മരിച്ച ശാലിനിയുടെ ജോലിയുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ കുടുംബം സിബിഐ അറസ്റ്റ് ഭയന്നിരുന്നതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു
കാക്കനാട് സെൻട്രൽ എക്സൈസ് ക്വാട്ടേഴ്സിലെ കൂട്ട ആത്മഹത്യയിലെ ഇളമകൾ പ്രിയ വിജയുടെ മൊഴി പുറത്ത്. അമ്മ ശകുന്തള അഗർവാൾ സിബിഐയുടെ അറസ്റ്റ് ഭയന്നിരുന്നതായി മനീഷ് വിജയുടെ സഹോദരി പ്രിയ വിജയ് പൊലീസിനെ അറിയിച്ചു. പരീക്ഷാ ക്രമക്കേട് കേസിൽ മകൾ ശാലിനിയെ സിബിഐ അറസ്റ്റ് ചെയ്യുമെന്ന് അമ്മ ഭയന്നിരുന്നു. അമ്മ തൂങ്ങിമരിച്ചതിലുള്ള മനോവിഷമം കാരണമാകാം സഹോദരനും സഹോദരിയും ആത്മഹത്യ ചെയ്തതെന്നും ഇവർ പൊലീസിന് മൊഴി നൽകി.
ജാർഖണ്ഡ് പബ്ലിക്ക് സർവ്വീസ് കമ്മീഷൻ പരീക്ഷ ക്രമക്കേടിൽ ശാലിനിയെ സിബിഐ ചോദ്യം ചെയ്യുന്നത് ശകുന്തള അഗർവാൾ ഭയന്നിരുന്നു. ഇക്കാര്യം അമ്മ തന്നോട് പങ്കുവെച്ചിരുന്നതായാണ് ഇളയ മകളുടെ മൊഴി. അമ്മ ആത്മഹത്യ ചെയ്ത ശേഷമാകാം സഹോദരനും സഹോദരിയും ഒരുമിച്ച് ജീവനൊടുക്കാമെന്ന് തീരുമാനിച്ചത്. മനീഷ് വിജയ് ജാർഖണ്ഡിലേക്ക് പോകാൻ ടിക്കറ്റ് എടുത്തിരുന്നെന്നും ഇളയ മകൾ പറഞ്ഞു.
മരിച്ച ശാലിനിയുടെ ജോലിയുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തില്‍ കുടുംബം സിബിഐ അറസ്റ്റ് ഭയന്നിരുന്നതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ശാലിനിയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ സിബിഐ നോട്ടീസ് നൽകിയിരുന്നു. സിബിഐക്ക് മുന്നിൽ പോകാതെ നാട് വിടാമെന്ന് മക്കളോട് ശകുന്തള അഗർവാൾ ആവശ്യപ്പെട്ടിരുന്നെന്നും പ്രിയ പൊലീസിനെ അറിയിച്ചു. ഇക്കാര്യമാവാം കൂട്ടആത്മഹത്യയ്ക്ക് കാരണമെന്ന നിഗമനത്തിലാണ് നിലവിൽ പൊലീസ്.
മൂന്നുപേരുടേയും തൂങ്ങിമരണമാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് നേരത്തെ പുറത്തെത്തിയിരുന്നു. അമ്മ ശകുന്തള അഗർവാളിൻ്റെ മൃതദേഹത്തിൽ അന്ത്യകർമം ചെയ്ത ശേഷമായിരുന്നു മക്കൾ ജീവനൊടുക്കിയത്. അമ്മയുടെ കർമ്മത്തിനായി പൂക്കൾ വാങ്ങിയതിന്റെ ബില്ലുകൾ ക്വാട്ടേഴ്സിൽ നിന്ന് കണ്ടെത്തിയിരുന്നു. ജിഎസ്ടി അഡീഷണല്‍ കമ്മീഷണറും കുടുംബവും ആത്മഹത്യ ചെയ്തത് അറസ്റ്റ് ഭയന്നാണെന്ന നിഗമനത്തിലായിരുന്നു തുടക്കം മുതൽക്കെ പൊലീസ്. വീട്ടില്‍ നിന്ന് ഹിന്ദിയില്‍ എഴുതിയ കുറിപ്പ് പൊലീസിന് ലഭിച്ചിരുന്നു. വിദേശത്തുള്ള സഹോദരിയെ വിവരമറിയിക്കണമെന്നും സ്വത്തുക്കളുടെ ആധാരങ്ങളും സഹോദരിക്ക് കൈമാറണമെന്നുമാണ് കത്തില്‍ പറയുന്നത്.
2006 ല്‍ ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ശാലിനി ഡെപ്യൂട്ടി കളക്ടര്‍ പദവിയിലായിരുന്നു ജോലി ചെയ്തിരുന്നത്. എന്നാല്‍, പിന്നീട് റാങ്ക് പട്ടിക സംബന്ധിച്ച് പരാതി ഉയരുകയും പട്ടിക റദ്ദാക്കുകയും ചെയ്തിരുന്നു. ശാലിനിയുടെ ജോലിയും നഷ്ടമായി. പരീക്ഷ ക്രമക്കേടില്‍ 2012 ല്‍ സിബിഐ അന്വേഷണം ആരംഭിച്ചിരുന്നു. 2024 ല്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. കേസില്‍ വിചാരണ ആരംഭിക്കാനിരിക്കേയാണ് ശാലിനിയേയും കുടുംബത്തേയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ കാക്കനാടുള്ള സെന്‍ട്രല്‍ എക്‌സൈസ് ക്വാര്‍ട്ടേഴ്‌സില്‍ ജിഎസ്ടി അഡീഷണല്‍ കമ്മീഷണര്‍ മനീഷ് വിജയ്, സഹോദരി ശാലിനി, ഇവരുടെ അമ്മ ശകുന്തള എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടായിരുന്നു.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)