സർട്ടിഫിക്കറ്റുകൾക്കായി ഈടാക്കുന്ന ഫീസിൽ ഒരു ഭാഗം ഇൻഫർമേഷൻ കേരള മിഷൻ്റെ നടത്തിപ്പിനായി വിനിയോഗിക്കും
കെ-സ്മാർട്ട് നടത്തിപ്പ് സാമ്പത്തിക പ്രതിസന്ധിയിലായ സാഹചര്യത്തിൽ ഫീസ് നിരക്ക് വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. സർട്ടിഫിക്കറ്റുകൾക്കായി ഈടാക്കുന്ന ഫീസിൽ ഒരു ഭാഗം ഇൻഫർമേഷൻ കേരള മിഷൻ്റെ നടത്തിപ്പിനായി വിനിയോഗിക്കും. അഞ്ച് മുതൽ 10 രൂപ വരെയാണ് ഫീസ് ഇനത്തിൽ ഈടാക്കുക.
തദ്ദേശ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി അനുപമ ടി.വിയാണ് ഫീസ് നിരക്ക് വർധിപ്പിച്ച് ഉത്തരവിറക്കിയത്. നിലവിലെ ബജറ്റ് വിഹിതം അപര്യാപ്തമായതിനാൽ ഇൻഫർമേഷൻ കേരള മിഷന്റെ പ്രവർത്തനങ്ങൾ നിലയ്ക്കുന്ന സാഹചര്യമെന്നും ഉത്തരവിൽ പറയുന്നു. ഏപ്രിൽ ഒന്ന് മുതൽ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കെ-സ്മാർട്ട് പദ്ധതി നടപ്പാക്കാനാണ് തീരുമാനം. അതിനു മുന്നോടിയായാണ് ഉത്തരവിറക്കിയിരിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന സംസ്ഥാന സർക്കാർ പദ്ധതിയാണ് കെ-സ്മാർട്ട് അഥവാ കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻഫർമേഷൻ. 2024 ജനുവരി ഒന്ന് മുതൽ പദ്ധതിയും കെ-സ്മാർട്ട് മൊബൈൽ ആപ്പും നിലവിൽ വരുമെന്നാണ് അറിയിച്ചിരുന്നത്. കേരളത്തിലെ എല്ലാ മുൻസിപ്പൽ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ആദ്യ ഘട്ടത്തിൽ കെ-സ്മാർട്ട് വിന്യസിച്ചത്. ഏപ്രിൽ ഒന്നിന് കെ-സ്മാർട്ട് ഗ്രാമപഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതി. ഇതോടെ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുമുള്ള സേവനങ്ങൾ സമയബന്ധിതമായി ഓഫീസുകളിൽ പോകാതെ തന്നെ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യം. ജനുവരി ഒന്നിന് 87 നഗരസഭകളിലും ആറ് കോർപ്പറേഷനുകളിലും നിലവിൽ വന്ന ആപ്ലിക്കേഷനിൽ ഇപ്പോഴും പലയിടത്തും സേവനങ്ങൾ ലഭിക്കുന്നില്ലെന്നാണ് പരാതി.