ഇസ്രയേൽ, ഹമാസ്, അമേരിക്ക, ഖത്തർ എന്നിവയുടെ പ്രതിനിധികൾ ദോഹയിൽ ഔദ്യോഗികമായി കരാറിൽ ഒപ്പുവെച്ചതായും ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു
ബന്ദികളെ മോചിപ്പിക്കാനുള്ള കരാർ അംഗീകരിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് അറിയിച്ചു. വെള്ളിയാഴ്ച കാബിനറ്റ് ചേരാൻ അദ്ദേഹം ഉത്തരവിട്ടിട്ടുണ്ടെന്നും കരാർ അംഗീകരിക്കാൻ സർക്കാർ യോഗം ചേരുമെന്നും നെതന്യാഹുവിൻ്റെ ഓഫീസ് അറിയിച്ചു. ബന്ദികളാക്കപ്പെവരുടെ കുടുംബങ്ങളെ വിവരം അറിയിച്ചിട്ടുണ്ട്. ഇസ്രയേൽ, ഹമാസ്, അമേരിക്ക, ഖത്തർ എന്നിവയുടെ പ്രതിനിധികൾ ദോഹയിൽ ഔദ്യോഗികമായി കരാറിൽ ഒപ്പുവെച്ചതായും ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മധ്യസ്ഥരായ യുഎസും ഖത്തറും ബുധനാഴ്ചയാണ് വെടിനിർത്തൽ കരാർ ആദ്യം പ്രഖ്യാപിച്ചത്. കരാർ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്നും, ഇസ്രയേൽ കാബിനറ്റിന്റെ അംഗീകാരം ലഭിക്കാനുണ്ടെന്നും ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ താനി പറഞ്ഞു.
ALSO READ: ഗാസയിൽ വെടിനിർത്തൽ അനിശ്ചിതത്വത്തിൽ; 48 മണിക്കൂറിനിടയിൽ കൊല്ലപ്പെട്ടത് 70 പേർ
കരാറിൻ്റെ വിശദാംശങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നാണ് നെതന്യാഹു ആ സമയം പ്രതികരിച്ചത്. കരാർ പ്രോത്സാഹിപ്പിച്ചതിന് ബൈഡന് നന്ദി അറിയിക്കുന്നതായും നെതന്യാഹു പറഞ്ഞിരുന്നു. എന്നാൽ വ്യാഴാഴ്ച കരാറിന് അംഗീകാരം നൽകാനുള്ള കാബിനറ്റ് വോട്ട് നെതന്യാഹു വൈകിപ്പിച്ചു. അവസാന നിമിഷം ഇരുകൂട്ടരും തമ്മലുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് കരാർ വൈകിപ്പിച്ചത്. പലസ്തീൻ തടവുകാരുടെ വിവരങ്ങള്‍ പുറത്തുവിടണമെന്ന ഹമാസിന്‍റെ ആവശ്യത്തെത്തുടർന്നാണ് ഇരുപക്ഷത്തിനുമിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായത്.
മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഇസ്രയേൽ ചർച്ചകൾ കരാറിന് സമ്മതിച്ചിട്ടുണ്ടെങ്കിലും, സുരക്ഷാ കാബിനറ്റും സർക്കാരും അംഗീകരിക്കുന്നത് വരെ ഇത് നടപ്പിലാക്കാൻ കഴിയില്ല. കരാർ അംഗീകരിക്കാൻ രാജ്യത്തിൻ്റെ സുരക്ഷാ മന്ത്രിസഭയും തുടർന്ന് സർക്കാരും യോഗം ചേരേണ്ടതുണ്ട്. അതേസമയം, കരാറിനെ എതിർക്കുന്ന രണ്ട് തീവ്ര വലതുപക്ഷ മന്ത്രിമാർ പ്രതിഷേധ സൂചകമായി രാജിവെക്കുമെന്നും അറിയിച്ചിട്ടുണ്ട്.