ഊരുകളിലേക്കുള്ള വഴികളിലെ വെളിച്ച കുറവും കാട്ടാന ആക്രമത്തിന് കാരണമാണെന്ന് സൗത്ത് വയനാട് ഡിഎഫ്ഒയും സാക്ഷ്യപ്പെടുത്തുന്നു
വയനാട്ടിൽ കഴിഞ്ഞ രണ്ടര മാസത്തിനിടെ കാട്ടാന ആക്രമണത്തിനിരയായ മൂന്ന് പേരും കൊല്ലപ്പെട്ടത് ഒരേ രീതിയിൽ. വീടുകളിലേക്ക് ജോലി കഴിഞ്ഞോ മറ്റോ പോയിരുന്നവരാണ് രാത്രിയിൽ കാട്ടാനയുടെ ആക്രമണത്തിന് ഇരയായത്. റോഡ്, വെളിച്ചം തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാണ് കാട്ടാന ആക്രമണങ്ങൾക്ക് ഇരയാകാൻ പ്രധാന കാരണം.
രണ്ടര മാസത്തിനിടെ കാട്ടാന ആക്രമണത്തിനിരയായി വയനാട്ടിൽ കൊല്ലപ്പെട്ടത് മൂന്ന് പേരാണ്. ഫെബ്രുവരി 10ന് നൂൽപ്പുഴയിൽ തമിഴ്നാട് സ്വദേശിയായ മാനു, ഫെബ്രുവരി 11ന് അട്ടമല ഏറാട്ട്കുണ്ട് ഉന്നതിയിലെ ബാലകൃഷ്ണൻ, കഴിഞ്ഞ ദിവസം എരുമക്കൊല്ലി പൂളക്കുന്ന് ഊരിലെ ആറുമുഖൻ. ഫെൻസിങ്ങിന്റിയോ വനം വകുപ്പിന്റെ പരിശോധനയുടെ അഭാവത്തിനേക്കാൾ മൂന്ന് പേരുടെയും മരണത്തിന് കാരണം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കൂടിയാണ്. മൂന്ന് പേരും കൊല്ലപ്പെടുന്നത് രാത്രിയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകുമ്പോഴാണ്. എല്ലാവരും വീടിന് സമീപത്തായി എത്തിയിരുന്നു. എന്നാൽ റോഡ് സൗകര്യം ഇല്ലാത്തതും വെളിച്ച സംവിധാനത്തിന്റെ അപര്യാപ്തതയുമാണ് ആനയുടെ സാമീപ്യം പോലും മനസ്സിലാക്കാൻ മൂവർക്കും കഴിയാതിരുന്നത്.
രാത്രി എട്ടോടെ ജോലികഴിഞ്ഞ് തറവാട്ടുവീട്ടിലേക്ക് സാധനങ്ങളും വാങ്ങി വരുന്ന വഴിയിലായിരുന്നു നൂൽപുഴ സ്വദേശി മാനുവിനെ കാട്ടാന ആക്രമിച്ചത്. വീടിന് ഇരുനൂറുമീറ്ററോളം അകലെയുള്ള വയലിലാണ് മൃതദേഹം കണ്ടത്. പണികഴിഞ്ഞ് സഞ്ചിയില്‍ സാധനങ്ങളുമായി വീട്ടിലേക്ക് വരുമ്പോഴാണ് ആനയുടെ മുന്നില്‍പ്പെട്ടത്.
തേയില തോട്ടത്തിലൂടെ തോട്ടം തൊഴിലാളികൾ അടക്കം സ്ഥിരം യാത്ര ചെയ്യുന്ന വഴിയിലായിരുന്നു അട്ടമല സ്വദേശി ബാലകൃഷ്ണന്റെ മൃതദേഹം. രാത്രിയിൽ കടയിൽ സാധനങ്ങൾ വാങ്ങാൻ പോയി തിരിച്ചു വരാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ആറുമുഖനും ജോലി കഴിഞ്ഞ് വീട്ടിലേക്ക് സാധനങ്ങളുമായി വരുന്ന സമയത്താണ് കാട്ടാനയുടെ മുമ്പിൽ അകപ്പെടുന്നത്.
ഊരുകളിലേക്കുള്ള വഴികളിലെ വെളിച്ച കുറവും കാട്ടാന ആക്രമത്തിന് കാരണമാണെന്ന് സൗത്ത് വയനാട് ഡിഎഫ്ഒയും സാക്ഷ്യപ്പെടുത്തുന്നു. മൃഗങ്ങളെ പ്രതിരോധിക്കാനുള്ള ഫെൻസിങ്ങും തൂക്ക് വേലിയും സ്ഥാപിക്കുന്നതിന്റെ കൂടെ ആദിവാസി ഊരുകളിലേക്കുള്ള അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കേണ്ടതുണ്ട്. രാത്രിയിൽ കാട്ടാനയുടെ സാന്നിധ്യം മനസ്സിലാക്കാൻ പ്രദേശവാസികളുടെ പിന്തുണയോടെയുള്ള പ്രവർത്തനങ്ങളിലൂടെയും ഒരുപരിധി വരെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും.