കോഴിക്കോട് കീഴരിയൂര്‍, തുറയൂര്‍ വില്ലേജുകളില്ലായി 10 ഏക്കറിലധികം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നതാണ് തങ്കമല ക്വാറി.
പ്രതീകാത്മക ചിത്രം
വയനാട് ചൂരൽമലയും കോഴിക്കോട് വിലങ്ങാടും ദുരന്തത്തിൻ്റെ ഭീതിയിൽ നിന്ന് വിട്ടുമാറിയിട്ടില്ല. പ്രകൃതിയാണ് ഈ പ്രദേശങ്ങളെ വിഴുങ്ങിയതെങ്കിൽ കോഴിക്കോട് തങ്കമലയെ കാത്തിരിക്കുന്നത് മനുഷ്യ നിർമിതദുരന്തമാണ്. ഒരു ശക്തമായ മഴ പെയ്താൽ, വലിയ പാറകളെ തുരന്നെടുത്ത് കൂമ്പാരമാക്കി വെച്ചിരിക്കുന്ന കല്ലും മണ്ണുമെല്ലാം നൂറുകണക്കിന് വീടുകളെ ബാധിക്കുന്ന മലവെള്ളപ്പാച്ചിലായി മാറിയേക്കുമെന്നാണ് റിപ്പോർട്ട്.
കോഴിക്കോട് കീഴരിയൂര്‍, തുറയൂര്‍ വില്ലേജുകളില്ലായി 10 ഏക്കറിലധികം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നതാണ് തങ്കമല ക്വാറി. ഐസക്ക് ജേക്കബെന്ന വ്യാപാരിയുടെ പയ്യോളി ഗ്രാനൈറ്റ്സ് കമ്പനിയിൽ നിന്നുമാണ് ഈ ക്വാറി ദേശീയ പാത നിർമ്മാണ കരാർ കമ്പനിയായ വഗാഡ് ഏറ്റെടുക്കുന്നത്.
ഖനനാനുമതി ലഭിച്ചതിനേക്കാൾ കൂടുതൽ പാറകൾ തുരന്നാണ് കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നത്. ഖനനത്തിന്‍റെ ഭാഗമായി ജനവാസ കേന്ദ്രത്തിന് സമീപം വലിയ ഗർത്തവും രൂപപ്പെട്ടിട്ടുണ്ട്. ഈ പ്രദേശം ഇപ്പോൾ ഉരുൾപൊട്ടൽ ഭീഷണി നേരിടുകയാണ്. ഒരു ചെറിയ മഴ പെയ്‌താൽ പോലും ഈ മണ്ണ് വെള്ളം സംഭരിക്കുകയും, ഒരു പരിധി കഴിഞ്ഞാൽ മണ്ണും വെള്ളവുമായി മലവെള്ളം പോലെ താഴേക്ക് കുത്തിയൊലിക്കാറുമുണ്ട്. മഴക്കാലമായതോടെ ക്വാറിക്ക് സമീപം പലഭാഗത്തും മണ്ണ് ഇടിയുന്നതും സ്ഥിരമാണ്. ഈ പരിസരത്ത് താമസിക്കുന്ന നിരവധി പേരുടെ ജീവനും സ്വത്തിനുമാണ് ക്വാറി ഇപ്പോൾ ഭീഷണിയാകുന്നത്. പാറമടയിൽ നിന്ന് വെള്ളവും കല്ലുമൊക്കെ പൊട്ടിഒഴുകി വലിയൊരു ദുരന്തത്തിന് കാരണാമാകുമെന്ന ഭയത്തിലാണ് പ്രദേശവാസികൾ .