ബെംഗളൂരുവിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയാണ് മാർച്ച് പത്ത് വരെ കസ്റ്റഡി അനുവദിച്ചത്
രന്യ റാവു
സ്വർണക്കടത്ത് കേസിൽ നടി രന്യ റാവു മൂന്ന് ദിവസത്തെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) കസ്റ്റഡിയിൽ. ബംഗളൂരു കേന്ദ്രീകരിച്ചുള്ള സ്വർണ റാക്കറ്റുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കും. ബെംഗളൂരുവിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള പ്രത്യേക കോടതിയാണ് മാർച്ച് പത്ത് വരെ കസ്റ്റഡി അനുവദിച്ചത്. മാർച്ച് 3 ന് ദുബായിൽ നിന്ന് എമിറേറ്റ്സ് വിമാനത്തിൽ ബെംഗളൂരുവിലെ കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ) എത്തിയപ്പോഴാണ് 33 കാരിയായ രന്യയെ ഡിആർഐ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. 12.56 കോടി രൂപ വിലമതിക്കുന്ന 14.2 കിലോഗ്രാം സ്വർണക്കട്ടികൾ നടിയുടെ കൈവശം നിന്ന് ഉദ്യോഗസ്ഥർ കണ്ടെടുത്തുത്. മാർച്ച് 5നാണ് രന്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കർണാടക ഡിജിപി കെ രാമചന്ദ്ര റാവുവിന്റെ വളർത്തുമകളായ രന്യ.
ആർക്ക് വേണ്ടിയാണ് രന്യ സ്വർണം കടത്തിയത് എന്നടക്കമുള്ള നിർണായക വിവരങ്ങൾ ഡിആർഐക്ക് കണ്ടെത്തേണ്ടതുണ്ട്. കസ്റ്റഡിയിലിരിക്കെ, തന്നെ കേസിൽ കുടുക്കിയതാണെന്ന് രന്യ പൊലീസിനോട് പറഞ്ഞിരുന്നു. അതിനാൽ സംഭവത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും സ്വർണ റാക്കറ്റുകളുമായി രന്യക്ക് ബന്ധമുണ്ടോയെന്നും ഡിആർഐ അന്വേഷിക്കും. രന്യയുടെ ലാപ്ടോപും മൊബൈൽ ഫോണും പിടിച്ചെടുത്ത് വിവരങ്ങൾ പരിശോധിച്ച് വരികയാണ്. ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഡിആർഐ രന്യയെ ചോദ്യം ചെയ്യുക.
കഴിഞ്ഞ ഒരു വർഷത്തിനിടെ രന്യ 27 തവണ ദുബായിലേക്ക് പോയിരുന്നുവെന്നും ഓരോ യാത്രയിലും കിലോക്കണക്കിന് സ്വര്‍ണം നടി കടത്തിയതായും നേരത്തെ ഡിആർഐ കോടതിയെ അറിയിച്ചിരുന്നു. ഓരോ കിലോ ഗ്രാമിനും ഒരു ലക്ഷം രൂപ എന്ന നിലയിൽ രന്യയ്ക്ക് പ്രതിഫലം ലഭിച്ചതായും ഇത്തരത്തില്‍ ഓരോ യാത്രയിലും 12-13 ലക്ഷം രൂപ വരെ റന്യ സമ്പാദിച്ചതായും ഡിആർഐ കണ്ടെത്തിയിരുന്നു.
മാർച്ച് 4ന്, രന്യ ഡിആർഐക്ക് മുന്നിൽ ഹാജരായിരുന്നു. തന്‍റെ കയ്യിൽ നിന്നും 17 സ്വർണക്കട്ടികൾ പിടിച്ചെടുത്തതായും യൂറോപ്പ്, അമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ യാത്ര ചെയ്തിട്ടുണ്ടെന്നും രന്യ മൊഴിയും നൽകിയിരുന്നു. കഴിഞ്ഞ വർഷം നടി ദുബായിലേക്ക് നടത്തിയ 27 യാത്രകളാണ് റവന്യു ഇൻ്റലിജൻസ് ഡയറക്ടറേറ്റിൻ്റെ നിരീക്ഷണത്തിൽ രന്യ റാവുവിനെ എത്തിച്ചത്.
അതേസമയം, രന്യ റാവുവിന് കസ്റ്റഡിയിൽ വച്ച് മർദനം ഏറ്റുവെന്ന ആരോപണത്തിൽ കർണാടക സംസ്ഥാന വനിതാ കമ്മീഷൻ പ്രതികരിച്ചു. മർദനത്തിനോ കസ്റ്റഡി പീഡനത്തിനോ രന്യ വിധേയയാട്ടുണ്ടെങ്കിൽ പരാതി ലഭിച്ചാൽ മാത്രമേ വേണ്ടവിധം നടപടിയെടുക്കാൻ സാധിക്കുകയുള്ളൂ എന്നായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷ നാഗലക്ഷ്മി ചൗധരിയുടെ പ്രതികരണം. രന്യയുടെ കസ്റ്റഡിയിൽ നിന്നുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. റസ്റ്റിലായതിന് ശേഷമുള്ള കണ്ണിന് ചുറ്റും കറുത്ത പാടുകളും, മുഖത്ത് ചതവുമുള്ള രന്യ റാവുവിൻ്റെ ചിത്രങ്ങളാണ് വലിയ ചർച്ചയായത്. കസ്റ്റഡിയിൽ വെച്ച് രന്യ മർദനത്തിന് വിധേയയായി എന്ന തരത്തിലായിരുന്നു പ്രചാരണം.