fbwpx
നിയമം അനുസരിക്കുന്ന പൗരന്‍; അന്വേഷണവുമായി സഹകരിക്കും: അല്ലു അര്‍ജുന്‍
logo

ന്യൂസ് ഡെസ്ക്

Posted : 14 Dec, 2024 12:25 PM

TELUGU MOVIE


പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് വീട്ടമ്മ മരിച്ച സംഭവത്തില്‍ ജയില്‍ മോചിതനായ ശേഷം പ്രതികരണവുമായി അല്ലു അര്‍ജുന്‍. നിയമം പാലിക്കുന്ന പൗരനാണ് താനെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും അല്ലു അര്‍ജുന്‍ പ്രതികരിച്ചു.

ഇന്ന് രാവിലെയാണ് ചഞ്ചല്‍ഗുഡ ജയിലില്‍ നിന്നും അല്ലു അര്‍ജുന്‍ പുറത്തിറങ്ങിയത്. ഇന്നലെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്ത താരത്തിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് ജാമ്യ ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കാന്‍ വൈകിയതിനാല്‍ നടന് ഒരു രാത്രി ജയിലില്‍ കഴിയേണ്ടി വന്നു.

താരത്തെ പിന്തുണച്ച് വലിയൊരു കൂട്ടം ആരാധകര്‍ ചഞ്ചല്‍ഗുഡ ജയിലിന് പുറത്ത് തടിച്ചു കൂടിയിരുന്നു. പിന്തുണച്ചവര്‍ക്കെല്ലാം നന്ദിയുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അല്ലു അര്‍ജുന്‍ പ്രതികരിച്ചു. പുഷ്പയുടെ പ്രീമിയര്‍ ഷോയ്ക്കിടെ ജീവന്‍ നഷ്ടപ്പെട്ട രേവതിയുടെ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നുവെന്നും അല്ലു അര്‍ജുന്‍ ആവര്‍ത്തിച്ചു. നിര്‍ഭാഗ്യകരമായ കാര്യമാണ് നടന്നതെന്നും സംഭവിച്ചതില്‍ ഖേദം രേഖപ്പെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

Also Read: അല്ലു അർജുൻ ജയിൽ മോചിതനായി; പിൻഗേറ്റിലൂടെ പുറത്തിറങ്ങി

പുഷ്പ 2 പ്രീമിയര്‍ ഷോ കാണാനെത്തി തിക്കിലും തിരക്കിലും പെട്ടാണ് ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39) മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ തേജിനും (9) സാന്‍വിക്കും (7) ഒപ്പമാണ് സന്ധ്യ തിയേറ്ററില്‍ രേവതി പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്. മുന്നറിയിപ്പൊന്നുമില്ലാതെ നടന്‍ അല്ലു അര്‍ജുന്‍ തീയേറ്ററില്‍ സിനിമ കാണാനെത്തിയതിനെ തുടര്‍ന്ന് ഉണ്ടായ തിരക്കിനിടയിലാണ് ദാരുണ സംഭവം ഉണ്ടായതെന്ന് ഹൈദരാബാദ് പൊലീസിന്റെ വാദം.

അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ, ഭാര്യ മരിക്കാനിടയായ തിക്കിനും തിരക്കിനും അല്ലു അര്‍ജുന്‍ ഉത്തരവാദിയല്ലെന്നും പരാതി പിന്‍വലിക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കി രേവതിയുടെ ഭര്‍ത്താവ് ഭാസ്‌കറും രംഗത്തെത്തിയിരുന്നു.

KERALA
ആരിഫ് മുഹമ്മദ് ഖാൻ ഇനി ബിഹാർ ഗവർണർ; കേരള ഗവർണറായി രാജേന്ദ്ര വിശ്വനാഥ് ആർലെകർ
Also Read
user
Share This

Popular

KERALA
KERALA
ക്രിസ്‌മസ് ദിനത്തിലും സംഘർഷം; കരോൾ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക്