രണ്ട് റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് കേരളത്തിന്റെ ഫൈനല്‍ പ്രവേശം ഉറപ്പാക്കിയത്
ലോക മാതൃഭാഷാ ദിനത്തില്‍ അമ്മ മലയാളത്തിന് മധുരം പകര്‍ന്ന് കേരള ക്രിക്കറ്റ് ടീം. രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരെ ഒന്നാം ഇന്നിങ്സ് ലീഡെടുത്ത കേരളം ഫൈനല്‍ ഉറപ്പാക്കി. 1957 മുതല്‍ രഞ്ജി ട്രോഫി കളിക്കുന്ന കേരളം ആദ്യമായാണ് ഫൈനലില്‍ പ്രവേശിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത കേരളം 457 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന്റെ ഇന്നിങ്സ് 455 റണ്‍സിന് അവസാനിച്ചു. രണ്ട് റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് കേരളത്തിന്റെ ഫൈനല്‍ പ്രവേശം ഉറപ്പാക്കിയത്. മത്സരം അഞ്ചാം ദിനത്തിലെത്തിയതോടെ, രണ്ട് ടീമുകളുടെയും രണ്ടാം ഇന്നിങ്സ് പൂര്‍ത്തിയാകുക അസാധ്യമാണ്. അതിനാല്‍ ഒന്നാം ഇന്നിങ്സ് ലീഡ് നേടുന്ന ടീം ഫൈനലിലെത്തും.
ഫൈനല്‍ മോഹങ്ങളുമായി പ്രതിരോധിച്ച് കളിച്ച കേരളത്തിന്, അതിവേഗ സ്കോറിങ്ങിലൂടെയായിരുന്നു ആദ്യ ദിനങ്ങളില്‍ ഗുജറാത്ത് മറുപടി നല്‍കിയത്. മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് മാത്രമാണ് ഗുജറാത്തിന് നഷ്ടമായത്. മത്സരം നാലാം ദിനത്തിലേക്ക് കടന്നപ്പോള്‍, കടുത്ത പ്രതിരോധവുമായി ഗുജറാത്ത് ബാറ്റര്‍മാര്‍ കേരളത്തിന്റെ ബൗളിങ് നിരയെ പരീക്ഷിച്ചു. മധ്യനിരയില്‍ ജയ്‌മീത് പട്ടേലായിരുന്നു കേരളാ ബൗളര്‍മാരെ വെള്ളം കുടിപ്പിച്ചത്. അര്‍ധ സെഞ്ചുറിയുമായി ജയ്‌മീത് ഇന്നിങ്സിന് ചുക്കാന്‍ പിടിച്ചപ്പോള്‍, പരമാവധി ബോളുകള്‍ പ്രതിരോധിച്ച് രണ്ടക്കം കടന്ന് സഹതാരങ്ങള്‍ മികച്ച പിന്തുണയേകി. അഞ്ചാം ദിനത്തിന്റെ ആദ്യ സെഷനില്‍ ജയ്‌മീത് വീണെങ്കിലും, വാലറ്റത്ത് ഗുജറാത്ത് താരങ്ങള്‍ കീഴടങ്ങാന്‍ കൂട്ടാകാതെ പൊരുതിനിന്നു. ഒന്‍പത് വിക്കറ്റ് നഷ്ടപ്പെട്ടപ്പോഴും, ആത്മവിശ്വാസമൊട്ടും ചോരാതെയാണ് ഗുജറാത്ത് താരങ്ങള്‍ ബാറ്റ് വീശിയത്. വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ കേരളവും ആക്രമണം മുറുക്കി. ഇടയ്ക്ക് ക്യാച്ചുകള്‍ വിട്ടുകളഞ്ഞത് തിരിച്ചടിയായെങ്കിലും 175ാം ഓവറില്‍ അതിനാടകീയമായി