ബാബുരാജില്‍ നിന്നും ശ്രീകുമാര്‍ മേനോനില്‍ നിന്നും ഉണ്ടായ ശാരീരിക മാനസിക വിഷമങ്ങളുടെ തുറന്നു പറച്ചിലാണെന്ന് പരാതിയിൽ
നടന്‍ ബാബുരാജിനും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും എതിരെ ലൈംഗികാരോപണം ഉന്നയിച്ച ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പൊലീസില്‍ പരാതി നല്‍കി. പ്രത്യേക അന്വേഷണ സംഘത്തിന് ഇ-മെയില്‍ വഴിയാണ് പരാതി നല്‍കിയത്. ആവശ്യമെങ്കില്‍ കൂടുതല്‍ തെളിവുകള്‍ നല്‍കുമെന്നും യുവതി അറിയിച്ചു. ബാബുരാജില്‍ നിന്നും ശ്രീകുമാര്‍ മേനോനില്‍ നിന്നും ഉണ്ടായ ശാരീരിക മാനസിക വിഷമങ്ങളുടെ തുറന്നു പറച്ചിലാണ് നടത്തുന്നത് എന്നാണ് പരാതിയില്‍ പറയുന്നത്.
2018 കാലയളവില്‍ ബാബുരാജ് ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ബാബുരാജിന്റെ മൂന്നാറിലുള്ള റിസോര്‍ട്ടില്‍ ജോലി ചെയ്തിരുന്നു. ഈ സമയത്ത് പലതവണ പീഡനത്തിന് ഇരയായി. തുടര്‍ന്ന് ജോലി രാജിവെച്ചു പോയി. കുറച്ചു മാസങ്ങള്‍ ജോലി ഇല്ലാതെ വീട്ടിലിരുന്ന സമയത്ത് ബാബുരാജ് വീണ്ടും വിളിച്ചു.
Also Read: AMMA ഭാരവാഹിത്വത്തില്‍ ഭിന്നത; ജഗദീഷിനെ ജന:സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരുന്നതില്‍ എതിര്‍പ്പ്
സിനിമയില്‍ അവസരമുണ്ടെന്നും ആലുവയിലെ വീട്ടിലെത്തിയാല്‍ സംവിധായകനേയും സിനിമയുമായി ബന്ധപ്പെട്ട മറ്റു ചിലരേയും നേരില്‍ കാണാം എന്നും പറഞ്ഞു. ജോലി ഇല്ലാതിരുന്നതു കൊണ്ടും പറഞ്ഞത് വിശ്വസിച്ചതു കൊണ്ടും ആലുവയിലേക്ക് പോയി. എന്നാല്‍, അവിടെ അദ്ദേഹത്തിന്റെ മാനേജര്‍ 'ജീവന്‍' മാത്രമാണ് ഉണ്ടായിരുന്നത്. ഇവിടെ വെച്ചും ശാരീരികമായി പീഡിപ്പിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തു. കൈയ്യില്‍ തിരിച്ചു പോകാനുള്ള വണ്ടിക്കാശു പോലും ഇല്ലാതിരുന്ന അവസ്ഥയായതിനാല്‍ പ്രതികരിക്കാനായില്ലെന്ന് പരാതിയില്‍ പറയുന്നു.
പരസ്യചിത്രത്തില്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ വിളിച്ചതെന്ന് പരാതിയില്‍ യുവതി പറയുന്നു. വിശദ വിവരങ്ങള്‍ക്ക് എറണാകുളത്തെ ക്രൗണ്‍ പ്ലാസയില്‍ എത്താന്‍ ആവശ്യപ്പെട്ടു. വിഷയങ്ങള്‍ സംസാരിച്ച് തിരിച്ചിറങ്ങുമ്പോള്‍ കൈയ്യില്‍ പിടിച്ചുവലിച്ചു. ശാരീരികമായി പീഡിപ്പിച്ചുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.