ജോധ്പൂർ, ഉദയ്‍പൂർ അമ്പലങ്ങൾ തകർത്താണ് പള്ളി നിർമിച്ചിരിക്കുന്നതെന്നും ഹർജിക്കാരൻ അവകാശപ്പെടുന്നു. അമ്പലത്തിലെ വിഗ്രഹങ്ങൾ പൊളിച്ച അവശിഷ്ടങ്ങൾ ഉപയോഗിച്ചാണ് പള്ളിയുടെ പടിക്കെട്ടുകൾ നിർമിച്ചിരിക്കുന്നതെന്നും ഔറംഗസേബിൻ്റെ കാലത്താണ് ഇതെല്ലാം സംഭവിച്ചിരിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.
രാജ്യത്ത് മുസ്ലിം പള്ളികൾക്ക് മേൽ ഹിന്ദുത്വ വർഗീയ ശക്തികളുടെ കടന്നാക്രമണം വർധിക്കുകയാണ്.ബാബറി മസ്ജിദ് മുതൽ സംഭലിലെ ഷാഹി ജമാ മസ്ജിദ് വരെ അതിനുദാഹരണങ്ങൾ.സമീപകാലത്ത് നിരവധി പളളിത്തർക്കങ്ങളാണ് ഉയർന്നുവന്നത്.
ഉത്തർപ്രദേശിലെ വാരാണസിയിൽ നിലകൊള്ളുന്ന ഗ്യാൻവാപി പള്ളി. കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നു നിൽക്കുന്ന ഈ പള്ളിയെപ്പറ്റിയുള്ള വാദങ്ങളാണ് ബാബറി മസ്ജിദിന് ശേഷം രാജ്യത്ത് ഏറ്റവും വലിയ വർഗീയ വിഭജനത്തിനായി ഹിന്ദുത്വ ശക്തികൾ ഉപയോഗിക്കുന്നത്. 1991 ലാണ് ഗ്യാൻവാപി പള്ളിയുമായി ബന്ധപ്പെട്ട നിയമ വ്യവഹാരം ആരംഭിക്കുന്നത്. 16-ാം നൂറ്റാണ്ടിൽ ഔറംഗസേബിൻ്റെ ഭരണകാലത്ത് കാശി വിശ്വനാഥ ക്ഷേത്രത്തിൻ്റെ ഒരു ഭാഗം തകർത്ത് മസ്ജിദ് നിർമിച്ചു എന്നാണ് ഹർജിക്കാരുടെ വാദം. മസ്ജിദിൻ്റെ നിർമാണവുമായി ബന്ധപ്പട്ട വസ്തുതുകൾ കണ്ടെത്താനായി പുരാവസ്തു സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് പിന്നീട് വാരാണസി കോടതിയിൽ മറ്റൊരു ഹർജിയും സമർപ്പിക്കപ്പെട്ടു. പിന്നാലെ ആരാധനാലയ നിയമം ചൂണ്ടിക്കാണിച്ച് മസ്കജിദ് കമ്മറ്റി എതിർ സത്യവാങ്മൂലം സമർപ്പിച്ചു.
അഖില ലോക് സനാതന്‍ സംഘിൻ്റെ പ്രതിനിധികളായ അഞ്ചു സ്ത്രീകള്‍ 2022 ല്‍ ഹര്‍ജി നൽകിയതോടെയാണ് ഗ്യാന്‍വാപി വിഷയം വീണ്ടും ചർച്ചയാകുന്നത്. ഹിന്ദു ദൈവങ്ങളുടെ നിത്യാരാധന പള്ളിയിൽ അനുവദിക്കണമെന്നായിരുന്നു ഹര്‍ജി. തുടര്‍ന്ന് സര്‍വെ നടത്താന്‍ വാരാണസി കോടതി കമ്മീഷനെ നിയോഗിക്കുന്നു. ഇതിനെതിരെ മേല്‍ കോടതികളെ പള്ളി കമ്മിറ്റി സമീപിച്ചു.എന്നാൽ അനുമതിയുണ്ടായില്ല.വീഡിയോ സര്‍വേയില്‍, പള്ളിയില്‍ നിസ്‌കരിക്കാന്‍ വരുന്നവര്‍ അംഗ ശുദ്ധി വരുത്താന്‍ ഉപയോഗിക്കുന്ന കുളത്തില്‍ കണ്ട ഒരു നിർമിതി ശിവലിംഗമാണെന്ന് ഹിന്ദു സംഘടന അവകാശപ്പെട്ടു. എന്നാലത് കുളത്തിലെ ജലധാരയുടെ തലപ്പ് ആണെന്ന് പള്ളി കമ്മിറ്റി വാദിച്ചു.2021 ഏപ്രിലിൽ സർവേ നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വാരാണസി കോടതി ഇന്ത്യൻ പുരാവസ്തു വകുപ്പിനോട് നിർദേശിച്ചു. എന്നാൽ ഉത്തർപ്രദേശ് സുന്നി സെൻട്രൽ വഖഫ് ബോർഡും മസ്ജിദ് കമ്മിറ്റിയും രംഗത്തെത്തിയതോടെ വാദം നീണ്ടു.തുടർന്ന് കേസിലുള്ള എല്ലാവരുടെയും വാദം കേട്ട കോടതി സർവേയ്ക്കുള്ള അനുമതി ഇടക്കാലത്തേക്ക് സ്റ്റേ ചെയ്തു. കേസിൽ ഡിസംബർ 17 ന് വാരാണസി കോടതി വീണ്ടും വാദം കേൾക്കും.
