാളത്തിനെതിരായി നടക്കുന്ന വലിയൊരു ഗൂഢാലോചനയെ മറനീക്കി പുറത്തു കൊണ്ടുവരുമെന്ന് ഇമ്രാൻ ജനങ്ങളോട് പറഞ്ഞു. ഇതിലൂടെ ഒരു മൂന്നാം കക്ഷിയായി ഇമ്രാൻ ഉയർന്നു വന്നു.
ഇമ്രാൻ ജനങ്ങളോട് സംവദിച്ചത് അവരുടെ ഭാഷയിൽ, അവരുടെ ആവശ്യങ്ങൾ അറിയുന്ന ആളെന്ന നിലയിലാണ്. അഴിമതി നിർമാര്‍ജനവും പുരാതന മുസ്ലിം ചിന്തകളിൽ നിന്നും എടുത്ത വാക്യങ്ങളും ഇമ്രാന്‍റെ പ്രസംഗങ്ങളിൽ കയറി വന്നു. ആധുനികതയുടെ ആധുനികാനന്തര വിമർശനങ്ങളും വിഷയമായി. ഇതിനൊപ്പം പോപ്പ് കൾച്ചറിനെയും സൂഫിസത്തെയും കൂട്ടി ഇണക്കി തന്‍റെ ചിന്തകളെ അവതരിപ്പിക്കാനും ഇമ്രാന് കഴിഞ്ഞു. അഴിമതിക്കെതിരെ ഒരു പുരുഷന്‍റെ ഒറ്റപ്പെട്ട ശബ്ദമാകുവാനും ഇമ്രാൻ ശ്രമിച്ചു. ഇത് പരമ്പരാഗത ചിന്ത വെച്ചുപുലർത്തുന്ന ജനങ്ങളുമായി കൂടുതൽ അടുക്കുവാൻ ഇമ്രാനെ സഹായിച്ചു. ഇതിന്‍റെ പ്രതിഫലനമായിരുന്നു 2018 ഇലക്ഷൻ. ചെറിയ ഭൂരിപക്ഷത്തോടെ ജയിച്ച ഇമ്രാന്‍റെ കക്ഷി ഒരു കൂട്ട് മന്ത്രി സഭ രൂപീകരിച്ചു. ഇമ്രാൻ എന്ന നേതാവിന്‍റെ പൊതു സമ്മതിയിൽ മൂന്ന് ഘടകങ്ങൾ കാണാം:
1. ഇമ്രാന് സ്വന്തം കഴിവിലുള്ള വിശ്വാസം.
2. ജനങ്ങൾക്ക് ഇമ്രാന്‍റെ കഴിവിലുള്ള വിശ്വാസം.
3. ഇമ്രാന്‍റെ വളർച്ച സഹായകമായ രീതിയിൽ പാകിസ്ഥാനില്‍ നില നിന്ന സാമൂഹിക അവസ്ഥ.
ഇമ്രാന്‍റെ വീഴ്ച്
അഴിമതിക്കെതിരെ ശബ്ദിച്ച് അധികാരത്തിൽ വന്ന ഇമ്രാന് പക്ഷെ തന്‍റെ ഭരണത്തിന് കീഴിൽ താൻ കൊടുത്ത വാക്ക് പാലിക്കാൻ കഴിഞ്ഞില്ല. ഷഹബാസ് ഷെരീഫിന്‍റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം ആരോപണങ്ങൾ നിരന്തരമായി ഉന്നയിച്ചുകൊണ്ടിരുന്നു. ഒടുവിൽ, 2022ൽ അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താക്കപ്പെടുകയായിരുന്നു ഇമ്രാൻ. അധികാരം നഷ്ടമായതിനു ശേഷമാണ് ഇമ്രാന് ശരിക്കും അഗ്നി പരീക്ഷ നേരിടേണ്ടി വന്നത്. 2022 നവംമ്പർ മൂന്നിന് ഇമ്രാൻ ഖാന് നേരെ ഒരു വധശ്രമം നടക്കുകയും കാലിനു പരുക്കേൽക്കുകയും ചെയ്തിരുന്നു. ഗവണ്‍മെന്‍റിനെതിരെ നടത്തിയ ഈ റാലിയിൽ നടന്ന അക്രമ സംഭവത്തിന്‍റെ ഉത്തരവാദിത്തം ഇമ്രാൻ എതിരാളികളുടെ മേൽ ചാർത്തി നൽകുകയും ചെയ്തു.
ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിയുമായി ചേർന്നു ഉയർന്നു വന്ന അൽ ഖദീർ ട്രസ്റ്റ് കേസ് ഇതിൽ ഒന്നാണ്. പാകിസ്താനിലെ പ്രമുഖ ഭൂവ്യവസായിയായ മാലിക്ക് റൈസിൽ നിന്നും ഇമ്രാൻ ഖാനും ഭാര്യയും ട്രസ്റ്റികളായ അൽ ഖദീർ ട്രസ്റ്റിലേക്ക് 100 ഏക്കറിലധികം ഭൂമി കൈമാറ്റം ചെയ്യപ്പെട്ടുവെന്നാണ് വെളിയിൽ വന്ന വിവരങ്ങൾ. യു.കെയിലെ നാഷണൽ ക്രൈം ഏജൻസി മാലിക്ക് റൈസുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണങ്ങളിലാണ് ഇത് തെളിഞ്ഞു വന്നത്.. ഇതിനൊപ്പമാണ് തോഷാഖാനാ കേസ്. ക്യാബിനറ്റ് ഡിവിഷന് കീഴിൽ സർക്കാർ പ്രതിനിധികൾക്ക് ലഭിക്കുന്ന സമ്മാനങ്ങളും മറ്റും സൂക്ഷിക്കുന്ന സംവിധാനമാണ് തോഷാഖാനാ. ഇമ്രാൻ ഖാൻ തനിക്ക് കിട്ടിയ സമ്മാനങ്ങൾ വെളിപ്പെടുത്തിയില്ല എന്നും അത് അനധികൃതമായി വിറ്റുവെന്നുമാണ് കേസ്. 2023 മെയ് മാസത്തിൽ, ഈ കേസുകളിൽ കോടതിക്കു മുന്നിൽ ഹാജരായ ഇമ്രാനെ കോടതി വളപ്പിൽ നിന്നുമാണ് നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തത്. വലിയ തോതിലുള്ള കലാപങ്ങളാണ് ഇതിനെ തുടർന്ന് പാക്കിസ്ഥാനിൽ അരങ്ങേറിയത്. ജനങ്ങളെ പട്ടാളത്തിനും ജുഡിഷ്യറിക്കും എതിരെ തിരിക്കാൻ സാധിച്ചത് ഇമ്രാന് ഇവരിൽ നിന്ന് ലഭിക്കുന്ന പിന്തുണയെ ബാധിക്കുമെന്ന് തീർച്ച.
ജയിലിൽ നിന്നും ഇമ്രാൻ അയച്ച വീഡിയോ സന്ദേശം പോലും വലിയ ഓളമാണ് പാകിസ്ഥാനിൽ സമൂഹ മാധ്യമങ്ങളിൽ ഉണ്ടാക്കിയത്. അദ്ദേഹം ഇട്ട ആകാശ നീല പോളോ ടി ഷർട്ടും ധരിച്ച് അനേകരാണ് സമൂഹ മാധ്യമ ഫീഡുകളിൽ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇത് ഒരു നേതാവ് എന്ന നിലയിലുള്ള ഇമ്രാന്‍റെ രണ്ടാം വരവാണ്. ഒരു അവതാര പുരുഷനെപ്പോലെ സൈന്യം സൃഷ്ടിച്ചെടുത്ത ബിംബത്തിൽ നിന്നും സ്വതസിദ്ധമായ ശൈലി കൊണ്ട് വലിയ ഒരു ജനക്കൂട്ടത്തെ തനിക്ക് പിന്നിൽ അണി നിരത്താൻ ഇമ്രാന് സാധിച്ചിട്ടുണ്ട്. ഇത് ഇമ്രാന് ഗുണമോ ദോഷമോ എന്നത് പാകിസ്ഥാന്‍റെ ജനാധിപത്യ സംവിധാനം പോലെ പ്രവചനാതീതമാണ്.