ആദ്യ മത്സരത്തില്‍ മുംബൈ ലഖ്‌നൗവിനെയും രണ്ടാം മത്സരത്തില്‍ ഡല്‍ഹി ബെംഗളൂരുവിനെയും നേരിടും
ഐപിഎല്‍ സൂപ്പര്‍ സണ്‍ഡേയില്‍ ഇന്ന് രണ്ട് പോരാട്ടങ്ങള്‍. ആദ്യ മത്സരത്തില്‍ മുംബൈ ലഖ്‌നൗവിനെയും രണ്ടാം മത്സരത്തില്‍ ഡല്‍ഹി ബെംഗളൂരുവിനെയും നേരിടും. ജൈത്രയാത്ര തുടരാന്‍ മുംബൈയ്ക്ക് ആകുമോ, ഒന്നാം സ്ഥാനം ഡല്‍ഹി വീണ്ടെടുക്കുമോ എന്നുമാണ് ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
ഐപിഎല്‍ പതിനെട്ടാം അങ്കത്തിലെ മോശം തുടക്കത്തിന് ശേഷം മുംബൈ വിജയക്കുതിപ്പ് തുടരുകയാണ്. ആദ്യത്തെ അഞ്ച് മത്സരത്തില്‍ ഒരു വിജയം മാത്രം നേടിയ മുംബൈ അവസാന നാല് മത്സരങ്ങളും വിജയിച്ച് നാലാമത് എത്തി. ആറാം കിരീടം ലക്ഷ്യമിടുന്ന മുംബൈ എല്ലാ മേഖലയിലും സുശക്തമായി കഴിഞ്ഞു. ഫോമിലേക്ക് മടങ്ങിയെത്തിയ രോഹിത്തില്‍ തന്നെയാണ് ഇന്നും മുംബൈ പ്രതീക്ഷ വയ്ക്കുന്നത്. അവസാന രണ്ട് മത്സരങ്ങളില്‍ അര്‍ധ സെഞ്ച്വറി നേടിയ മുന്‍ നായകനൊപ്പം ബൗളിങ് നിരയും ഫോമിലേക്ക് എത്തിയതോടെ എതിരാളികള്‍ ഭയക്കുന്ന പഴയ മുംബൈ ആകാന്‍ ഹര്‍ദിക്കിനും സംഘത്തിനും കഴിഞ്ഞു.
മറുവശത്ത് നായകന്‍ ഋഷഭ് പന്തിന്റെ ഫോം ഇല്ലായ്മയാണ് ലഖ്‌നൗവിന്റെ തലവേദന. അവസാന മത്സരത്തിലെ പരാജയം കൂടെ ആയപ്പോള്‍ ലഖ്‌നൗ പോയിന്റ് ടേബിളില്‍ താഴെക്ക് പതിച്ചു. മികച്ച മാര്‍ജിനില്‍ ജയിച്ച് നെഗറ്റീവ് റണ്‍റേറ്റ് മാറ്റാന്‍ ലഖ്‌നൗ ഇറങ്ങുമ്പോള്‍ വാങ്കഡയില്‍ പോരാട്ടത്തിന് തീ പാറും.
ഒന്നാം സ്ഥാനത്തിനുള്ള പോരാട്ടത്തിനാണ് ആര്‍സിബിയും ഡല്‍ഹിയും ഇറങ്ങുന്നത്. സൂപ്പര്‍ താരം വിരാട് കോലിയുടെ മിന്നും ഫോം തന്നെയാണ് ആര്‍സിബിയുടെ തുറുപ്പ് ചീട്ട്. ബാറ്റിങ് നിരയില്‍ എല്ലാവരും തന്നെ ഫോമിലേക്ക് ഉയര്‍ന്നതും ടീമിന്റെ കരുത്ത്. രാജസ്ഥാനെതിരെ അവസാന ഓവറുകളില്‍ ബൗളര്‍മാര്‍ പുറത്തെടുത്ത പ്രകടനവും ആര്‍സിബിയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്.
മറുവശത്ത് ഡല്‍ഹി മികച്ച ഫോമിലാണ്. മത്സരത്തിന്റെ എല്ലാ മേഖലയിലും മികച്ച പ്രകടനം നടത്തുന്ന ഡല്‍ഹി ഇതിനോടകം തന്നെ കരുത്ത് തെളിയിച്ചു കഴിഞ്ഞു. പോയിന്റ് ടേബിളില്‍ മുന്‍പന്തിയിലുള്ള ഇരുടീമുകളെയും നയിക്കുന്നത് പുതുമുഖങ്ങള്‍ ആണെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. ആവനാഴിയില്‍ എതിരാളികളെ വീഴ്ത്താന്‍ എന്താണ് പാട്ടിദറും അക്സറും കരുതിയിരിക്കുന്നത് എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.