ഗുജറാത്ത് ഇന്നിങ്സ് അവസാനിച്ചു. ആദിത്യ സർവാതെയെ ബൗണ്ടറി കടത്താൻ നാഗസ്വാല അടിച്ച പന്ത് സൽമാൻ നിസാറിന്റെ ഹെൽമറ്റിൽ തട്ടി ഉയര്‍ന്നു പൊങ്ങി. ഫസ്റ്റ് സ്ലിപ്പിൽ ക്യാപ്റ്റൻ സച്ചിൻ ബേബി പന്ത് കൈയിലൊതുക്കി. ആശയക്കുഴപ്പത്തിനൊടുവിൽ അംപയർ ഔട്ട് വിളിച്ചതോടെ കേരളം ആഘോഷത്തിലേക്ക് കടന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം രണ്ടു ദിവസവും, മൂന്നാം ദിവസത്തിന്റെ ആദ്യ മണിക്കൂറും ബാറ്റ് ചെയ്താണ് 457 റണ്‍സ് നേടിയത്. 341 പന്തില്‍ 177 റണ്‍സെടുത്ത മുഹമ്മദ് അസ്ഹറുദീന്റെ പ്രകടനമായിരുന്നു കേരള ഇന്നിങ്സിന്റെ ഹൈലൈറ്റ്. സച്ചിന്‍ ബേബിയുടെയും (69), സല്‍മാന്‍ നിസാറിന്റെയും (52) അര്‍ധ സെഞ്ചുറികള്‍ ഇന്നിങ്സിന് കരുത്ത് പകര്‍ന്നു. അക്ഷയ് ചന്ദ്രന്‍ (30), രോഹന്‍ കുന്നുമ്മല്‍ (30), ജലജ് സക്സേന (30), അഹ്മദ് ഇമ്രാന്‍ (24) എന്നിവരും പൊരുതിനിന്നതോടെയാണ് കേരളത്തിന് മികച്ച സ്കോര്‍ സ്വന്തമായത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് ഓപ്പണര്‍മാരായ പ്രിയാങ്ക് പഞ്ചലും ആര്യ ദേശായിയും ചേര്‍ന്ന് മികച്ച അടിത്തറയിട്ടു. ഇരുവരും ചേര്‍ന്ന് 131 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് പടുത്തുയര്‍ത്തിയത്. 118 പന്തില്‍ 11 ഫോറും ഒരു സിക്സും ഉള്‍പ്പെടെ 73 റണ്‍സെടുത്ത് ആര്യ ദേശായി വീണെങ്കിലും, ഗുജറാത്ത് ഇന്നിങ്സിന്റെ വേഗത്തെ അത് ബാധിച്ചിരുന്നില്ല. ഒരു വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് എന്ന നിലയിലാണ് ഗുജറാത്ത് നാലാം ദിനം കളത്തിലിറങ്ങിയത്. ആദ്യ സെഷനില്‍ തന്നെ കേരളത്തിന്റെ ജലജ് സക്സേന നാശം വിതച്ചു. 30 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന മനന്‍ ഹിംഗ്രാജിയയെ മൂന്ന് റണ്‍സ് കൂട്ടിച്ചേര്‍ത്തതിനു പിന്നാലെ വിക്കറ്റിനു മുന്നില്‍ കുടുങ്ങി. 127 പന്തില്‍ 33 റണ്‍സാണ് ഹിംഗ്രാജിയ നേടിയത്. കേരളത്തിന്റെ ബൗളര്‍മാരെ വെള്ളംകുടിപ്പിച്ച പ്രിയങ്ക് പഞ്ചലായിരുന്നു സക്സേനയുടെ അടുത്ത ഇര. 31 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത പ്രിയങ്ക് ക്ലീന്‍ ബൗള്‍ഡ്. 237 പന്തില്‍ ഒരു സിക്സും 18 ഫോറും ഉള്‍പ്പെടെ 148 റണ്‍സാണ് പ്രിയങ്ക് അടിച്ചെടുത്തത്.
