കോമഡിക്ക് പ്രാധാന്യം നല്‍കികൊണ്ട് ഒരുക്കുന്ന ഒരു കുടുംബ ചിത്രമായിരിക്കും ഹൃദയപൂര്‍വ്വമെന്ന് സത്യന്‍ അന്തിക്കാട് നേരത്തെ അറിയിച്ചിരുന്നു.
മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയപൂര്‍വ്വം. നിലവില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സിനിമയില്‍ മാളവിക മോഹനന്‍ ആണ് നായിക എന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ വന്നിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ ഇപ്പോള്‍ ഔദ്യോഗിക പ്രഖ്യാപനം നടന്നിരിക്കുകയാണ്. മാളവിക സിനിമില്‍ ജോയിന്‍ ചെയ്ത വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മാളവിക തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. സ്വപ്‌നതുല്യമെന്നാണ് താരം സിനിമയുടെ ഭാഗമാകാന്‍ സാധിച്ചതിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
'എന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട ദിനങ്ങളില്‍ ഒന്നാണിത്. മോഹന്‍ലാല്‍, സത്യന്‍ അന്തിക്കാട് എന്നീ ഐക്കണുകള്‍ക്കൊപ്പം ഒരു സിനിമയുടെ ഭാഗമാവുക എന്നത് സ്വപ്‌നതുല്യമായ കാര്യമാണ്. ഇവരുടെ സിനിമകള്‍ കണ്ട് വളര്‍ന്ന ആളാണ് ഞാന്‍. സിനിമയെ കുറിച്ചുള്ള എന്റെ കാഴ്ച്ചപ്പാട് തന്നെ രൂപപ്പെടുത്തിയത് ഇവരാണ്', മാളവിക ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ചു.
കൊച്ചിയില്‍ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്. ഫെബ്രുവരി 14ഓടെയാണ് സെറ്റില്‍ മോഹന്‍ലാല്‍ ജോയിന്‍ ചെയ്തത്. കോമഡിക്ക് പ്രാധാന്യം നല്‍കികൊണ്ട് ഒരുക്കുന്ന ഒരു കുടുംബ ചിത്രമായിരിക്കും ഹൃദയപൂര്‍വ്വമെന്ന് സത്യന്‍ അന്തിക്കാട് നേരത്തെ അറിയിച്ചിരുന്നു. 'നൈറ്റ് ഷിഫ്റ്റ്' എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കിയ ടി പി സോനുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ചിത്രമാണിത്.
2024 ഡിസംബറിലാണ് ചിത്രം ആദ്യം ഷൂട്ടിംഗ് തുടങ്ങാന്‍ തീരുമാനിച്ചിരുന്നത്. പ്രേമലുവിലെ സംഗീത് പ്രതാപും സിദ്ദിഖും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാണെന്നും സൂചനയുണ്ട്. ചിന്താവിഷ്ടയായ ശ്യാമളയിലെ നടി സംഗീത മാധവന്‍ നായരും ചിത്രത്തിലുണ്ട്.
2015ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രമാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവിലായി പുറത്തിറങ്ങിയത്. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂര്‍വ്വം. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനവും നിര്‍വഹിക്കും.