Also Read; യുപിയിൽ 180 വർഷത്തിലേറെ പഴക്കമുള്ള പള്ളിയുടെ ഒരു ഭാഗം തകർത്തു; സംഘർഷത്തെ തുടർന്ന് പ്രദേശത്ത് കനത്ത സുരക്ഷ
ഉത്തർപ്രദേശിലെ ജൗൻപൂരിലെ അടാല മസ്ജിദിനെതിരെ ഹർജി ഫയൽ ചെയ്ത് ഹിന്ദു സംഘടനായ സ്വരാജ് വാഹിനി അസോസിയേഷനാണ് അവകാശവാദവുമായി രംഗത്തെത്തിയത്. മസ്ജിദ് യഥാർത്ഥത്തിൽ അടാല ദേവി മന്ദിർ ആണെന്ന് അവകാശപ്പെട്ട് സ്വരാജ് വാഹിനി അസോസിയേഷൻ പ്രതിനിധി സന്തോഷ് കുമാർ മിശ്ര ഹർജി നൽകി. സനാതന മതത്തിൻ്റെ അനുയായികൾക്ക് അവിടെ ആരാധന നടത്താനുള്ള അവകാശമുണ്ടെന്നും അതിന് നിയമപരമായി അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് ജൗൻപൂർ സിവില്‍ കോടതിയിലാണ് ഹർജി ഫയല്‍ ചെയ്തത്. മസ്ജിദിൽ അഹിന്ദുക്കൾ പ്രവേശിക്കുന്നത് തടയാൻ നിർബന്ധിത നിരോധനാജ്ഞ പ്രഖ്യാപിക്കണമെന്നും ആവശ്യം ഉയർന്നു. എന്നാൽ ഹർജിക്കെതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് മസ്ജിദ് കമ്മിറ്റി . 14-ാം നൂറ്റാണ്ട് മുതൽ മുസ്ലീങ്ങൾ പ്രാർത്ഥന നടത്തി വരുന്ന പള്ളിയാണിതെന്നായിരുന്നു പള്ളി കമ്മിറ്റിയുടെ മറു വാദം. 2020 മുതൽ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിൽ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരടങ്ങുന്ന മൂന്നംഗ പ്രത്യേക ബെഞ്ച് ഡിസംബർ 12 ന് വാദം കേൾക്കും.
