fbwpx
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്: മൂന്നാം സ്ഥാനാർഥി പട്ടികയും പുറത്തുവിട്ട് കോണ്‍ഗ്രസ്
logo

ന്യൂസ് ഡെസ്ക്

Last Updated : 27 Oct, 2024 11:21 AM

ഇതോടെ മത്സരരംഗത്തുള്ള ആകെ കോൺഗ്രസ് സ്ഥാനാർഥികളുടെ എണ്ണം 87 ആയി

ASSEMBLY POLL 2024


മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം ഘട്ട സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ച് കോൺഗ്രസ്. 16 പേരുടെ പട്ടികയാണ് പുറത്തുവിട്ടത്. ഒന്നാം ഘട്ടമായി 48 പേരുടെ പട്ടികയും രണ്ടാം ഘട്ടത്തില്‍ 23 പേരുടെയും പട്ടികയാണ് കോണ്‍ഗ്രസ് അവതരിപ്പിച്ചത്. ഇതോടെ മത്സരരംഗത്തുള്ള ആകെ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ എണ്ണം 87 ആയി. പാർട്ടിയുടെ ദീർഘകാല വക്താവ് സച്ചിൻ സാവന്താണ് അന്ധേരി വെസ്റ്റില്‍ മത്സരിക്കുന്നത്.

48 പേരുടെ ആദ്യ സ്ഥാനാർഥി പട്ടികയില്‍ പിസിസി അധ്യക്ഷന്‍ നാനാ പടോലെ, മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍, പ്രതിപക്ഷ നേതാവ് വിജയ് വഡേത്തിവാർ എന്നിവർ ഇടം പിടിച്ചിരുന്നു. സീറ്റ് വിഭജന ഘട്ടത്തില്‍ കോൺഗ്രസും ശിവസേനയും (ഉദ്ധവ് വിഭാഗം) തമ്മില്‍ തർക്കത്തിനു കാരണമായ നാഗ്‌പൂർ സൗത്ത് സീറ്റിലേക്ക് രണ്ടാം ലിസ്റ്റില്‍, കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് നേതാവ് ഗിരീഷ് കൃഷ്‌ണറാവു പാണ്ഡവ് ആണ് മണ്ഡലത്തിൽ മത്സരിക്കുക.

മഹാവികാസ് അഘാഡി സഖ്യത്തിലെ പ്രധാനകക്ഷികളായ കോൺഗ്രസും ശിവസേന ഉദ്ധവ് വിഭാഗവും എൻസിപി ശരദ് പവാർ വിഭാഗവും 85 വീതം സീറ്റുകളിലാണ് മത്സരിക്കുന്നതെന്നാണ് നേരത്തെ സഖ്യം അറിയിച്ചത്. ബാക്കിയുള്ള 23 സീറ്റുകളുടെ വിഭജനം ഓരോ പാർട്ടിയുടെയും സ്ഥാനാർഥി പട്ടികയുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുക.



സീറ്റ് വിഭജന ഘട്ടത്തില്‍ മഹാ വികാസ് അഘാഡി സഖ്യത്തിനുള്ളില്‍ അസ്വാരസ്യങ്ങളുള്ളതായി വാർത്തകള്‍ വന്നിരുന്നു. കോണ്‍ഗ്രസിന്‍റെ പ്രദേശിക നേതാക്കളുമായി ചർച്ച സാധ്യമല്ലായെന്നായിരുന്നു ശിവസേനയുടെ വാദം. എന്നാല്‍ സഖ്യത്തിനുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ലെന്ന് കോൺഗ്രസ് ഉറപ്പിച്ചുപറഞ്ഞു.

Also Read: വിമാനങ്ങള്‍ക്ക് വ്യാജ ഭീഷണിയില്‍ ഒരാള്‍ അറസ്റ്റില്‍; സാമൂഹിക മാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി കേന്ദ്രം

എന്നാല്‍, ഇന്ത്യ മുന്നണിയിലെ കോണ്‍ഗ്രസിന്‍റെ പ്രധാന സഖ്യകക്ഷിയായ സമാജ്‌വാദി പാർട്ടി (എസ്‌പി) സീറ്റ് വിഭജനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു. പാർട്ടി ആവശ്യപ്പെട്ട സീറ്റുകളിലേക്ക് സഖ്യത്തിലെ മറ്റ് കക്ഷികള്‍ സ്ഥാനാർഥികളെ നിശ്ചയിച്ചു കഴിഞ്ഞെന്നും, വഞ്ചിക്കപ്പെടുമോ എന്ന് ഭയപ്പെടുന്നതായും എസ്‌പി നേതാവ് അബു ആസ്മി ആരോപിച്ചു. സമാജ്‌വാദി പാർട്ടിക്ക് സീറ്റ് നല്‍കുന്നതില്‍ വിമുഖത കാണിക്കുന്നതായും ആസ്മി ചൂണ്ടിക്കാട്ടി.

മറുവശത്ത്, മഹായുതി സഖ്യത്തിലെ ഭാരതീയ ജനതാ പാർട്ടിയും എന്‍സിപി അജിത് പവാർ പക്ഷവും രണ്ട് സ്ഥാനാർഥി പട്ടികകൾ വീതം പുറത്തിറക്കി. സഖ്യത്തിലെ മറ്റൊരു പാർട്ടിയായ ശിവസേന ഏക്നാഥ് ഷിന്‍ഡെ വിഭാഗം ആദ്യ ഘട്ട പട്ടിക മാത്രമാണ് പുറത്തിറക്കിയിരിക്കുന്നത്. നവംബർ 20നാണ് മഹാരാഷ്ട്രയിലെ 288 മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 23നാണ് വോട്ടെണ്ണല്‍.

KERALA
ഗുരുനാഥന്‍, സുഹൃത്ത്, വഴികാട്ടി; വൈകാരികമായി എം.ടിക്ക് വിടചൊല്ലി സിനിമ- സാഹിത്യ- സാംസ്കാരിക ലോകം
Also Read
user
Share This

Popular

KERALA
KERALA
ഗുരുനാഥന്‍, സുഹൃത്ത്, വഴികാട്ടി; വൈകാരികമായി എം.ടിക്ക് വിടചൊല്ലി സിനിമ- സാഹിത്യ- സാംസ്കാരിക ലോകം