fbwpx
ഇന്ത്യക്ക് സഹായിക്കാനാകും; യുക്രെയ്‌നിലെ സംഘർഷങ്ങള്‍‌ പരിഹരിക്കുന്നതിന്‍റെ പ്രാധാന്യമെടുത്തു കാട്ടി ജോർജിയ മെലോണി
logo

ന്യൂസ് ഡെസ്ക്

Last Updated : 08 Sep, 2024 12:00 PM

യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോഡിമിർ സെലന്‍സ്കിയുമായുള്ള കൂടിക്കാഴ്ചയില്‍ ജോർജിയ യുക്രെയ്നിലെ സ്ഥിതിഗതികള്‍ വിലയിരുത്തി

WORLD


യുക്രെയ്‌നിലെ സംഘർഷങ്ങള്‍‌ പരിഹരിക്കുന്നതില്‍ ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോർജിയ മെലോണി. ശനിയാഴ്ച വടക്കൻ ഇറ്റലിയിലെ സെർണോബിയോ നഗരത്തിലെ അംബ്രോസെറ്റി ഫോറത്തിലായിരുന്നു പ്രശ്ന പരിഹാരത്തിനെ എടുത്തുകാട്ടിയുള്ള  മെലോണിയുടെ പരാമർശം. ഫോറത്തില്‍ വെച്ച് യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോഡിമിർ സെലന്‍സ്കിയുമായി ജോർജിയ കൂടിക്കാഴ്ച നടത്തി. സമാനമായ പ്രസ്താവന റഷ്യന്‍ പ്രസിഡന്‍റ്  വ്ളാഡിമിർ പുടിനും നടത്തിയിരുന്നു. യുക്രെയ്നില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ പരിഹരിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ എടുത്തുകാണിച്ചു കൊണ്ടായിരുന്നു പുടിന്‍റെ പ്രസ്താവന.

ALSO READ: "ജനാധിപത്യത്തിന് വേണ്ടി, മാക്രോണിൻ്റെ അട്ടിമറി തടയുക"; ഫ്രാന്‍സില്‍ പ്രധാനമന്ത്രി നിയമനത്തില്‍ പ്രതിഷേധം ശക്തമാക്കി ഇടതുപക്ഷം


"അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചാൽ കുഴപ്പങ്ങളും പ്രതിസന്ധികളും ഉണ്ടാകുമെന്ന് വ്യക്തമാണ്. പ്രതിസന്ധികള്‍ അധികരിച്ചാല്‍ ഭൗമ- സാമ്പത്തിക ഇടം നശിക്കുകയും, ദീർഘകാല അടിസ്ഥാനത്തില്‍ ആഗോള സാമ്പത്തിക വ്യവസ്ഥയും അന്താരാഷ്ട്ര നിയമങ്ങള്‍ സംബന്ധിക്കുന്ന ചോദ്യങ്ങളും ഒത്തുചേർന്ന് പോകാതെയിരുക്കുകയും ചെയ്യുമെന്നതാണ് വ്യക്തമാകുന്ന മറ്റൊരു കാര്യം. ഇതാണ് ഞാന്‍ ചൈനയോടും പറഞ്ഞത്. രണ്ടിലൊന്ന് നമ്മള്‍ തെരഞ്ഞെടുക്കണം. ചൈനയും ഇന്ത്യയും പോലുള്ള രാജ്യങ്ങള്‍ യുക്രെയ്ന്‍ സംഘർഷം പരിഹരിക്കാന്‍ പ്രധാന പങ്ക് വഹിക്കണമെന്ന് പറയാന്‍ കാരണവുമതാണ്", ജോർജിയ പറഞ്ഞു.

വ്യാഴാഴ്ച, വ്ളാഡിവോസ്ടോകില്‍ നടന്ന 9-ാം കിഴക്കന്‍ സാമ്പത്തിക ഫോറത്തെ അഭിസംബോധന ചെയ്ത് റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനും പ്രശ്ന പരിഹാരത്തില്‍ ഇന്ത്യയുടെ സഹായങ്ങളെപ്പറ്റി എടുത്തു പറഞ്ഞിരുന്നു.

"സംഘർഷവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യാനും അവ പരിഹരിക്കാനും ആത്മാർഥമായ താല്‍പര്യമുള്ള ഞങ്ങളുടെ പങ്കാളികളെയും സുഹൃത്തുക്കളെയും ഞാന്‍ ബഹുമാനിക്കുന്നു. ചൈന, ബ്രസീല്‍, ഇന്ത്യ എന്നിങ്ങനെ പങ്കാളികളായ രാഷ്ട്രങ്ങളുമായി ഞാന്‍ ബന്ധപ്പെടാറുണ്ട്. ഞങ്ങള്‍ക്കിടയില്‍ പരസ്പര വിശ്വാസവും ആത്മവിശ്വാസവുമുണ്ട്. സഹായ ഹസ്തം നീട്ടാന്‍ അവർക്ക് താല്‍പര്യമുണ്ട്", പുടിന്‍ പറഞ്ഞു.

ALSO READ: വടക്കൻ ഇസ്രയേലിൽ ഹിസ്ബുള്ളയുടെ ഡ്രോണാക്രമണം; ഇസ്രയേൽ ആക്രമണത്തിൽ 3 ലെബനീസ് പൗരന്മാർ കൊല്ലപ്പെട്ടു

യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോഡിമിർ സെലന്‍സ്കിയുമായുള്ള കൂടിക്കാഴ്ചയില്‍ ജോർജിയ യുക്രെയ്നിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. വരുന്ന ശീതകാലത്തിനു മുന്നോടിയായി യുക്രെയ്‌ന് എന്തൊക്കെ ആവശ്യങ്ങളാണുള്ളതെന്ന് സെലന്‍സ്കി ജോർജിയയെ അറിയിച്ചു.

"അനുവദിക്കപ്പെട്ട എല്ലാ സൈനിക, സാങ്കേതിക സഹായ പാക്കേജുകൾക്കും ജോർജിയക്ക് നന്ദി പറയുകയും ആയുധങ്ങൾ എത്രയും വേഗം യുക്രെയ്നിന് കൈമാറേണ്ടതിൻ്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു," യോഗത്തിന് ശേഷം സെലൻസ്കിയുടെ ഓഫീസ് പറഞ്ഞു.

യുദ്ധക്കളത്തിലെ സ്ഥിതിഗതികൾ, രാജ്യത്തെ സിവിലിയന്മാർക്ക് നേരെയുള്ള സമീപകാല റഷ്യൻ ഷെല്ലാക്രമണം, നിലവിലെ പ്രതിരോധ ആവശ്യങ്ങള്‍ എന്നിവയെപ്പറ്റി സെലന്‍സ്കി ജോർജിയ മെലോണിയെ അറിയിച്ചു. മരവിപ്പിച്ച റഷ്യൻ ആസ്തികളിൽ നിന്ന് യുക്രെയ്‌ന് ഏകദേശം 50 ബില്യൺ ഡോളർ നൽകാനുള്ള ജി-7 ൻ്റെ തീരുമാനം നടപ്പാക്കാനുള്ള നടപടികളെക്കുറിച്ചും നേതാക്കൾ ചർച്ച ചെയ്തു. യുക്രെയ്നിൻ്റെ പുനരുദ്ധാരണവും പുനർനിർമാണവുമാണ് യോഗത്തിൽ ചർച്ച ചെയ്ത മറ്റൊരു വിഷയം.

Also Read
user
Share This

Popular

NATIONAL
KERALA
പഹൽഗാം ഭീകരാക്രമണം: പ്രധാനമന്ത്രി ഡൽഹിയിൽ തിരിച്ചെത്തി, വിമാനത്താവളത്തിൽ അടിയന്തര യോഗം ചേർന്നു