ഔട്ടർ ബണ്ട് നിർമാണം തുടങ്ങാതെ പിരിഞ്ഞു പോകില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് താന്തോണി തുരുത്തുകാർ
കൊച്ചിയിലെ താന്തോണി തുരുത്തുകാരുടെ രാപ്പകൽ സമരം ഇന്ന് മൂന്നാം ദിവസത്തിലേക്ക്. പ്രായമായവരും കുഞ്ഞുങ്ങളുമടക്കമുള്ളവർ ജിഡ ഓഫീസിന് മുന്നിലാണ് രാപ്പകൽ സമരത്തിലിരിക്കുന്നത്. പ്രതിഷേധത്തെ തുടർന്ന് രണ്ടു ദിവസമായി ജിഡ ഓഫീസ് ജീവനക്കാർക്കും ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. സമരം ഒത്തുത്തീർപ്പാക്കാൻ അധികൃതർ ആരും ഇതുവരെയും നാട്ടുകാരുമായി ബന്ധപ്പെട്ടിട്ടില്ല എന്നാണ് പരാതി. ഔട്ടർ ബണ്ട് നിർമാണം തുടങ്ങാതെ പിരിഞ്ഞു പോകില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് താന്തോണി തുരുത്തുകാർ.
വർഷങ്ങളായി അനുഭവിക്കുന്ന ദുരിതത്തിന് ശാശ്വതമായ പരിഹാരം കാണാനാണ് കഴിഞ്ഞദിവസം മൂന്ന് ദിവസമായി താന്തോണി തുരുത്തുകാർ ജിഡ ഓഫീസ് ഉപരോധിക്കുന്നത്. ജോലി കളഞ്ഞും പഠിപ്പു മുടക്കിയും പകലുമുഴുവൻ പ്രതിഷേധിച്ചിട്ടും അധികൃതർ ആരും ഇടപെട്ടില്ല എന്നാണ് സമരക്കാർ പറയുന്നത്.
അതേസമയം സിആർസെഡ് അനുമതി ലഭിക്കാൻ ഉടൻ തന്നെ സാധ്യമായതെല്ലാം ചെയ്യാമെന്ന് മന്ത്രി പി. രാജീവ് ഉറപ്പു നൽകിയിരുന്നു. എന്നാൽ വാക്കുകളിൽ വിശ്വാസം നഷ്ടപ്പെട്ട നാട്ടുകാർ മന്ത്രിയുടെ ഉറപ്പിനെയും അവഗണിച്ചാണ് ജിഡ ഓഫീസിന് മുന്നിൽ സമരം തുടരുന്നത്.