കൊയിലാണ്ടി പൊലീസാണ് കേസെടുത്തിരിക്കുന്നത്. ബിഎന്‍എസ് 194 വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.
കോഴിക്കോട് കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞ് ഉണ്ടായ അപകടത്തില്‍ കേസെടുത്ത് പൊലീസ്. കൊയിലാണ്ടി പൊലീസാണ് കേസെടുത്തിരിക്കുന്നത്. ബിഎന്‍എസ് 194 വകുപ്പ് പ്രകാരം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.
അപകടത്തില്‍ മൂന്ന് പേര്‍ മരിക്കുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് സ്റ്റേഷന്‍ ഓഫീസര്‍ ശ്രീലാല്‍ ചന്ദ്രശേഖര്‍ അറിയിച്ചു.
അതേസമയം വിഷയത്തില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്വമേധയാ ഇടപെട്ടിരുന്നു. ഇത്തരം അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ആര്‍ക്കെതിരെയാണ് കേസെടുക്കേണ്ടതെന്ന് ചോദിച്ച കോടതി ഗുരുവായൂരുള്ള ആനയെ എന്തിനാണ് ഇത്ര ദൂരേയ്ക്ക് കൊണ്ടു പോയതെന്നും ചോദിച്ചു.
ദേവസ്വം ലൈവ് സ്റ്റോക് ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ആനയുടെ ഭക്ഷണ, യാത്ര രജിസ്റ്റര്‍ ഉള്‍പ്പടെയുള്ള രേഖകള്‍ ഹാജരാക്കണം. മൂന്ന് പേര്‍ മരിക്കുകയും മുപ്പതിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഗുരുവായൂര്‍ ദേവസ്വത്തോടും, വനം വകുപ്പിനോടും കോടതി വിശദീകരണം തേടി.
അതേസമയം ആന എഴുന്നള്ളിപ്പില്‍ ചട്ട ലംഘനം ഉണ്ടായതായി സോഷ്യല്‍ ഫോറസ്റ്ററി കണ്‍സര്‍വേറ്റര്‍ ആര്‍ കീര്‍ത്തി ഐഎഫ്എസ് വ്യക്തമാക്കി. എഡിഎം-വനം വകുപ്പ് എന്നിവര്‍ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വനം മന്ത്രിക്ക് കൈമാറി. നാട്ടാന പരിപാലന നിയമം ലംഘിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ക്ഷേത്ര കമ്മിറ്റിക്ക് വീഴ്ച സംഭവിച്ചെന്നും ക്ഷേത്രത്തിന് എഴുന്നള്ളത്തിനുള്ള അനുമതി റദ്ദാക്കാണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു. നാട്ടാന പരിപാലന ചട്ടം ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും, വീഴ്ച ഉണ്ടായാല്‍ കര്‍ശന നടപടി എടുക്കുമെന്നും വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വൈകുന്നേരത്തോടെ ജില്ലാ കളക്ടറും ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററും വനം വകുപ്പ് മന്ത്രിക്ക് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ക്ഷേത്രോത്സവത്തിന്റെ അവസാന ദിവസം ശീവേലി തൊഴാന്‍ നിന്നവരാണ് ആനകളുടെ മുന്നില്‍ പെട്ടത്. പലരും പലവഴിക്ക് ഓടുകയും ചിലര്‍ വീഴുകയും ചെയ്തു. ആനകളുടെ ആക്രമണത്തില്‍ ക്ഷേത്ര ഓഫീസ് അടക്കം തകര്‍ന്നു. ഓഫീസിന് താഴെ ഇരുന്നിരുന്ന, കുറുവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, വടക്കേയില്‍ രാജന്‍ എന്നിവരാണ് മരിച്ചത്.
വെടിമരുന്ന് പ്രയോഗം നടത്തിയത് കൊണ്ടാണ് ആനകള്‍ ഇടഞ്ഞതെന്ന് പറയാനാകില്ലെന്നും വനംവകുപ്പിന്റെയും, പൊലീസിന്റെയും എല്ലാ അനുമതിയും വാങ്ങിയിട്ടാണ് ആനകളെ കൊണ്ടുവന്നതെന്നും പ്രദേശവാസികള്‍ പറയുന്നു. വിരണ്ട രണ്ട് ആനകളെയും പെട്ടെന്ന് തന്നെ പാപ്പാന്മാരുടെ നേതൃത്വത്തില്‍ തളയ്ക്കാന്‍ സാധിച്ചതിനാല്‍ അപകടത്തിന്റെ വ്യാപ്തി കുറക്കാന്‍ കഴിഞ്ഞെന്നായിരുന്നു കൊയിലാണ്ടി നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു പറഞ്ഞത്.