മാറ്റിവെച്ച പ്രാദേശിക സമ്മേളനങ്ങൾ ഇനി നടക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കി
കേന്ദ്രത്തെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കടം വാങ്ങാനുള്ള സ്വാതന്ത്ര്യം പോലും കേരളത്തിന് നൽകുന്നില്ല. ഒറ്റക്കൊല്ലം കേന്ദ്രം നൽകാത്തത് 57000 കോടി രൂപയാണ്. കിഫ്‌ബി വഴി 6000 കോടി നൽകിയതുകൊണ്ടാണ് NH 66ന്റെ പണി പൂർത്തിയാവുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
മാറ്റിവെച്ച പ്രാദേശിക സമ്മേളനങ്ങൾ ഇനി നടക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കി. ഏരിയ കമ്മിറ്റികളിലെ വിഭാഗീയതയെക്കുറിച്ചും എംവി ഗോവിന്ദൻ പ്രതികരിച്ചു. തെറ്റായ ഒരു പ്രവണതയും പാർട്ടി അംഗീകരിക്കില്ല. പാർട്ടിക്കുള്ളിൽ തിരുത്തൽ വേണം. പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന നിലപാടുകൾ കരുനാഗപ്പള്ളിയിൽ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: എഡിഎമ്മിൻ്റെ മരണം; സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സർക്കാർ, ഹൈക്കോടതിയിൽ നിലപാടറിയിക്കും
ബൂർഷ്വാ മാധ്യമങ്ങളുടെ പ്രചാരവേലയിൽ അത്ഭുതമില്ല. വിമർശനം ഉന്നയിക്കാൻ പാർട്ടി അംഗങ്ങൾക്ക് അവകാശമുണ്ട്. വിമർശനം ആകാശത്ത് നിൽക്കുകയല്ലെന്ന് മാധ്യമങ്ങൾ കാണണം. അവസാന വാക്ക് പാർട്ടി നേതൃത്വത്തിന്റേതാണ്. ചർച്ച നടന്നത് വലിയ പാതകമാണെന്ന നിലയിലാണ് പത്രങ്ങൾ വാർത്ത നൽകുന്നത്. ചർച്ച വേണമെന്നാണ് അഭിപ്രായം. പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും അടക്കം ആരെ വേണമെങ്കിലും പാർട്ടിയിൽ വിമർശിക്കാം. വിമർശനം ഉണ്ടായാൽ മാത്രമേ പാർട്ടിയെ നവീകരിക്കാൻ കഴിയുകയുള്ളൂ. പഴയ ആളുകൾ മാറി പുതിയ ആളുകളെ ഉൾക്കൊള്ളണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
സംഭലിലെ ഷാഹി ജമാ മസ്ജിദുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളെ കുറിച്ചും സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു. സംഘപരിവാർ സർവേ നടത്തി പള്ളികൾ പൊളിക്കാൻ ശ്രമിക്കുകയാണ്. എല്ലാ പള്ളികളുടെയും അടിയിൽ ക്ഷേത്രം പരതുകയാണ് ഇപ്പോൾ. പ്രമുഖ മുസ്ലീം പള്ളികൾ ക്ഷേത്രം തകർത്തുകൊണ്ട് പണിതതെന്നാണ് അവർ പറയുന്നത്. വർഗീയ വിഭജനത്തിനാണ് ബിജെപി സർക്കാരിന്റെ ശ്രമം. സ്വന്തമായി ഭൂരിപക്ഷമില്ലാത്ത സർക്കാരാണ് ബിജെപിയുടേതെന്നും എം.വി ഗോവിന്ദൻ കൂട്ടിച്ചേർത്തു. കോൺഗ്രസിന് ബിജെപിയിൽ നിന്ന് വർഗപരമായ വ്യത്യാസമില്ല. കോൺഗ്രസ് ബിജെപിയെപ്പോലെ ഭരണവർഗമാണ്. കോൺഗ്രസിന്റെയും ബിജെപിയുടെയും താത്പര്യം കോർപ്പറേറ്റുകൾക്ക് അനുകൂലമാണ്. മൃദുഹിന്ദുത്വ നിലപാടാണ് കോൺഗ്രസിന്റേതെന്നും പറഞ്ഞു.
അതേസമയം, സ്റ്റേജ് വിവാദത്തിൽ എം.വി. ഗോവിന്ദൻ മാധ്യമങ്ങളെ വിമർശിച്ചു. സ്റ്റേജ് കെട്ടുന്നതല്ല പ്രധാന പ്രശ്നം. എങ്ങനെ കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കാം എന്നാണ് മാധ്യമങ്ങൾ നോക്കുന്നത്. താൻ എന്തെങ്കിലും അബദ്ധം പറയുമോ എന്ന് നോക്കാനാണ് മാധ്യമങ്ങൾ ഇവിടെ നിൽക്കുന്നത്. സമ്മേളനത്തിന് ആവശ്യത്തിന് പ്രചരണം മാധ്യമങ്ങൾ നൽകി. എല്ലാറ്റിനും പോസിറ്റീവും നെഗറ്റീവും ഉണ്ടെന്ന് മാധ്യമങ്ങൾക്ക് അറിയില്ല. ഇത്ര കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്ന വേറൊരു സ്ഥലവും, മാധ്യമങ്ങളും ഭൂമിയിൽ വേറെയില്ല. മാധ്യമങ്ങൾ സിപിഎമ്മിന് എതിരാണ്. വരികൾക്കിടയിൽ വായിക്കാനുള്ള ശേഷി കൊണ്ടാണ് സിപിഎം ഇവിടെ നിലനിൽക്കുന്നത്. പാർട്ടി വിരുദ്ധ മേഖലയിൽ മാധ്യമങ്ങൾ ശക്തമായി നിൽക്കുന്നുവെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
കൈരളി ചാനൽ ഇപ്പോൾ ആരും കാണുന്നില്ലെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. പാർട്ടിക്കാർ പോലും കാണുന്നില്ല. മൂലധന ശക്തികളാണ് ഇതിനൊക്കെ പിറകിൽ. തങ്ങൾക്ക് ആകെയുള്ളത് ദേശാഭിമാനിയും ജനയുഗവുമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.