fbwpx
ഉയിർത്തെഴുന്നേൽക്കുമോ ഇതിഹാസം; ഷൂമിയെ കാത്ത് ലോകം
logo

നസീബ ജബീൻ

Last Updated : 04 Jan, 2025 04:50 PM

ഇങ്ങനെ അല്ലാതെ ഷൂമിയെ ലോകം കാണേണ്ടതില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം കരുതിയിട്ടാകണം, അപകടത്തിനു ശേഷം അദ്ദേഹത്തെ കുറിച്ചുള്ള വാര്‍ത്തകളോ ഫോട്ടോകളോ ഒന്നും കുടുംബം പുറത്തുവിട്ടിട്ടില്ല.

WORLD


നാല്‍പ്പത്തിനാലാം പിറന്നാളിന് നാല് നാളുകള്‍ ബാക്കി നില്‍ക്കേയായിരുന്നു അത് സംഭവിക്കുന്നത്..

സ്റ്റിയറിങ്ങില്‍ കൈ പതിപ്പിച്ച് ട്രാക്കില്‍ അനായാസം കാര്‍ നിയന്ത്രിച്ച എഫ് വണ്ണിലെ ചക്രവര്‍ത്തിക്ക് അന്നാദ്യമായി നിയന്ത്രണം നഷ്ടമായി. ഫ്രഞ്ച് ആല്‍പ്‌സ് പര്‍വത നിരകളില്‍ സ്‌കീയിങ്ങിനിടെ തെന്നിവീണ് തല പാറയിലിടിച്ചു മൈക്കിള്‍ ഷൂമാക്കറിന് ഗുരുതരമായി പരുക്കേറ്റു.

അത് കഴിഞ്ഞ് പതിനൊന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. 2013 ഡിസംബര്‍ 29 നുണ്ടായ ആ നശിച്ച ദിവസത്തിനു ശേഷം ഷൂമിയെ ലോകം കണ്ടിട്ടില്ല. റേസിങ് ട്രാക്കുകളിലെ വേഗവും ലോകത്തിന്റെ ചലനവും ആ മനുഷ്യന്‍ നിശബ്ദനായി അറിയുന്നുണ്ടാകണം.

വീണ്ടുമൊരു ജനുവരി 3 എത്തിയിരിക്കുന്നു. ഷൂമാക്കറിന് 56 വയസ്സ് പൂര്‍ത്തിയായിരിക്കുന്നു. ലോകം മുഴുവനുമുള്ള ആരാധകര്‍ അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേരുകയാണ്.

ഫോര്‍മുല വണ്ണില്‍ ലോകം കണ്ട ഏറ്റവും മികച്ച ഡ്രൈവര്‍, ട്രാക്കിലൂടെ കവിത പോലെ കാറോടിക്കുന്ന മാന്ത്രികന്‍, വളവുകളിലെ മാസ്മരികതയും ട്രാക്കിലെ നിയന്ത്രണങ്ങളും. ഇങ്ങനെ അല്ലാതെ ഷൂമിയെ ലോകം കാണേണ്ടതില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം കരുതിയിട്ടാകണം, അപകടത്തിനു ശേഷം അദ്ദേഹത്തെ കുറിച്ചുള്ള വാര്‍ത്തകളോ ഫോട്ടോകളോ ഒന്നും കുടുംബം പുറത്തുവിട്ടിട്ടില്ല.


ഏഴ് തവണ ഫോര്‍മുല വണ്‍ ലോകചാമ്പ്യനായ ജര്‍മ്മന്‍ താരം മൈക്കല്‍ ഷൂമാക്കര്‍ വേഗതയുടെ ലോകത്തു നിന്നും അപ്രതീക്ഷിതമായി അകന്നു പോയ കഥയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ഷൂമിയില്ലാത്ത പത്ത് പതിനൊന്ന് കൊല്ലങ്ങള്‍ക്കിടയില്‍ ഫോര്‍മുല വണ്ണിലും ലോകത്തും ഒരുപാട് മാറ്റങ്ങളുണ്ടായി. ട്രാക്കില്‍ പുതിയ രാജാക്കന്മാര്‍ ഉണ്ടായി, പല വമ്പന്മാര്‍ക്കും കാലിടറി.


Also Read; ഞാൻ രണ്ടു കുട്ടികളുടെ പിതാവ്, എപ്പോൾ പോകണമെന്ന് പറയേണ്ടത് പുറത്തുള്ളവരല്ല: രോഹിത് ശർമ


1950 കളിലാണ് ഫോര്‍മുല വണ്‍ ലോകചാമ്പ്യന്‍ഷിപ് തുടങ്ങുന്നത്. ഇതിനകം നിരവധി പേര്‍ ലോക ചാമ്പ്യന്‍മാരായി. നിരവധി പേര്‍ ഒന്നിലധികം ചാമ്പ്യന്‍ഷിപ്പുകള്‍ നേടി. എന്നാല്‍, ഏഴ് തവണ ലോക ചാമ്പ്യനായ രണ്ടേ രണ്ടു പേര്‍ മാത്രമേ ഈ ഭൂമിയിലുള്ളൂ. ഒന്ന് സാക്ഷാല്‍ മൈക്കിള്‍ ഷൂമാക്കര്‍, മറ്റൊരാള്‍ ബ്രിട്ടന്റെ ലൂയിസ് ഹാമില്‍ട്ടണ്‍.

