സിപിഎമ്മുകാർ മദ്യം കുടിച്ചില്ലെങ്കിലും നാട്ടുകാർ കുടിക്കട്ടെ എന്ന നയമാണുള്ളത്
ഉറങ്ങാൻ കിടന്നാൽ ഉണരുമ്പോൾ തല ഉണ്ടാകുമോ എന്ന് ഉറപ്പില്ലാത്ത ഭയാനകമായ സ്ഥിതിവിശേഷമാണ് കേരളത്തിലെന്ന് കെ.കെ. രമ എംഎൽഎ. രണ്ടുമാസത്തിൽ 75 കൊലപാതകങ്ങൾ നടന്നു. ഇതിന്റെ ഉറവിടം അന്വേഷിച്ചാൽ ആഭ്യന്തരവകുപ്പിന്റെ പരാജയം കാണാൻ കഴിയും. ആഭ്യന്തരവകുപ്പിന്റെ തണലിലാണ് ലഹരി മാഫിയ സംഘങ്ങൾ വിലസുന്നത്. ഇതൊന്നും നേരത്തെ അറിയാൻ കഴിയുന്നില്ലെങ്കിൽ എന്തിനാണ് ഇൻ്റലിജൻസ് എന്നും കെ.കെ. രമ ചോദിച്ചു.
മദ്യം ഒഴുക്കി പണം ഉണ്ടാക്കുന്ന സാഹചര്യമാണുള്ളത്. കുടിവെള്ളം മുടങ്ങിയാലും മദ്യം വിളമ്പുന്ന കമ്മ്യൂണിസം ആണ് ഇവിടത്തേത്. സിപിഎമ്മുകാർ മദ്യം കുടിച്ചില്ലെങ്കിലും നാട്ടുകാർ കുടിക്കട്ടെ എന്നാണ് നയമാണുള്ളത്.
ടി.പി. കേസിലെ പ്രതികൾക്ക് ഇത്രയധികം ദിവസത്തെ പരോൾ എങ്ങനെ ലഭിച്ചു. കേസുമായി ഒരു ബന്ധവുമില്ല എന്ന് 24 മണിക്കൂറും ആണയിടും. പക്ഷേ പ്രതികളെ ജയിലിൽ നിർത്താൻ സൗകര്യമില്ലെന്നാണ് സർക്കാർ പറഞ്ഞുകൊണ്ടിരിക്കുന്നത്. നിങ്ങൾ പറഞ്ഞത് നിറവേറ്റിയത് കൊണ്ടാണ് ഇങ്ങനെ പരോൾ കൊടുത്ത് അവരെ നിങ്ങൾ സംരക്ഷിക്കുന്നത്. യുഡിഎഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് ഇവർക്ക് ആദ്യം പരോൾ നൽകിയതെന്നും കെ.കെ. രമ പറഞ്ഞു.