വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടി വെറ്ററിനറി സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചു
വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാർഥന്റെ മരണത്തിൽ പ്രതികളായ 19 വിദ്യാര്‍ഥികളെ കേരള വെറ്ററിനറി സര്‍വകലാശാല പുറത്താക്കി. 19 വിദ്യാര്‍ഥികളും കുറ്റക്കാരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. വിദ്യാര്‍ത്ഥികള്‍ക്കെതിരായ നടപടി വെറ്ററിനറി സര്‍വകലാശാല ഹൈക്കോടതിയെ അറിയിച്ചു.
സിദ്ധാര്‍ഥന്റെ അമ്മ എം.ആര്‍. ഷീബ നല്‍കിയ ഹര്‍ജിയിലാണ് സര്‍വകലാശാലയുടെ നടപടി. 19 പേര്‍ക്ക് മറ്റ് കാമ്പസുകളില്‍ പ്രവേശനം നല്‍കിയത് ചോദ്യം ചെയ്തായിരുന്നു എം.ആര്‍. ഷീബ ഹര്‍ജി നൽകിയത്. ആന്റി റാഗിങ് കമ്മിറ്റി വിചാരണയ്ക്ക് ശേഷം മൂന്ന് വർഷത്തേക്ക് പുറത്താക്കിയ വിദ്യാർഥികൾക്ക് മണ്ണുത്തി കോളേജിൽ കോടതി നിർദ്ദേശപ്രകാരം പ്രവേശനം നൽകിയിരുന്നു. ഇതിനെതിരെയാണ് സിദ്ധാർഥന്റെ മാതാപിതാക്കൾ ഡിവിഷൻ ബെഞ്ചിന് അപ്പീൽ നൽകിയത്.
പൂക്കോട് വെറ്ററിനറി സർവകലാശാല രണ്ടാം വർഷ വിദ്യാർഥി സിദ്ധാർത്ഥനെ 2024 ഫെബ്രുവരി 18നാണ് ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സീനിയർ വിദ്യാർഥികളും സഹപാഠികളും സിദ്ധാർഥനെ ക്രൂരമായി മർദിച്ചിരുന്നതായി കണ്ടെത്തിയിരുന്നു. ക്യാമ്പസിൽ വെച്ച് സിദ്ധാർഥനെ ക്രൂരമായി ആക്രമിച്ചതായി അന്‍റി റാഗിങ് സ്ക്വാഡ് കണ്ടെത്തിയതിനെ തുടർന്നാണ് 19 വിദ്യാർഥികൾക്കെതിരെ സർവകലാശാല നടപടിയെടുത്തത്. ആത്മഹത്യാ പ്രേരണ ഉൾപ്പെടെ നിരവധി കുറ്റങ്ങളാണ് ഈ വിദ്യാർഥികൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. ഹോസ്റ്റലിൽ ദിവസങ്ങളോളം സിദ്ധാർഥൻ പീഡിപ്പിക്കപ്പെടുകയും ഭക്ഷണം നിഷേധിക്കപ്പെടുകയും ചെയ്തിരുന്നതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.