അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയുടെ ജേണലിൽ ഇടം നേടിയിരിക്കുകയാണ് ക്ലിപ്പ് ആൻറ് ബ്ലു പ്ലേസ്മെൻ്റ് ചികിത്സാരീതി
സ്തനാർബുദ ചികിത്സയ്ക്ക് ചെലവ് കുറഞ്ഞ ശാസ്ത്രീയ രീതി വികസിപ്പിച്ച് മലയാളി ഡോക്ടർമാർ. ക്ലിപ്പ് ആൻറ് ബ്ലു പ്ലേസ്മെൻ്റ് എന്ന പുതിയ ചികിത്സാ രീതിയാണ് ആലുവ രാജഗിരി ആശുപത്രിയിലെ ഓങ്കോളജി വിഭാഗം ഡോക്ടർമാർ വികസിപ്പിച്ചെടുത്തത്. അമേരിക്കൻ സൊസൈറ്റി ഓഫ് ക്ലിനിക്കൽ ഓങ്കോളജിയുടെ ജേണലിൽ ഇടം നേടിയിരിക്കുകയാണ് ക്ലിപ്പ് ആൻറ് ബ്ലു പ്ലേസ്മെൻ്റ് ചികിത്സാരീതി.
ശസ്ത്രക്രിയ സമയത്ത് ട്യൂമർ കൃത്യമായി തിരിച്ചറിഞ്ഞ് നീക്കം ചെയ്യാൻ സഹായിക്കുന്ന പുതിയ രീതിയാണ് മലയാളി ഡോക്ടർമാരുടെ സംഘം വികസിപ്പിച്ചത്. ഈ ചികിത്സാരീതിയിലൂടെ ട്യൂമർ മാത്രം കൃത്യമായി തിരിച്ചറിയാനാവുമെന്നതിനാൽ സ്തനം പൂർണമായി നീക്കം ചെയ്യേണ്ട അവസ്ഥ ഒഴിവാകും. ശസ്ത്രക്രിയയ്ക്ക് ശേഷവും സ്തനത്തിൻ്റെ സ്വാഭാവിക ആകൃതി നഷ്ടപ്പെടില്ലെന്നതാണ് സവിശേഷത. ക്യാൻസർ ഉള്ള ഭാഗം കൃത്യമായി കണ്ടത്താൻ കഴിയുന്നത് കൊണ്ട് ആ ഭാഗം മാത്രം നീക്കം ചെയ്യാൻ സാധിക്കും. നേരത്തേയുള്ള ചികിത്സാ രീതികളിൽ കൃത്യതക്കുറവ് കാരണം കൂടുതൽ ഭാഗം മാറ്റേണ്ടി വന്നിരുന്നു.
ട്യൂമർ തിരിച്ചറിയാനായി നിലവിൽ പിന്തുടരുന്ന മാർക്കിങ്ങ് രീതിക്ക് 15,000 മുതൽ ഇരുപതിനായിരത്തോളം രൂപ ചെലവ് വരുന്നുണ്ട്. എന്നാൽ പുതിയ രീതിയിലൂടെ 1500 രൂപയായി കുറക്കാനും കൂടുതൽ കൃത്യത കൈവരിക്കാനും സാധിക്കും.