1969 ജനുവരി മൂന്നിന് ജര്‍മനിയിലാണ് മൈക്കിള്‍ ഷൂമാക്കറിന്റെ ജനനം. കുട്ടിക്കാലത്തു തന്നെ റേസിങ്ങിലായിരുന്നു ഷൂമിക്ക് താത്പര്യം. അതിന് വഴിയൊരുക്കിയത് പിതാവും. 1984 ലും 85 ലും ജര്‍മന്‍ ജൂനിയര്‍ കാര്‍ട്ടിങ് ചാമ്പ്യന്‍ഷിപ്പിലെ ജേതാവായിരുന്നു ഷൂമാക്കര്‍. 87 ല്‍ ജര്‍മന്‍, യൂറോപ്യന്‍ കാര്‍ട്ടിങ് ടൈറ്റിലുകള്‍ സ്വന്തമാക്കിയ ഷൂമാക്കര്‍ തൊട്ടടുത്ത വര്‍ഷം, പത്തൊമ്പതാമത്തെ വയസ്സില്‍ കാര്‍ട്ടിങ് ഉപേക്ഷിച്ചു.

നേരെ എത്തിയത് ഫോര്‍മുല ത്രീയിലേക്ക്. എഫ് വണ്‍ റേസേഴ്‌സിനേക്കാള്‍ ശക്തി കുറഞ്ഞ വാഹനങ്ങള് എഫ് ത്രീയില്‍. മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ ജര്‍മന്‍ എഫ് ത്രീ ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കി. പിന്നീട് എഫ് ത്രീയോടും വിട പറഞ്ഞ ഷൂമി ജോര്‍ദാന്‍ ടീമിന്റെ ഡ്രൈവറായി 91 ല്‍ എഫ് വണ്ണിലേക്ക് കടന്നു, അതായിരുന്നു തുടക്കം... തൊട്ടടുത്ത വര്‍ഷം ബെനെറ്റണ്‍ ടീമിലേക്ക് ചേക്കേറിയ ഷൂമി 94 ലും 95 ലും ഡ്രൈവേഴ്‌സ് ലോക ചാമ്പ്യന്‍ഷിപ്പ് നേടി. ഫോര്‍മുല വണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യമായി ഷൂമാക്കറിന്റെ പേര് എഴുതപ്പെട്ടു.


96 ലാണ് മൈക്കിള്‍ ഷൂമാക്കര്‍ ഫെറാരിയില്‍ എത്തുന്നത്. ആ വര്‍ഷം നടന്ന ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാമനായിരുന്നു അദ്ദേഹം. ഉയര്‍ച്ചകള്‍ മാത്രമുള്ളതായിരുന്നില്ല ആ കരിയര്‍. വീണും മരണം മുന്നില്‍ കണ്ടും ഉയര്‍ത്തെഴുന്നേറ്റും എഴുതിയെടുത്ത ട്രാക്ക് റെക്കോര്‍ഡുകളായിരുന്നു അതൊക്കെയും.

1999 ലുണ്ടായ അപകടത്തില്‍ കാലിന് പരിക്കേറ്റതിനെ തുടര്‍ന്നുണ്ടായ പിന്മാറ്റം, ഒരു കുതിച്ചു ചാട്ടത്തിന് മുന്നോടിയായിരുന്നു. തൊട്ടടുത്ത വര്‍ഷം ഫെറാരിയില്‍ നിന്ന് തന്റെ രണ്ടാമത്തെ ചാമ്പ്യന്‍ഷിപ്പ് അയാള്‍ നേടി. ഷൂമാക്കര്‍ അന്ന് തിരുത്തി എഴുതിയത് ഫെറാരിയുടെ ചരിത്രം കൂടിയായിരുന്നു. 1979 ന് ശേഷം 20 വര്‍ഷങ്ങള്‍ക്കു ഫെറാരിക്ക് ലഭിക്കുന്ന ആദ്യ ഡ്രൈവേഴ്‌സ് ടൈറ്റില്‍.


Also Read; ലോകകപ്പ് നേട്ടം, ഇതിഹാസങ്ങളുടെ പടിയിറക്കം... 2024ൽ ഇന്ത്യൻ ക്രിക്കറ്റിലേക്ക് ഒരു തിരിഞ്ഞുനോട്ടം!


2000 മുതല്‍ 2004 വരെയുള്ള കാലം ഷൂമാക്കറിന്റേതായിരുന്നു. 2001ല്‍ കിരീടം നിലനിര്‍ത്തി. 2002, 2003, 2004 വര്‍ഷങ്ങളിലും കിരീട ജേതാവ്. ഏഴ് എഫ്1 കിരീടങ്ങള്‍ നേടി ജുവാന്‍ മാനുവല്‍ ഫാംഗിയോയുടെ 50 വര്‍ഷം പഴക്കമുണ്ടായിരുന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കി. അഞ്ച് കിരീടങ്ങളായിരുന്നു ഫാംഗിയോയ്ക്കുണ്ടായിരുന്നത്.

