വെഞ്ഞാറമ്മൂട് നടത്തിയ സാംസ്കാരിക പരിപാടിക്കിടെയായിരുന്നു ശിവന്‍കുട്ടിയുടെ വിവാദ പ്രസ്താവന
കേരള സ്കൂള്‍ കലോത്സവത്തില്‍ അവതരണ ഗാനത്തിന്‍റെ നൃത്താവിഷ്കാരം പഠിപ്പിക്കാന്‍ പ്രമുഖ നടി വലിയ തുക ആവശ്യപ്പെട്ടെന്ന വിവാദ പ്രസ്താവന പിന്‍വലിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. നൃത്താവിഷ്കാരത്തിന് ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. വെഞ്ഞാറമ്മൂട് നടത്തിയ സാംസ്കാരിക പരിപാടിക്കിടെയായിരുന്നു ശിവന്‍കുട്ടിയുടെ വിവാദ പ്രസ്താവന.
കലോത്സവത്തിൽ നിന്നും പ്രശസ്തയായി മാറിയ ഒരു നടിയോട് ഏഴ് മിനിറ്റ് ദൈർഘ്യമുള്ള അവതരണ ഗാനത്തിന്‍റെ നൃത്താവിഷ്കാരം ചിട്ടപ്പെടുത്താന്‍ ആവശ്യപ്പെട്ടപ്പോൾ അഞ്ച് ലക്ഷം രൂപ ചോദിച്ചു. താന്‍ അതിന് മറുപടി നല്‍കിയില്ലെന്നും മന്ത്രി അറിയിച്ചു.
" ഇപ്പോൾ ലോഗോ പ്രകാശനം കഴിഞ്ഞിട്ടേയുള്ളൂ. സ്കൂൾ കലോത്സവം തുടങ്ങുന്നതിനു മുൻപ് ആവശ്യമില്ലാത്ത വിവാദങ്ങളും ചർച്ചകളും വേണ്ട. അതുകൊണ്ട് വെഞ്ഞാറമൂട്ടിൽ നടത്തിയ പ്രസ്താവന പിൻവലിക്കുന്നു. പല പേരുകളും ഉയർന്നു വന്നു. ആർക്കും വിഷമം ഉണ്ടാകേണ്ട. അതു കൊണ്ട് ഞാൻ അത് പിൻവലിച്ചു. പിൻവലിച്ചാൽ അത് വിട്ടേയ്ക്കൂ ", മന്ത്രി പറഞ്ഞു.
കുട്ടികൾക്ക് പ്രോത്സാഹനം നൽകാൻ സെലിബ്രിറ്റികളെ കൊണ്ടുവരാറുണ്ടെന്ന് പറഞ്ഞ ശിവന്‍കുട്ടി കഴിഞ്ഞ വർഷങ്ങളില്‍ കലോത്സവത്തിന്‍റെ ഭാഗമായ പ്രശസ്തരെ ഉദാഹരിക്കുകയും ചെയ്തു. കോഴിക്കോട് കലോത്സവത്തിൽ കെ. എസ്. ചിത്ര പങ്കെടുത്തുവെന്നും കൊല്ലത്ത് മമ്മൂട്ടി രണ്ട് മണിക്കൂർ കുട്ടികൾക്ക് വേണ്ടി ചെലവഴിച്ചുവെന്നും വി. ശിവന്‍കുട്ടി ചൂണ്ടിക്കാണിച്ചു.
ഇത്തവണ സ്കൂള്‍ കലോത്സവത്തിൽ ഗോത്രകലാരൂപങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളിലായി ആകെ 241 മത്സരങ്ങളാണുള്ളത്. നഗരപരിധിക്കുള്ളില്‍ 25 വേദികളിലാണ് മത്സരങ്ങള്‍ക്കായി ഒരുക്കുന്നത്. കുട്ടികളുടെ താമസത്തിനായി 25 സ്കൂളുകളുമുണ്ട്. 4000ത്തോളം കുട്ടികൾ പങ്കെടുക്കുന്ന കലോത്സവമാണ് ഇത്തവണ സംഘടിപ്പിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
ഇന്നാണ് കേരള സ്കൂള്‍ കലോത്സവത്തിന്‍റെ ലോഗോ പ്രകാശനം നടന്നത്. വി. ശിവൻകുട്ടി മന്ത്രി ജി. ആർ അനിലിന് ലോഗോ കൈമാറി. ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്താണ് കേരള സ്കൂൾ കലോത്സവം നടക്കുക.