മുഗള്‍ ഭരണാധികാരി ബാബര്‍ 1529-ല്‍ ഹരിഹര്‍ മന്ദിര്‍ തകര്‍ത്ത് ജമാ മസ്ജിദ് പണികഴിപ്പിച്ചെന്ന് ആരോപിച്ച് ഹിന്ദു സംഘടനകള്‍ നവംബര്‍ 19 ന് സംഭലിലെ പ്രാദേശിക കോടതിയെ സമീപിക്കുന്നു. മുഗൾ കാലഘട്ടത്തില്‍ വിഷ്ണു ക്ഷേത്രം തകർത്ത് ബാബർ, പള്ളി നിർമിച്ചുവെന്നാണ് ഉത്തർപ്രദേശിലെ സംഭൽ ജില്ലയിലെ ഷാഹി ജമാ മസ്ജിദിനെ ചുറ്റിപറ്റിയുള്ള വിവാദം. ഷാഹി ജമാ മസ്ജിദ് പള്ളിയല്ല, ക്ഷേത്രമാണെന്ന് അവകാശപ്പെട്ട് തീവ്ര ഹിന്ദുത്വ അഭിഭാഷകൻ ഹരി ശങ്കർ ജെയിൻ ഉൾപ്പെടെ എട്ട് പേരാണ് ഹർജി സമർപ്പിച്ചത്. പള്ളിക്കുള്ളിൽ ഹരിഹർ മന്ദിറിൻ്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നും, ജമാ മസ്ജിദ് സംരക്ഷണ സമിതി നിയമവിരുദ്ധമായി ഈ സ്ഥലം ഉപയോഗിക്കുകയാണെന്നും ഹർജിക്കാർ വാദിച്ചു. തുടർന്ന് കേസ് പരിഗണിച്ച യുപിയിലെ പ്രാദേശിക സിവിൽ കോടതിയാണ് സർവേയ്ക്ക് ഉത്തരവിട്ടത്. ഈ ഉത്തരവ് പുറത്തുവന്ന് മണിക്കൂറുകൾക്കകം അഭിഭാഷക കമ്മീഷണർ പ്രദേശത്തെത്തി സർവേ നടത്തിയതോടെയാണ് സംഭലിൽ സംഘർഷം തുടരുന്നത്. തുടർന്ന് തിരക്കിട്ട് സർവെ നടത്താനെത്തിയ ഉദ്യോഗസ്ഥർക്കെതിരെ ജനക്കൂട്ടം പ്രതിഷേധിച്ചത് വലിയ പ്രശ്നങ്ങൾക്കിടയാക്കി. തുടർന്ന് പൊലീസ് നടത്തിയ വെടിവെപ്പിൽ 5 പേർ കൊല്ലപ്പെട്ടു, നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. നിലവിൽ സംഭലിലെ സര്‍വേയുമായി ബന്ധപ്പെട്ട തുടര്‍ നടപടികള്‍ സുപ്രിംകോടതി തടഞ്ഞിരിക്കുകയാണ്. ജനുവരി എട്ട് വരെ ഒരു നടപടിയും സ്വീകരിക്കരുതെന്നാണ് സുപ്രിംകോടതി നിര്‍ദേശം.
Also Read; യുപിയിലെ അടാല മസ്ജിദിന് മേൽ അവകാശവാദം; ഹർജി സമർപ്പിച്ച് ഹിന്ദു സംഘടന
ഉത്തർപ്രദേശിൽ 185 വർഷം പഴക്കമുള്ള മസ്ജിദിൻ്റെ മിനാരങ്ങൾ ഉൾപ്പെടെയുള്ള പ്രധാന ഭാഗങ്ങൾ ജില്ലാ ഭരണകൂടം പൊളിച്ചു മാറ്റുന്നു. റോഡ് കയ്യേറിയാണ് പള്ളിയുടെ നിർമാണമെന്നായിരുന്നു ആരോപണം. സംഘർഷവും പ്രതിഷേധവും ഭയന്ന് 25,000 പേരെ വീട്ടുതടങ്കലിലാക്കിയതായും റിപ്പോർട്ടുകൾ വന്നു. കയ്യേറ്റം സംബന്ധിച്ച് ജില്ലാഭരണകൂടത്തിൻ്റെ നോട്ടീസ് ചോദ്യം ചെയ്ത് കൊണ്ടുള്ള മസ്ജിദിൻ്റെ ഹർജി അലഹബാദ് ഹൈക്കോടതി ഡിസംബർ 13ന് പരിഗണിക്കാനിരിക്കെയാണ് നടപടി.
ഉത്തർപ്രദേശിലെ ലക്നൗവിലുള്ള മസ്ജിദിൽ അവകാശവാദമുന്നയിച്ചു കൊണ്ട് 2013 ൽ ലക്നൗ കോടതിക്ക് മുമ്പാകെ സിവിൽ സ്യൂട്ട്. മുഗൾ ഭരണാധികാരി ഔറംഗസേബിന്‍റെ കാലത്ത് ഹിന്ദുമത കെട്ടിടം തകർത്താണ് പള്ളി നിർമ്മിച്ചതെന്നാണ് ആരോപണം. എന്നാൽ പരാതി സ്വീകരിക്കരുതെന്ന് മസ്ജിദ് മാനേജ്മെൻ്റ് കമ്മിറ്റിയുടെ വാദം കോടതി തള്ളി. ഈ ഉത്തരവിനെതിരെ സമർപ്പിച്ച റിവിഷൻ ഹർജിയും അഡീഷണൽ ജില്ലാ കോടതി തള്ളി. പിന്നാലെ ഈ ഉത്തരവുകളെ ചോദ്യം ചെയ്ത് മസ്ജിദ് ജില്ലാ കമ്മറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. മസ്ജിദിൻ്റെ പരിസരത്ത് മതചടങ്ങുകൾ നടത്തുന്നതിൽ നിന്ന് മുസ്ലിം സമുദായത്തെ വിലക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു സ്യൂട്ടും ഫയൽ ചെയ്യപ്പെട്ടു. മസ്ജിദ് മാനേജ്മെൻ്റ് റിവിഷൻ ഹർജി നൽകിയെങ്കിലും ഈ വർഷം ഫെബ്രുവരിയിൽ അതും തള്ളി.