2005 ലാണ് ഷൂമാക്കറിന്റെ പ്രഭാവത്തിന് മങ്ങലേല്‍പ്പിച്ചു കൊണ്ട് ഫെര്‍ണാണ്ടോ അലന്‍സോ എത്തുന്നത്. 2005 ല്‍ മൂന്നാമനായും 2006 ല്‍ രണ്ടാമതുമായി. 2006 ല്‍ തന്നെ അദ്ദേഹം വിരമിക്കുന്നതായും പ്രഖ്യാപിച്ചു. വിരമിക്കുന്ന സമയത്ത് 91 എ വണ്‍ ഗ്രാന്‍ഡ് പ്രിക്‌സ് റേസ് ജയങ്ങളാണ് ഷൂമാക്കറിന്റെ പേരിലുണ്ടായിരുന്നത്. ഫ്രഞ്ച് ഡ്രൈവറായിരുന്ന അലൈന്‍ പ്രോസ്റ്റിന്റെ 51 എന്ന റെക്കോര്‍ഡും പഴങ്കഥയായിരുന്നു.

വിരമിച്ചെങ്കിലും ഫെറാരിയുമായുള്ള ബന്ധം ഷൂമാക്കര്‍ അവസാനിപ്പിച്ചിരുന്നില്ല. ഫെറാരിയുടെ ടെസ്റ്റ് ഡ്രൈവറായും ഉപദേശകാനും അദ്ദേഹം തുടര്‍ന്നു. 2009ല്‍ മെഴ്‌സിഡസിലൂടെ റേസിങ് ട്രാക്കിലേക്ക് ഒരു കംബാക്ക് ഷൂമാക്കര്‍ നടത്തിയെങ്കിലും മടങ്ങി വരവ് തീര്‍ത്തും നിറംമങ്ങിപ്പോയിരുന്നു. 2012 ല്‍ വീണ്ടും വിരമിക്കല്‍.

ഒരിക്കല്‍ കൂടി 2013 ഡിസംബര്‍ 29 ലേക്ക് തിരികെ വരാം. റിട്ടയര്‍മെന്റിനു ശേഷമുള്ള അവധിക്കാലം ആഘോഷിക്കാന്‍ ആല്‍പ്‌സ് പര്‍വത നിരകളിലേക്കുള്ള യാത്ര, അവിടെ മകനൊപ്പം സ്‌കീയിങ്ങിനിടയില്‍ ഏതോ ഒരു നിമിഷം സംഭവിച്ച പാളിച്ച. തല പാറയിലിടിച്ചു ഗുരുതരമായേറ്റ പരുക്കില്‍ നിന്നും മുക്തനാകാന്‍ അയാള്‍ക്കായില്ല. അതിവേഗതയില്‍ ഓടിച്ചു പോയ കാര്‍ സഡന്‍ ബ്രേക്കില്‍ പെട്ടന്ന് നിലച്ചതു പോലെ. തീപാറുന്ന റേസിങ് ട്രാക്കില്‍ പതറാതിരുന്ന അത്ഭുത മനുഷ്യന് മഞ്ഞുമലയില്‍ ഏത് സെക്കന്റിലാകും നിയന്ത്രണം നഷ്ടമായിട്ടുണ്ടാകുക.


അപകടം നടക്കുമ്പോള്‍ ഷൂമാക്കറിന്റെ മകന്‍ മിക്കിന് പതിനാല് വയസ്സായിരുന്നു. ഇന്ന് അച്ഛനില്ലാത്ത ട്രാക്കില്‍ മിക്ക് ഷൂമാക്കറുണ്ട്. അച്ഛന്റെ പാത പിന്തുടര്‍ന്ന് റേസിങ് ട്രാക്കിലെത്തിയ മിക്കിന് ഇതുവരെ നേട്ടങ്ങള്‍ കൈയ്യെത്തി പിടിക്കാനായിട്ടില്ല. എങ്കിലും, കാത്തിരിക്കാം ഷൂമാക്കര്‍ എന്ന പേര് വീണ്ടും എഫ് വണ്‍ ട്രാക്കില്‍ ഉയരുന്നതിനായി.

NATIONAL
ഗുജറാത്തിലും HMPV രോഗബാധയെന്ന് സംശയം; ഇന്ത്യയിൽ കണ്ടെത്തിയ മൂന്ന് കേസുകളും കുഞ്ഞുങ്ങളിൽ, വിശദീകരണം നൽകി ICMR
Also Read
user
Share This

Popular

KERALA
NATIONAL
ഗുജറാത്തിലും HMPV രോഗബാധയെന്ന് സംശയം; ഇന്ത്യയിൽ കണ്ടെത്തിയ മൂന്ന് കേസുകളും കുഞ്ഞുങ്ങളിൽ, വിശദീകരണം നൽകി ICMR