അതിവേഗം സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ച ഉര്‍വീല്‍ പട്ടേലിനെ സക്സേനയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദീന്‍ സ്റ്റംപ് ചെയ്തു. 43 പന്തില്‍ നിന്ന് 25 റണ്‍സായിരുന്നു ഉര്‍വീലിന്റെ സംഭാവന. 41 പന്തില്‍ 27 റണ്‍സെടുത്ത ഹേമാംഗ് പട്ടേല്‍ നിധീഷിന്റെ പന്തില്‍ സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ ഷോണ്‍ റോജറിന് ക്യാച്ച് കൊടുത്ത് മടങ്ങി. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റിന് 325 റണ്‍സ് എന്ന നിലയിലായിരുന്നു ഗുജറാത്ത്. രണ്ടാം സെഷന്റെ തുടക്കത്തിലും സക്സേന അപകടകാരിയായി. 14 പന്തില്‍ രണ്ട് റണ്‍സെടുത്ത ചിന്തന്‍ ഗാജ വിക്കറ്റിന് മുന്നില്‍ കുരുങ്ങി. 49 പന്തില്‍ 14 റണ്‍സെടുത്ത വിശാല്‍ ജയ്സ്വാള്‍ സര്‍വാതെയുടെ പന്തില്‍ ബേസിലിന് ക്യാച്ച് കൊടുത്തു മടങ്ങി. അപ്പോഴേക്കും മധ്യനിരയില്‍ ജയ്‌മീത് പട്ടേല്‍ നങ്കൂരമിട്ടിരുന്നു. ഏഴ് വിക്കറ്റിന് 429 റണ്‍സ് എന്ന നിലയിലാണ് ഗുജറാത്ത് നാലാം ദിനം കളി അവസാനിപ്പിച്ചത്.
മത്സരം അഞ്ചാം ദിനത്തിലേക്ക് കടന്നപ്പോള്‍, മൂന്ന് വിക്കറ്റ് ശേഷിക്കെ, 29 റണ്‍സായിരുന്നു കേരളത്തെ മറികടക്കാന്‍ ഗുജറാത്തിന് വേണ്ടിയിരുന്നത്. എന്നാല്‍ ആദ്യ സെഷന്റെ തുടക്കത്തില്‍ തന്നെ ജയ്‌മീത് പട്ടേല്‍ വീണു. 177 പന്തില്‍ 79 റണ്‍സെടുത്തു നിന്ന ജയ്‌മീതിനെ സര്‍വാതെയുടെ പന്തില്‍ കീപ്പര്‍ അസ്ഹറുദീന്‍ ക്യാച്ചെടുത്ത് പുറത്താക്കി. കീഴടങ്ങാന്‍ കൂട്ടാക്കാതെ പൊരുതിനിന്ന സിദ്ധാര്‍ഥ് ദേശായിയെ സര്‍വാതെ വിക്കറ്റിനു മുന്നില്‍ കുടുക്കി. 164 പന്തുകള്‍ പ്രതിരോധിച്ച സിദ്ധാര്‍ഥ് 30 റണ്‍സാണ് നേടിയത്. നാഗസ്വാല 48 പന്തില്‍ 10 റണ്‍സെടുത്ത് പുറത്തായപ്പോള്‍, പ്രിയജിത്ത് സിംഗ് ജഡേജ 30 പന്തില്‍ മൂന്ന് റണ്‍സെടുത്ത് പുറത്താകാതെ നിന്നു. അവസാന ദിവസത്തെ മൂന്ന് വിക്കറ്റ് ഉള്‍പ്പെടെ സര്‍വാതെയും ജലജ് സക്സേനയും നാല് വിക്കറ്റ് വീതം വീഴ്ത്തി. നിധീഷും ബേസിലും ഓരോ വിക്കറ്റും നേടി.