fbwpx
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ ചാംപ്യന്മാർ; ടോട്ടനത്തെ തകർത്ത് ചെമ്പടയുടെ കിരീടധാരണം, സ്കോർ 5-1
logo

ന്യൂസ് ഡെസ്ക്

Posted : 28 Apr, 2025 07:28 AM

ലീഗിലെ 34 മത്സരങ്ങളിൽ രണ്ട് മത്സരങ്ങളിൽ മാത്രമാണ് ലിവർപൂൾ തോൽവിയറിഞ്ഞത്

FOOTBALL


ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ ചാംപ്യന്മാർ. ടോട്ടനത്തെ ഒന്നിനെതിരെ അഞ്ച് ഗോളിന് തകർത്തതോടെയാണ് ലിവർപൂൾ കിരീടം ഉറപ്പിച്ചത്. അഞ്ച് വർഷത്തിന് ശേഷമാണ് ലിവർപൂൾ ലീഗ് കിരീടം നേടുന്നത്. ഇതോടെ മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ 20 കിരീടമെന്ന റെക്കോർഡിന് ഒപ്പവും ലിവർപൂൾ എത്തി. നാല് കളികൾ അവശേഷിക്കെയാണ് ചെമ്പടയുടെ കിരീടധാരണം.


12-ാം മിനിറ്റിലെ ഡൊമനിക് സൊളാങ്കയുടെ ഗോളിലൂടെ ടോട്ടനം ലീഡ് നേടിയെങ്കിലും പിന്നീടങ്ങോട്ട് ലിവർപൂൾ കൊടുങ്കാറ്റായി മാറുകയായിരുന്നു. ലൂയിസ് ഡയസ്(16), അലക്സിസ് മക്കാലിസ്റ്റർ (24), കോഡി ഗാപ്കൊ (34), മുഹമ്മദ് സല (63) എന്നിവർ ലിവർപൂളിനായി ​ഗോൾ കണ്ടെത്തി. ടോട്ടനത്തിന്റെ ഡസ്റ്റിനി ഉദോഗി (69) സെൽഫ് ഗോളും വഴങ്ങിയതോടെ സ്കോർ 5-1 എന്നായി.



Also Read: 2714 പന്തില്‍ 4000 റണ്‍സ്; ഐപിഎല്ലില്‍ ചരിത്രമെഴുതി സൂര്യ കുമാര്‍ യാദവ്



സീസണിൽ ലീഗിലെ 34 മത്സരങ്ങളിൽ രണ്ട് മത്സരങ്ങളിൽ മാത്രമാണ് ലിവർപൂൾ തോൽവിയറിഞ്ഞത്. ലിവർപൂളിന് 34 കളികളിൽ 25 ജയവും ഏഴു സമനിലയും രണ്ടു തോൽവിയുമായി 82 പോയിന്റായി. രണ്ടാമതുള്ള ആഴ്സനലിന് 34 കളികളിൽ 67 പോയിന്റാണുള്ളത്. സൂപ്പർതാരം മുഹമ്മദ് സലായുടെ മിന്നും ഫോമാണ് ടീമിനെ കിരീടത്തിനായുള്ള പോരാട്ടത്തിന് കരുത്തായത്. 28 ഗോളുകളും 18 അസിസ്റ്റുമാണ് പ്രീമിയർ ലീഗിൽ മുഹമ്മദ് സല ഇതുവരെ നേടിയത്. ടോട്ടനത്തിനെതിരെ ഗോൾ നേടിയതോടെ ഇംഗ്ലണ്ടിൽ ഏറ്റവുമധികം ഗോൾ നേടുന്ന വിദേശ താരമെന്ന അഗ്യൂറോയുടെ റെക്കോർഡും സല മറികടന്നു.



ഇഎഫ്എൽ കപ്പ് ഫൈനലിൽ തോറ്റ ലിവർപൂളിന് പ്രീമിയർ ലീഗ് കിരീടം കരുത്തായി. ഇത്തവണയും പെപ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിക്കായിരുന്നു ലീ​ഗ് കിരീട സാധ്യത കല്പിക്കപ്പെട്ടിരുന്നത്.  തുടരെ അഞ്ചാം തവണയും ചാംപ്യന്മാരാകാൻ ഇറങ്ങിയ സിറ്റിയെ തടയാൻ ആരും ഇല്ലെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ ചുവപ്പൻ പടയുടെ പ്രകടനം പ്രവചനങ്ങളെ മറികടന്നു. ആദ്യത്തെ 13 കളികളില്‍ 11ലും ജയിച്ച് ലിവർപൂൾ അജയ്യരായി തേരോട്ടം നടത്തിയപ്പോൾ സിറ്റിയടക്കമുള്ള മറ്റ് ടീമുകൾ വെറും കാഴ്ചക്കാരായി.

Also Read: ഐപിഎൽ ചർച്ചയ്ക്കിടെ വിഷയം മാറിപ്പോയി; അമിത് മിശ്രയെ കണക്കിന് കളിയാക്കി സെവാഗ്


യര്‍ഗന്‍ ക്ലോപ്പിന് പകരക്കാരനായി ചുമതലയേറ്റെടുത്ത ആദ്യ സീസണിൽ തന്നെ ടീമിനെ കിരീടത്തിലെത്തിക്കാനായത് പരിശീലകൻ ആർനെ സ്ലോട്ടിന് നേട്ടമായി. സ്ലോട്ടിന്‍റെ മികവില്‍ ആശങ്കകൾ ഉയർത്തിയ വിമർശകർക്കുള്ള മറുപടി കൂടിയാണ് ഈ കിരീടനേട്ടം.


WORLD
കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി; ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ
Also Read
user
Share This

Popular

KERALA
NATIONAL
ഹെഡ്ഗേവാർ വിവാദം: പാലക്കാട് നഗരസഭയിൽ തല്ലുമാല, ബിജെപി-പ്രതിപക്ഷ കൗൺസിലർമാർ ഏറ്റുമുട്ടി