സിപിഐഎം സംസ്ഥാന സമ്മേളനത്തിനായി 20 ഫ്ലക്സ് ബോർഡുകളും 2500 കൊടിയും കെട്ടിയതിനാണ് പിഴ
കൊല്ലം നഗരത്തിൽ കൊടിയും ഫ്ലക്സും സ്ഥാപിച്ചതിന് സിപിഐഎമ്മിന് കൊല്ലം കോർപ്പറേഷന്റെ പിഴ. മൂന്നര ലക്ഷം രൂപ പിഴ അടയ്ക്കാനാവശ്യപ്പെട്ട് സിപിഐഎം ജില്ലാ സെക്രട്ടറിക്ക് കോർപ്പറേഷൻ സെക്രട്ടറി നോട്ടീസ് നൽകി. സിപിഐഎം സംസ്ഥാന സമ്മേളനത്തിനായി 20 ഫ്ലക്സ് ബോർഡുകളും 2500 കൊടിയും കെട്ടിയതിനാണ് പിഴ.
നിയമാനുസൃതം ഫ്ലക്സ് സ്ഥാപിക്കാനായി സിപിഐഎം നേതൃത്വം ഫീസ് അടച്ച് അനുമതി തേടിയിരുന്നു. എന്നാൽ ഈ അപേക്ഷയുടെ കാര്യത്തിൽ കോർപ്പറേഷൻ തീരുമാനമെടുത്തില്ല. കാഴ്ച മറയ്ക്കാതെയും, ഗതാഗത തടസമില്ലാതെയും നടപ്പാത കൈയ്യേറാതെയുമാണ് ഫ്ലക്സ് ബോർഡുകളും കൊടികളും സ്ഥാപിച്ചതെന്നാണ് സിപിഐഎം നേതൃത്വത്തിൻ്റെ വിശദീകരണം.
കൊല്ലം വഴി കണ്ണടച്ച് വരാൻ കഴിയില്ലെന്ന് ഇന്നലെ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചിരുന്നു. പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ നിരന്തരം കോടതി ഉത്തരവ് ലംഘിക്കുന്നുവെന്നായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ കുറ്റപ്പെടുത്തൽ. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുകൾ പാലിക്കാൻ സർക്കാർ ആരെയാണ് ഭയക്കുന്നതെന്നും കോടതി ചോദിച്ചിരുന്നു. നിയമത്തിനു മുകളിലാണ് തങ്ങളുടെ സ്ഥാനമെന്നാണ് പ്രധാന രാഷ്ട്രീയ പാർട്ടികൾ കരുതുന്നതെന്നും സർക്കാർ അതിനു കുടപിടിക്കുന്നുവെന്നും ഹൈക്കോടതി സിംഗിൾ ബഞ്ച് വിമർശിച്ചു. നിയമവിരുദ്ധമായി ഉയരുന്ന ഫ്ലക്സുകൾക്കും കൊടിതോരണങ്ങള്‍ക്കും പിന്നിൽ സർക്കാരുമായി ബന്ധമുള്ള വിഭാഗങ്ങളാണെന്നുമായിരുന്നു കോടതിയുടെ വിമർശനം. ടൂറിസത്തിന് ശുചിത്വം അത്യാവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.