ഇന്നലെ രാത്രിയോടെ കണ്ടെത്തിയ വിഷ്ണുവുമായി പൊലീസ് സംഘം നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്
എലത്തൂർ സ്വദേശിയായ സൈനികൻ വിഷ്ണുവിനെ ഒടുവിൽ കണ്ടെത്തി. ബംഗളൂരുവിൽ വച്ചാണ് അന്വേഷണസംഘം വിഷ്ണുവിനെ കണ്ടെത്തിയത്.
ഇന്നലെ രാത്രിയോടെ കണ്ടെത്തിയ വിഷ്ണുവുമായി പൊലീസ് സംഘം നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. അച്ഛനോടും അമ്മയോടും ഇദ്ദേഹം ഫോണിൽ സംസാരിച്ചുവെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കോഴിക്കോട് കണ്ടംകുളങ്ങര സ്വദേശിയായ വിഷ്ണുവിനെ കഴിഞ്ഞ മാസം 17നാണ് കാണാതായത്. വീട്ടിലേക്കുള്ള യാത്രക്കിടയിലാണ് ഇദ്ദേഹത്തെ കാണാതായത്.
ALSO READ: മലയാളി സൈനികനെ കാണാതായ സംഭവം; പൂനെ മിലിട്ടറി ക്യാമ്പിലെ ഉദ്യോഗസ്ഥരുടെ മൊഴിയെടുത്ത് കേരള പൊലീസ്
വിഷ്ണു കഴിഞ്ഞ ഒന്നര വർഷമായി പൂനെ മിലിട്ടറി അക്കാദമിയിൽ ജോലി ചെയ്യുകയായിരുന്നു. 17 ന് പുലർച്ചെ രണ്ടേകാലോടെ കണ്ണൂരിലെത്തിയെന്ന് അമ്മക്ക് വാട്സ്ആപ്പിൽ ശബ്ദ സന്ദേശം അയച്ചു. എന്നാൽ അമ്മക്ക് മെസ്സേജ് അയക്കുമ്പോൾ വിഷ്ണുവിൻ്റെ ഫോൺ ലൊക്കേഷൻ പൂനെയിൽ ആയിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
ALSO READ: ടിക്കറ്റ് നിരക്കിൽ കുറവ് വരുത്തി; നവകേരള ബസ് ഇന്നുമുതൽ സർവീസ് പുനരാരംഭിക്കും
കുടുംബാംഗങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ എലത്തൂർ പൊലീസ് പൂനെയിൽ എത്തി അന്വേഷിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. പൂനെ റെയിൽവേ സ്റ്റേഷനടുത്തുള്ള എടിഎമ്മിൽ നിന്ന് വിഷ്ണു പണം പിൻവലിക്കുന്ന ദൃശ്യം മാത്രമാണ് ആകെ ലഭിച്ചത്.നാട്ടിലേക്ക് പോകുകയാണെന്നാണ് വിഷ്ണു മിലിറ്ററി അക്കാദമിയിയിൽ അറിയിച്ചത്. വിഷ്ണുവിന്റെ ഫോൺ ലൊക്കേഷൻ ലഭിക്കാത്തതാണ് അന്വേഷണത്തിന് തിരിച്ചടിയായിരുന്നു. ഇതിനു പിന്നാലെയാണ് വിഷ്ണുവിനെ കണ്ടെത്തിയെന്ന വാർത്ത പുറത്തുവരുന്നത്.