പുരാതനകാല ഹിന്ദു ക്ഷേത്രങ്ങളുടെ സ്ഥാനത്താണ് ദർഗ നിർമ്മിച്ചിരിക്കുന്നതെന്നാണ് ഹിന്ദുത്വ സംഘടനയായ മഹാറാണ പ്രതാപ് സേനയുടെ ആരോപണം. മുസ്ലിം ഭരണാധികാരികളുടെ കാലത്ത് ക്ഷേത്രങ്ങൾക്ക് രൂപമാറ്റം വരുത്തിയാണ് ദർഗ നിർമ്മിച്ചതെന്നും അവകാശവാദം. 2024 സെപ്തംബറിൽ ഹിന്ദുസേന മേധാവി വിഷ്ണു ഗുപ്ത അജ്മീർ കോടതിയിൽ സ്യൂട്ട് ഫയൽ ചെയ്തു. ഡിസംബർ 20 ന് കേസിൽ വാദം കേൾക്കും.
Also Read; സംഘര്‍ഷഭരിതമാകുന്ന സംഭല്‍; ബാബ്റിക്ക് പിന്നാലെ സംഘപരിവാര്‍ ലക്ഷ്യമിടുന്നത്
ഉത്തർപ്രദേശിലെ മഥുരയിൽ ശ്രീകൃഷ്ണൻ്റെ ജന്മ സ്ഥലത്തുള്ള ക്ഷേത്രം തകർത്താണ് മുഗൾ ചക്രവർത്തി ഔറംഗസേബിൻ്റെ കാലത്ത് ഷാഹി ഈദ്ഗാഹ് മസ്ജിദ് പണികഴിപ്പിച്ചതെന്നാണ് ആരോപണം. ക്ഷേത്രം നിലനിൽക്കുന്ന ഭൂമി കൈവശം വെയ്ക്കാനും ശ്രീകൃഷ്ണ പ്രതിമയ്ക്കായി സ്ഥലം വിട്ടു നൽകണമെന്നും ക്ഷേത്രം പുനർനിർമിക്കണമെന്നും ആവശ്യപ്പെട്ട് നിലവിൽ പതിനഞ്ചിലധികം ഹർജികളാണുള്ളത്. ഹർജി പരിഗണിച്ച അലഹബാദ് ഹൈക്കോടതി സർവേയ്ക്ക് അനുമതി നൽകി. ഇത് സുപ്രിംകോടതി ശരിവെക്കുകയും ചെയ്തു. എന്നാൽ സർവേ ഇതുവരെ നടന്നിട്ടില്ല.
ഹിന്ദുത്വ ശക്തികൾ മുസ്ലിം പള്ളികളിൽ അവകാശവാദമുന്നയിക്കുന്ന പ്രവണതയുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ഡൽഹി ജമാ മസ്ജിദ്. മസ്ജിദിന്‍റെ പൈതൃകം സംബന്ധിച്ച് പരിശോധന ആവശ്യപ്പെട്ട് ഹിന്ദുത്വ സംഘടന ആർക്കിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ ജനറലിന് കത്ത് നൽകിയിരിക്കുകയാണ്. ഹിന്ദുദൈവങ്ങളുടെ വിഗ്രഹം പള്ളിക്കുള്ളിൽ കുഴിച്ചിട്ടിട്ട് ഉണ്ടെന്നാണ് ഹർജിയിലെ അവകാശ വാദം.
ജോധ്പൂർ, ഉദയ്‍പൂർ അമ്പലങ്ങൾ തകർത്താണ് പള്ളി നിർമിച്ചിരിക്കുന്നതെന്നും ഹർജിക്കാരൻ അവകാശപ്പെടുന്നു. അമ്പലത്തിലെ വിഗ്രഹങ്ങൾ പൊളിച്ച അവശിഷ്ടങ്ങൾ ഉപയോഗിച്ചാണ് പള്ളിയുടെ പടിക്കെട്ടുകൾ നിർമിച്ചിരിക്കുന്നതെന്നും ഔറംഗസേബിൻ്റെ കാലത്താണ് ഇതെല്ലാം സംഭവിച്ചിരിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.