നിയമനവിവാദത്തിൽ എം.കെ. രാഘവന് എതിരെ കോൺഗ്രസിൽ കലാപം രൂക്ഷമാകുന്നതിനിടെ വി.ഡി. സതീശൻ്റെ നേതൃത്വത്തിൽ നടന്ന കൂടിക്കാഴ്ചയും ഫലം കണ്ടില്ല
കോൺഗ്രസിന് തലവേദനയായിരിക്കുകയാണ് മാടായി കോളേജ് നിയമന വിവാദം. ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരെത്തി പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. ജയരാജനെതിരെ കയ്യേറ്റം നടത്താൻ ശ്രമിച്ചതുവരെയെത്തി കാര്യങ്ങൾ. മാടായി നിയമന പ്രശ്നം തീർക്കാതെ പൊതു പരിപാടിയിൽ പങ്കെടുക്കുവാൻ സമ്മതിക്കില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം.
നിയമനത്തിൽ കോഴ വിവാദം ഉയർന്നതോടെ പ്രശ്നം പരിഹരിക്കാൻ കോൺഗ്രസിൽ തിരക്കിട്ട ശ്രമം നടക്കുകയാണ്. നിയമനവിവാദത്തിൽ എം.കെ. രാഘവന് എതിരെ കോൺഗ്രസിൽ കലാപം രൂക്ഷമാകുന്നതിനിടെ വി.ഡി. സതീശൻ്റെ നേതൃത്വത്തിൽ നടന്ന കൂടിക്കാഴ്ചയും ഫലം കണ്ടില്ല. പ്രാദേശിക വിഷയം മാത്രമെന്ന് വി.ഡി. സതീശൻ പ്രതികരിച്ചപ്പോൾ, പ്രതിഷേധം അനുചിതമെന്നും കെ. സുധാകരൻ ഉചിതമായ തീരുമാനമെടുക്കണമെന്നും കെ. മുരളീധരൻ പറഞ്ഞു.
മാടായി കോളേജിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ ഉൾപ്പടെ നാലുപേർക്ക് നിയമനം നൽകിയതുമായി ബന്ധപ്പെട്ട് എം.കെ. രാഘവൻ എംപിക്ക് എതിരെ കോൺഗ്രസിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിലായിരുന്നു ഇന്നത്തെ കൂടിക്കാഴ്ച. കോൺഗ്രസിൻ്റെ മുതിർന്ന നേതാവും, എംപിയുമായ എം.കെ. രാഘവൻ്റെ കോലം കത്തിച്ചുള്ള കടുത്ത പ്രതിഷേധത്തിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കടന്നതോടെയാണ് പ്രതിപക്ഷ നേതാവിൻ്റെ നീക്കം. പ്രശ്നം ഇനിയും പരിഹരിച്ചില്ലെങ്കിൽ കൈ പൊള്ളുമെന്ന് മനസിലായതോടെ നടത്തിയ നീക്കവും വിജയിച്ചില്ല.
കണ്ണൂരിലെത്തിയ പ്രതിപക്ഷ നേതാവ് എം.കെ.രാഘവനും, പ്രതിഷേധത്തിൽ നടപടി നേരിട്ട നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. മാടായിലേത് പ്രാദേശിക വിഷയം മാത്രമാണെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള വി.ഡി. സതീശന്റെ പ്രതികരണം. പ്രതി ഇടപ്പെട്ട് പ്രശ്നം പരിഹരിക്കുമെന്ന് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് വിവാദത്തിന്റെ ഗൗരവം പറയാതെ പറഞ്ഞുവെച്ചു. മുതിർന്ന നേതാക്കളെയും യുവാക്കളെയും ഒരുപോലെ ബ്ലെൻഡ് ചെയ്തുകൊണ്ടുപോകുമെന്നും സതീശൻ പറയുന്നു.
മാടായി നിയമന വിവാദത്തിൽ എംപിക്കെതിരായ പരസ്യ പ്രതിഷേധം അംഗീകരിക്കാൻ കഴിയില്ലെന്നും, കെപിസിസി അധ്യക്ഷൻ ഉചിതമായ തീരുമാനമെടുക്കുമെന്നുമായിരുന്നു കെ. മുരളീധരൻ്റെ പക്ഷം. പ്രശ്നങ്ങൾ ജില്ലാ നേതൃത്വത്തെ അറിയിക്കണമായിരുന്നുവെന്നും കെ. മുരളീധരൻ അഭിപ്രായപ്പെട്ടു. എന്നാൽ കണ്ണൂർ കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന് വിഷയത്തിൽ അതൃപ്തിയുണ്ടെന്നാണ് റിപ്പോർട്ട്. നിയമനവിവാദത്തിന് പിന്നാലെ കഴിഞ്ഞ ദിവസം കോഴ ആരോപണവുമായി ഉദ്യോഗാർത്ഥി രംഗത്ത് വന്നിരുന്നു. ഇതോടെ വിവാദത്തിന് പുതിയ മാനങ്ങൾ ഉണ്ടാകുകയാണ്.