പ്രതിക്കായി ഇന്ത്യ മുഴുവൻ പരിശോധന നടത്തുമെന്ന് റൂറൽ എസ്പി ബി. കൃഷ്ണ കുമാർ അറിയിച്ചു
തൃശൂർ ചാലക്കുടിയിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ളയടിച്ച കേസിലെ പ്രതി സംസ്ഥാനം വിട്ടെന്ന് സൂചന. ഇതേ തുടർന്ന് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചുവെന്ന് അന്വേഷണസംഘം അറിയിച്ചു. മോഷ്ടാവ് സഞ്ചരിച്ച വാഹനം ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. എട്ട് ജീവനക്കാരാണ് ചാലക്കുടിലെ കവർച്ച നടന്ന ഫെഡറൽ ബാങ്കിലുണ്ടായിരുന്നത്. ജീവനക്കാർ ഉച്ചഭക്ഷണം കഴിക്കുന്ന നേരത്താണ് മോഷണം നടന്നത്. ഭക്ഷണം കഴിക്കാൻ പോകുന്ന സമയത്ത് മുഖം മറച്ച ഒരാൾ കത്തിയുമായി ബാങ്കിലേക്ക് കടന്നുവരികയായിരുന്നു. ആ സമയത്ത് ബാങ്കിലുണ്ടായിരുന്ന ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി ടോയ്‌ലെറ്റിനുള്ളിൽ പൂട്ടിയിടുകയായിരുന്നു.
ALSO READ: തൃശൂർ ബാങ്ക് കവർച്ച: മോഷണം പോയത് 15 ലക്ഷം; അന്വേഷണത്തിന് എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം
തുടർന്ന് ഇയാൾ ക്യാഷ് കൗണ്ടർ തല്ലിപ്പൊളിച്ച് അവിടെയുണ്ടായിരുന്ന പണം മുഴുവൻ കൊള്ളയടിച്ചു. ഏകദേശം 15 മിനിറ്റ് സമയത്തിനുള്ളിൽ ഇയാൾ മോഷണം പൂർത്തിയാക്കി ബാങ്കിൽ നിന്നും രക്ഷപ്പെടുകയായിരുന്നു. 15 ലക്ഷം രൂപയാണ് ബാങ്കിൽ നിന്നും മോഷ്ടിച്ചത്. പ്രതിക്കായി ഇന്ത്യ മുഴുവൻ പരിശോധന നടത്തുമെന്ന് റൂറൽ എസ്പി ബി. കൃഷ്ണകുമാർ അറിയിച്ചു.
47 ലക്ഷം രൂപ മോഷണം നടക്കുമ്പോൾ ബാങ്കിലുണ്ടായിരുന്നു. അതിൽ മൂന്ന് ബണ്ടിലാണ് മോഷണം പോയതെന്നും എസ്പി പറഞ്ഞു. 2.12. നാണ് പ്രതി പോട്ട ഫെഡറൽ ബാങ്കിന്റെ ശാഖയിലേക്ക് വന്നത്. ഇയാൾ ഹിന്ദിയിലാണ് സംസാരിച്ചത്. ആ സമയത്ത് പ്യൂൺ മാത്രമാണ് ഉണ്ടായിരുന്നതെന്നും റൂറൽ എസ്പി അറിയിച്ചു. പ്രതിയുടെ വാഹനത്തെ കുറിച്ച് അറിവുണ്ടെന്നും എവിടേക്കാണ് പോയതെന്ന് സൂചന ലഭിച്ചിട്ടുണ്ടെന്നും എസ്പി പറഞ്ഞു. ബാങ്കിൽ വന്നപ്പോൾ ഇയാള്‍ ഒറ്റയ്‌ക്കെ ഉണ്ടായിരുന്നുള്ളൂ. റെയിൽവേ ലൈൻ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ടെന്ന് എസ്പി കൂട്ടിച്ചേർത്തു.
ALSO READ: തൃശൂർ ഫെഡറല്‍ ബാങ്ക് ശാഖയില്‍ ജീവനക്കാരെ ബന്ദിയാക്കി മോഷണം
പൊതുജനങ്ങളുടെ പണം സൂക്ഷിച്ച സ്ഥാപനത്തിലാണ് കവർച്ച നടന്നതെന്നും അതുകൊണ്ട് തന്നെ മോഷണത്തെ ഗൗരവത്തോടെ എടുക്കുന്നുവെന്നായിരുന്നു റേഞ്ച് ഡിഐജി എസ്. ഹരിശങ്കറിൻ്റെ പ്രതികരണം. പ്രതി ഹിന്ദി സംസാരിച്ചത് കൊണ്ട് മലയാളി അല്ലെന്ന് പറയാനാവില്ല. ചിലപ്പോൾ അന്വേഷണത്തെ വഴി തെറ്റിക്കാനുള്ള നീക്കമായിരിക്കാമെന്ന് ഡിഐജി നിരീക്ഷിച്ചു.